ശ്രീദേവി എസ്. കർത്ത

​തോട്ടക്കാരൻ

തോട്ടത്തിൽ പൂക്കളോടപ്പം ഇരിപ്പാണ് പൂച്ച
വാൽ അനങ്ങില്ല
കാൽ അനങ്ങില്ല
ഉടൽ നിവരില്ല
ഉറക്കമില്ല

എങ്കിലും സൂര്യൻ ചന്ദ്രൻ നിലാവ്
മഴ വെയിൽ വെള്ളം രാത്രി പകൽ സന്ധ്യ
എലാറ്റിനെയും തോട്ടത്തിന്റെ ഓരോ മൂലയിൽ നിന്ന്
കൃത്യമായി വലിച്ചു "ഞ്ചും ഞ്ചും' എന്ന്
പ്രപഞ്ചത്തിന്റെ മേൽ ഇടും

ചിലപ്പോൾ എല്ലാം കുരുക്കു മുറുക്കി തല കീഴാക്കീട്ടു ഒന്നിളകി ഇരുന്നൂന്നു തോന്നും
അപ്പോഴൊക്കെ "ഉയിരപ്പാ' എന്ന് ഞാൻ കയ്യെടുത്തു തൊഴും
ഭൂമി ഒന്ന് സ്തംഭിച്ചു വീണ്ടും "ങ്ങും ങ്ങും' എന്ന് തുടങ്ങും

ക്യാച്ചർ

റങ്ങാൻ കിടക്കുമ്പോൾ ഏതോ നായ വന്നിട്ട്
"ഞാനും' എന്ന് പറയുന്നു.
അത് കിടക്കയുടെ ഉത്തമ ഭാഗത്തു
തല വച്ചു തോന്നിയപോലെ കിടന്നു
പെട്ടെന്ന് ഉറങ്ങിപ്പോകുന്നു

ഒരിത്തിരി സ്ഥലത്ത് ഞാൻ ചുരുണ്ടു കിടക്കവേ
നായ അതിവേഗം സ്വപ്നത്തിൽ കടക്കുന്നു
കുറുകെ നടക്കുന്നു
ഭാഷയുടെ ക്ലാസ് തുടങ്ങുന്നു

"ഇത്തിരി മണ്ടിയാണല്ലോ' എന്നാരോ പറഞ്ഞെന്നു തോന്നി,
പിടച്ചുണരുമ്പോൾ
"ങും. സമയമെടുക്കും'
എന്നരോടാകാം നായ പറഞ്ഞതെന്ന്
ഞാൻ പരിഭ്രമിക്കുന്നു

മുറിയെന്ന തോന്നുന്ന ഒരു പ്രാചീന നിഴലിൽ
കൂറ്റനൊരു ചെന്നായ ഉണർന്നു കാത്തിരിക്കുകയാണ്
അതിന്റെ ഭാഷയിൽ.

തീരെ തിരക്കില്ലാത്ത നിലവിളി

നലിൽ ആരോ ഉണ്ട്.
അത് നിലവിളിക്കുന്നു
അത് കൈകാലിട്ടടിക്കുന്നു
"തുറക്ക് തുറക്ക്' എന്നലറുന്നു

കുറച്ചു മുൻപ് ഞാനൊരു
കോക്ക്ടൈൽ കഴിച്ചു
നറുനീണ്ടി സത്തിൽ നാരങ്ങ ചേർത്ത്‌.
അതിന് ഒരു മണിക്കൂർ മുൻപ്
രണ്ടു വെബ് സിനിമകൾ കണ്ടു

തണുത്ത നിലത്തു കിടന്ന്, ചൂട് മറന്ന്.
പിന്നെ ഒന്നരമണിക്കൂർ
ഫോണിൽ സംസാരിച്ചു
ചാഞ്ഞും ചരിഞ്ഞുമിരുന്ന് സ്വസ്ഥമായി.

അതിനു മുൻപ് മൂന്നാമത്തെ ചൂട് കാപ്പി കുടിച്ചു
ഊതിയൂതി സമയമെടുത്ത്
പിന്നെയതിനും രണ്ടുമണിക്കൂർ മുൻപ്
നാലു പേജ് കഥ തിരുത്തി എഡിറ്റർ സുഹൃത്തിനയച്ചു
ഒപ്പമൊരു കുറിപ്പും വച്ചു

അതിനു ഒന്നര മണിക്കൂർ മുൻപ്
ദോശ, സാമ്പാർ, നാരക ഇലയിട്ട ചട്ടിണി
ഒപ്പം ചായ
ഒപ്പം പത്രം
ഒപ്പം ചർച്ച,
ചിരി
പൊട്ടിച്ചിരി

അതിനു കുറെ മുൻപ് പാതിരാവായിരുന്നു
പുതച്ചു മൂടി ഉറങ്ങുകയായിരുന്നു.
സ്വപ്നവും കണ്ടിരുന്നു

അപ്പോഴും ആരോ ജനലിനു പുറത്തുണ്ടയിരുന്നു
അത് ഇപ്പോഴും നിറുത്താതെ ഇപ്പോഴും നിലവിളിക്കുന്നു

അതിനു അത് മാത്രം ചെയ്‌താൽ മതിയല്ലോ!!▮


ശ്രീദേവി എസ്. കർത്ത

കവി, കഥാകൃത്ത്, വിവർത്തക. കണ്ടെന്നും അവർ കണ്ടില്ലെന്നും, വിരൂപി എന്നിവ പ്രധാന പുസ്തകങ്ങൾ. മിലൻ കുന്ദേര, ഖലീൽ ജിബ്രാൻ, റിൽക്കെ, യാസുനാരി കാവാബാത്ത തുടങ്ങിയവരുടെ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Comments