പ്രദർശനം
വൈകുന്നേരം എന്നെ
കാത്തിരിക്കുകയാണ്.
ഞാനൊരു പ്രദർശന-
പ്രതലമാണെന്ന പോലെ.
നിങ്ങൾക്കീ നിറമൊന്നും
കാണാനാകുന്നുണ്ടാകില്ല.
ഒരു ചുവന്ന വിജയചിഹ്നം.
അതിനുശേഷം
എല്ലാം നിശ്ചലമാകുന്നു,
അടിയന്തര കർമ്മങ്ങൾ
അവസാനിക്കുന്നതുവരെ.
ഇങ്ങനെയാണ്
മാതൃഭൂമി
വിശ്രമത്തിലേക്ക് മടങ്ങുന്നത്.
ഞാനൊരിക്കലും കരയില്ല.
സുറുമ കൊണ്ട്
നന്നായി കണ്ണെഴുതും.
കഥകൾ മുഴുവനും
ഇരുട്ടിനെ ഏൽപ്പിക്കും.
സ്ത്രീകളുടെ അടുത്ത്
രഹസ്യ അറകളുണ്ട്.
അവയൊരിക്കലും
നിങ്ങളെ കാണിക്കില്ല.
ഒരു മായികനഗരം
കെട്ടിപ്പടുക്കാൻ വേണ്ടത്ര
കഥകളും പാട്ടുകളും
എൻ്റെ ഉള്ളിലുണ്ട്.
ആൾക്കൂട്ടം കയ്യടിക്കുന്നു.
ഞാനൊരു വിളക്ക് കൊളുത്തി
പിന്നോട്ട് മാറിനിൽക്കുന്നു.
ഇങ്ങനെയാണിവിടെ
ശൈത്യം കഴിഞ്ഞുപോകുന്നത്.
▮
ഈ രാജ്യം ഒളിച്ചുകളിക്കുകയാണ്.
എനിക്കിപ്പോഴും
ആ സൂത്രം മനസ്സിലാകുന്നില്ല.
എല്ലാവരും പോയി ഒളിച്ചു.
ഞാനിവിടെ ഒറ്റക്ക്
തപ്പിത്തടഞ്ഞ് നടക്കുന്നു.
വെളിച്ചമെന്നെ എല്ലാവർക്കും
കാണിച്ചു കൊടുക്കുന്നു.
എൻ്റെയുള്ളിലുള്ള ശബ്ദങ്ങൾ
പുറത്തു കടക്കാൻ
ഒരു പുകക്കുഴൽ അന്വേഷിക്കുകയാണ്.
എനിക്ക് വിശപ്പുണ്ട്,
എന്നാലും ഇനിയൊരിക്കലും
ആ എരിച്ചിൽ അനുഭവപ്പെടും
എന്ന് തോന്നുന്നില്ല.
കളി അവസാനിക്കും മുമ്പ്
എന്നെയാരെങ്കിലും പിടിച്ചുവെക്കൂ.
മറ്റെല്ലാത്തിനെയും പോലെ,
ഒരു ഭാഷയായി മാറാൻ
സങ്കടത്തിനും കുറച്ച്
സമയമൊക്കെ വേണം.
വീഡിയോകൾ അവസാനിക്കുമ്പോൾ
ടിക്ടോക്കുകാർ വെറുതെ
കയ്യടിക്കുക മാത്രമേ ചെയ്യൂ.
എന്തൊക്കെയാണെങ്കിലും,
കാണികളും
പ്രദർശനത്തിന്റെ ഭാഗമാണല്ലോ.
▮
ഞാനൊരു തെറ്റും ചെയ്തിട്ടില്ല.
എന്നിട്ടും അവരെന്റെ
ഇറച്ചി തുരന്നെടുത്തു.
എൻ്റെ ജീവിതവും തുരന്നു.
ഒരു കീറ് റൊട്ടി.
ഒരു സ്പൂൺ പഞ്ചസാര.
പാട്ടുപാടാൻ കഴിവുണ്ടായിരുന്ന
ഒരു മാതൃഭൂമി.
എല്ലാം അവർ തുരന്നെടുത്തു.
▮
ശൂന്യതയുടെ
നഗരത്തിൽ
എൻ്റെ ഉമ്മ
ഇവിടെയായിരുന്നു
പാർത്തിരുന്നത്.
ഈ നഗരം ക്രൂരമാണ്.
ഇതിന് ചുവരുകളില്ല,
നമ്മുടെ ചിത്രങ്ങൾ
പകർത്തി കാണിക്കാൻ...
ഞാൻ വാതിലുകൾ
പലതും മുട്ടി നോക്കി.
എല്ലാത്തിനും പിന്നിൽ
വിയോഗങ്ങൾ മാത്രം.
ഞാനിപ്പോൾ
ഒരു തുണിക്കീറുകൊണ്ട്
എൻ്റെ ടെൻ്റ്
കൂട്ടിക്കെട്ടുകയാണ്.
അവർ എപ്പോൾ
തിരിച്ചുവരാനാണ്?
ഞങ്ങളുടെ കൂടിക്കാഴ്ച നടന്നത്
ഭൂമി തീയുന്നതിനു മുമ്പായിരുന്നു,
ഈ ദൂരത്തിന് മുമ്പായിരുന്നു,
യുദ്ധം വരുന്നതിന് മുമ്പായിരുന്നു.
ഞങ്ങളെല്ലാവരും
ഈ കിണറിൽ കിടക്കുകയാണ്,
അവർ ഞങ്ങളുടെമേൽ
കല്ലുകൾ വലിച്ചെറിയുന്നു.
വെള്ളത്തിൻ്റെ നിരപ്പ്
ഉയരുന്നൊന്നുമില്ല.
ഞാനിവിടെത്തന്നെയുണ്ട്,
പാട്ടും പാടിക്കൊണ്ട്.
എൻ്റെ വായിൽനിന്ന്
തിരമാലയുടെ ശബ്ദം
കേൾക്കാനാകുന്നില്ലേ?
▮
ഗാസയിലെ
ഉമ്മമാർ
ഗാസയിലെ ഉമ്മമാർ ഉറങ്ങാറില്ല.
അവർ ഇരുട്ടിനെ കേട്ടിരിക്കും,
നിറവയറിൽ തടവിക്കൊണ്ട്.
ഓരോ ശബ്ദവും വേർതിരിച്ചു നോക്കും.
അതിൽനിന്ന് കൊള്ളാവുന്നൊരു
കഥ തിരഞ്ഞെടുക്കാൻ വേണ്ടി.
മക്കളെ ഉറക്കാൻ വേണ്ടി.
എല്ലാവരും ഉറക്കമായാൽ
അവർ മരണത്തിനെതിരെ
ഒരു മറയായി നിലകൊള്ളും.
ഗാസയിലെ ഉമ്മമാർ കരയാറില്ല.
അവർ സങ്കടങ്ങളും പേടികളും
ശ്വാസകോശത്തിലടങ്ങിയ
പ്രാർത്ഥനകളുമെല്ലാം ഒരുമിച്ചുകൂട്ടും.
യുദ്ധവിമാനങ്ങളുടെ ഇരമ്പൽ
നിന്നുകിട്ടാനായി കാത്തിരിക്കും,
ശ്വാസമൊന്ന് നേരെയാക്കാൻ...
ഗാസയിലെ ഉമ്മമാർ
മറ്റു ഉമ്മമാരെപ്പോലെയല്ല.
സ്വന്തം കണ്ണുകളിൽ നിന്നുള്ള
ശുദ്ധമായ ഉപ്പു കൊണ്ടാണ്
അവർ റൊട്ടി ചൂടാറുള്ളത്.
സ്വന്തം മക്കളെ കൊടുത്താണ്
മാതൃരാജ്യത്തിൻ്റെ
വിശപ്പ് തീർക്കാറുള്ളത്.
