മുത്തശ്ശി പകൽ ഒരു പാത്രം കഴുകുന്നു.
മുത്തശ്ശി രാത്രി ആ പാത്രത്തിൽ നിന്ന് കഥയുണ്ടാക്കുന്നു:
‘‘നിന്റെ മുത്തച്ഛന് ഒരു പറക്കും തളിക ഉണ്ടായിരുന്നു. ഒരിക്കൽ ഞാനും മുത്തച്ഛനും നിന്റെ അമ്മയും അവളുടെ ചേട്ടന്മാരുമൊക്കെക്കൂടി ആ തളികയിലേറി ലോകം ചുറ്റാനൊരുങ്ങി. ഇരുട്ടുമാത്രമേ ഉണ്ടായിരുന്നുളളു. ആദ്യം ഞങ്ങൾ ചെന്നുപെട്ടത് മഞ്ഞുകട്ടകൾ മാത്രമുളള ഒരു ദേശത്താണ്. അവിടെ പക്ഷികളും മൃഗങ്ങളും മഞ്ഞിലുറഞ്ഞുപോയിരിക്കുന്നത് ഞങ്ങൾ കണ്ടു. ഒരു കമ്പിപ്പാര ആകാശത്തു തറഞ്ഞിരിക്കുന്നു. ആ മുറിവിൽനിന്ന് ചോരമഞ്ഞ് അടർന്നടർന്നുവീഴുന്നു. ഞങ്ങൾ പറഞ്ഞതുകേൾക്കാതെ, ധീരപരാക്രമിയായ നിന്റെ മുത്തച്ഛൻ ആ കമ്പിപ്പാരയിൽ പിടിച്ച് ആഞ്ഞാഞ്ഞു വലിച്ചു. ഒരു വിധത്തിൽ അത് പറിഞ്ഞുപോന്നു. അത് മുഴുവനും സ്വർണമായിരുന്നു. മഞ്ഞുദേശം സ്വർണരശ്മികളാൽ മൂടി...''
മുത്തശ്ശിയുടെ ആ കഥ ചെന്നുനിന്ന സ്ഥലങ്ങൾ ഇപ്പോഴെനിക്ക് ഓർമ്മയില്ല.
ഇപ്പൊഴും ആ പാത്രമുണ്ട്.
പകൽ അടുക്കളയിലും, രാത്രി ആകാശത്തും സഞ്ചരിക്കുന്ന പാത്രം.
മുത്തശ്ശി എന്തൊക്കെയോ ഇട്ട് എന്നുമത് തേച്ചുമിനുക്കുന്നതുകാണാം.
പകൽ ഞാനതിൽ ശ്രദ്ധ കേന്ദ്രീകരിക്കാറില്ല.