ശിവദാസ് പുറമേരി

ഒരു ക്വാറന്റയിൻ കത്ത്

ർഷങ്ങൾക്കപ്പുറം
പോസ്റ്റ് ചെയ്‌തൊരു കത്ത്
ഇന്നലെ വൈകുന്നേരം
മടങ്ങിയെത്തി; ഒരു
പഴയ സുഹൃത്തിന്റെ
അടിക്കുറിപ്പുമായ്.
‘ലോക് ഡൗൺ പരതലിൽ
കണ്ടു കിട്ടിയ നിന്റെ
പണ്ടത്തെ വിശേഷങ്ങൾ
വായിച്ചുതളർന്നു ഞാൻ.'

പിഞ്ഞിയ ഇല്ലന്റിലെൻ
മങ്ങിയ കയ്യക്ഷരം:
സുഹൃത്തിൻ ചിരിയുമായ്
വാട്‌സാപ്പിൽ നിറയുമ്പോൾ
തെളിയുന്നതിൽ മെല്ലെ
മറ്റൊരാളുടെ മുഖം.

ഉച്ച തെറ്റുമ്പോൾ
വെയിൽ
ഒട്ടൊന്നു മയങ്ങുമ്പോൾ
തെക്കുഭാഗത്തെ കുള-
പ്പറമ്പുംകേറി
അയാൾ
നിത്യവുമെത്തും ചിരി
വിരിയും മുഖവുമായ്.

കൂട്ടുകാർ
കൂട്ടംതെറ്റിപ്പിരിഞ്ഞ കാലത്തിന്റെ
വിങ്ങുന്ന കത്തും പേറി
എത്തുന്ന മനുഷ്യനെ
കാത്തിരുന്നതുപോലെ
ഇത്ര കാലത്തിന്നിടെ
മറ്റൊരാളെയും പിന്നെ
കാത്തിരുന്നിട്ടില്ല ഞാൻ.

മുറ്റത്തുവന്നെൻ കയ്യിൽ
കത്തുകൾ തരുന്നൊരാ
പുഞ്ചിരിയുടെ അർത്ഥം
വെറുതേ തിരഞ്ഞു ഞാൻ.

കത്തിനായ് ദാഹിക്കുമെൻ
മനസ്സ് വായിച്ചതോ,
‘കാത്തിരിപ്പുകളെത്ര
കണ്ടവൻ ഞാനെ'ന്നതോ,
പരിഹാസമോ; അതോ
സ്‌നേഹമോ; അറിഞ്ഞില്ല.

കത്തുകളില്ലാതെയായ്
പോസ്റ്റുമാൻ വരാതെയായ്
കാത്തിരിപ്പുകൾ പോലും
ഓൺലൈൻ വേഗത്തിലായ്.

പൊടിഞ്ഞു തീരാറായ
കത്തിലെ വരികളിൽ
പഴയ കാലത്തിന്റെ
പാടുകൾ തെളിയുമ്പോൾ
വറ്റാത്ത ചിരിയുമായ്
പിന്നെയും മുന്നിൽ വന്ന്
മുടിഞ്ഞ സ്‌നേഹത്തിന്റെ
കത്തുകൾ നീട്ടുന്നൊരാൾ.▮


ശിവദാസ്​ പുറമേരി

കവി. മഴ നനയുന്ന വെയിൽ, മനുഷ്യനെ പ്രതിഷ്​ഠിച്ച കണ്ണാടികൾ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​

Comments