വക്തിനു ന്ക്കരിക്കില്ല
ബീഡിയുണ്ടാകും മടിക്കുത്തിൽ
അഞ്ചുനേരം മുടങ്ങാതെ വലിക്കും
പുകച്ചുരുൾ മെല്ലെ താഴോട്ടൂതി
പറയും പടച്ചോനോടിങ്ങനെ:
"നിനക്കെന്നെ തിരിഞ്ഞതല്ലേ
ഞാനീ നെല്ലുകുത്തിത്തീർക്കാതെ
മേക്കഴുകി മുന്നിൽ വന്നിട്ടിപ്പം
നിനക്കെന്തു കിട്ടാനാണെന്റെ റബ്ബേ.!'
അടിപ്പാവാടക്കു കീശകളിരുവശം
ഇടതുണ്ട് ചെറിയ നോട്ടുകെട്ടുകൾ
വലത്തു തേങ്ങവരണ്ട കക്കം മുട്ടായികൾ
പൊടിക്കിടാങ്ങൾ പാവം പറ്റുകാർ
ഞങ്ങൾക്കുള്ള പൊതിക്കിനാവുകൾ!
സ്വന്തമുള്ളൊരു പുര, ഓളു പാർക്കില്ല
ആട്ന്നും ഈട്ന്നും തിന്നും അതുപോലുറങ്ങും
നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാനൊരുത്തി,
"പറഞ്ഞതു കേൾക്കാതെ, വിരിച്ച്ടത്തു കിടക്കാതെ
കുരുത്തംകെട്ടോൾ ഒരുമ്പെട്ടോൾ ഓളൊരു പൗറത്തി'.
നെല്ലുകുത്തുന്നേരം വേറിട്ടു കേട്ടോരോവട്ടം
ഉലക്കയുരലിലിടിപ്പതിൻ കൂറ്റിനൊത്തു
ഹംദുചൊല്ലും മാറിലെ ദഫുമുട്ടുകൾ,
അജ്മീറിലേക്കും ബഗ്ദാദിലേക്കും
വെവ്വേറെ നേർച്ചയോതിയ തസ്ബീഹുകൾ.
ഞങ്ങളിടവലക്കാരക്കാലമിറക്കിയ
പുത്തരിക്കഞ്ഞിയിലെ വറ്റോരോന്നും
ഇച്ചാച്ച ഉച്ചരിച്ചതാം ദിക്റുകൾ.
മരിച്ചവീട്, ആളുള്ള കോലായ
നെല്ലുണങ്ങാൻ കിടന്ന മുറ്റത്ത്
ധനു പാഴിലവിരിച്ചുകിടത്തിയ പകൽ,
തണുപ്പരിച്ചു കണ്ടികേറിവരുന്നൂ
അരിനുറുങ്ങി പൊടിഞ്ഞതിന്റൊച്ചകൾ,
ഉരലുവട്ടത്തിൽ തവിടുവീണമട്ടോർമ്മകൾ.▮