സി.എസ്​. രാജേഷ്​

ന്തൊരു മിനുസം.
ഊതിയ ആളിനോടതിൻ
പഴക്കം ചോദിച്ചു

‘‘അറിയില്ല - അച്ചൻ തന്നു
അച്ചനിതപ്പൂപ്പൻ കൊടുത്തു
ഒരു നൂറാണ്ടെങ്കിലും
കണ്ടേക്കാമെന്നു തോന്നുന്നു ''

- അങ്ങേ വീട്ടിലേക്ക് പോയാ
ഭിക്ഷക്കാരനപ്പൂപ്പൻ.

ശംഖെന്നതിൻ പേര്
ഒരു ജീവിതൻ
പുറന്തോട്

ജീവിക്കെന്തു പേര്
ആർക്കറിയാം
ആലോചിച്ചില്ലിതുവരെ

പരമ നിശ്ശബ്ദം
അടിത്തട്ടിൽ കഴിയൽ
പിന്നെ മരിച്ച് കരയിൽ
സ്വരോദയമായ്,

കടലായുസ്സെന്നും
കരയായുസ്സെന്നും
ഇരുപുറ ജന്മങ്ങൾ.

ചില മനുഷ്യരുമിങ്ങനെ
കഥയേറെ പരുക്കൻ
മിനുസമായി തോന്നിലും.

ഉടലവർക്ക് തോട്
ഉള്ളിലവരുണ്ടോ
ജീവനുണ്ടോ ജീവിതമുണ്ടോ

ഇല്ലെന്നെഴുതുന്നതേ
നീതി.
​​▮


സി.എസ്​. രാജേഷ്​

കവി. ചൊൽക്കവിതയിലും ഗദ്യകവിതയിലും സജീവം. കവിതകം മ്യൂസിക്കൽ പോയട്രി ബാൻഡ് രൂപീകരിച്ച് പ്രവർത്തിക്കുന്നു. സി.എസ്.രാജേഷിന്റെ കവിതകൾ, ഷാപ്പൂണ് എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ.

Comments