ജിപ്​സ പുതുപ്പണം

വവ്വാലുകളുടെ
പ്രേമരാത്രി

അറ്റ്‌ലസ്

മെല്ലിച്ച വിരലുകളുള്ള
കറുത്ത പെൺകുട്ടി
പ്രേമത്തെ കുറിച്ചെഴുതാൻ
കരുതിയ രാത്രിയായിരുന്നത്.
കറുത്ത നിറമുള്ള കാമുകിമാർ
മനുഷ്യഹൃദയമുള്ള വവ്വാലുകളെന്ന്
അവളുടെ കാമുകൻ
കളിയാക്കി ചിരിച്ചതിനും
അര മണിക്കൂർ
മാത്രം കഴിഞ്ഞുള്ള രാത്രിയായിരുന്നത്.

കുതിച്ചൊഴുകുമ്പോൾ ഇരുട്ട്
ജനാലയ്ക്കൽ അരുവി പോലെ.

ഒരു ഹൃദയം
മുറിയൊഴിഞ്ഞൊലിച്ചു പോയ പോലായി.

ഒരു ഹൃദയം
തൊടിയിലെ വാഴക്കയ്യിൽ
തൂങ്ങിപ്പോയിക്കിടന്ന പോലായി.

ഒരു ഹൃദയം
തല കുത്തനെ
കരഞ്ഞു പറന്ന പോലായി.

മെല്ലിച്ച വിരലുകളുള്ള
കറുത്ത പെൺകുട്ടിക്ക്
പ്രേമത്തെ കുറിച്ചെഴുതേണ്ടെന്നായി.

മുറിയിലില്ലെന്നേ ആയി,
മെല്ലിച്ച വിരലുകളുള്ള
ഒരു പഴയ പെൺകുട്ടി.

സഫിക്
അറ്റ്‌ലാന്റിക്
ഇന്ത്യൻ സമുദ്രം,
നിന്റെ കണ്ണുകളെന്ന്
എന്റെ ലോകമിപ്പോഴും
നാലായി പിരിഞ്ഞിരിക്കുന്നു.

അത്രയേറെയിഷ്ടം
ഇളകിയകന്ന്
ഏഴ് കരകളായി
നിന്റെയുള്ളിലും.

ഒന്ന് വിരൽ തൊട്ടതേയുള്ളൂ
കാണാതലഞ്ഞ നേരങ്ങൾ
കൂട്ടി വെച്ചുണ്ടായ
ഭൂകമ്പത്തിൽ
കണ്ണുകളുലഞ്ഞ്
തീർത്തു വെയ്ക്കുന്നു
നമുക്കൊരെട്ടാമത്തെ വൻകര

സമയവും ഒരു സ്ഥലമാണെന്ന്
ഒരിക്കലുമറിയാതിരിക്കട്ടെ
ഇപ്പോഴത്തെ ഈ നമ്മൾ.
​▮


ജിപ്​സ പുതുപ്പണം

കവി. ചെന്നൈയിൽ താമസം. ‘വൈകിയോടുന്ന പെൺകുട്ടി' എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments