പായച്ചിങ്കാരത്തിന്ന്
പകലിരവില്ലാപ്പായാരം
‘ഓലയുണങ്ങി കിട്ടീല
പായ മെടഞ്ഞിട്ടായില്ല
കളിയാട്ടക്കാർ വന്നില്ല
കൈതപ്പൂവിനു മണമില്ല'
കൈതമുള്ളാഴ്ന്ന കടച്ചിലേറി
കരളുരുകും രാവിൽ റാക്കുമണോം
തെറിയിൽ തെറുത്ത ബീഡിപ്പുകയും
ചിരിയുമുയർന്നാപ്പുരപ്പുറത്തും
ഓലയറുത്തു തലയിൽവച്ചും
പായ ചുരുട്ടിപ്പിടിച്ചുകൊണ്ടും
ചിങ്കാരം പോകുന്ന ചിത്രമെല്ലാ-
കൊല്ലവും ഞങ്ങൾ വരച്ചു സ്ലേറ്റിൽ.
കണ്ടതും കേട്ടതും മാറി, ജീവ -
സ്പന്ദനമെല്ലാമിമോജികളായ്.
നല്ലതോ തീയതോയെന്നറിയാ-
തിന്നേവരെയും കഴിച്ചു കൂട്ടി.
സൗജന്യറേഷനും കിറ്റിനുമായ്
ബഹുജനം വരിനിന്ന നാളിലൊന്നിൽ
കുടുംബശ്രീക്കുറിയും കഴിഞ്ഞിറങ്ങി
കവലയിലേക്കു നടന്നുപോകെ
ഭഗവതിക്കാവിലെ കളിയാട്ടക്കാർ
കാറുനിറുത്തിയുറക്കെയോതി
‘വരും കൊല്ലം ചിങ്കാരേ, പായവേണം,
കുട്ടിപ്പായമ്പതും വലുതു നൂറും
ഇനിയൊന്നും പഴയതുപോലെയല്ല
വില തരാം നീ പറയുന്നപോലെ'
‘നക്കറ്റം പിടിച്ചില്ലെശ്മാനൻമാരേ
കൈച്ചേറ് കളയുവാൻ കാശ് മതി,
അഡ്വാൻസ് തരുവോ'ന്ന് ചിങ്കാരം
‘ആയിട്ടെടുക്കാ'ന്ന് കളിയാട്ടക്കാർ.
പിറ്റേന്നു നേരം പുലർന്നപ്പോൾ
വറ്റുവെള്ളത്തിന്റെ തൂക്കുമേന്തി
കൊക്കത്തൊടങ്ങുവും തോർത്തുമായി
മുറ്റത്തിറങ്ങുന്നു ചിങ്കാരം
എണ്ണത്തുണിപോൽ മുഷിഞ്ഞ മുണ്ടിൽ
വെണ്ണീറു പൂക്കൾ വിടർന്നുനിന്നു.
ചുറ്റിലുമാരോരുമില്ലേലും
ഊറ്റം പറയുന്നു ചിങ്കാരം
‘ആധാരമാരുടേതായാലും
തോട്ടുവക്കെന്റേതുമാണല്ലോ'
കുളക്കോഴി പ്രാകുന്ന മോന്തിയോളം
കുത്തിക്കിളച്ചന്നു ചിങ്കാരം
കൊത്തിയും ചെത്തിയും
കൈത നട്ടു
പത്തിരുന്നൂറൊറ്റ നോക്കിലായി.
റേഡിയോ പാട്ടിലെ കൈത പൂത്ത
മണമുള്ള രാവിൽ മനം കുളിർക്കെ
വെറുതെ കിടന്നോലവിരിയുവതും
വീതിയും നീളവുമവരളന്നു.
കൊല്ലം മറിഞ്ഞോലകൊത്തുവാനായ്
കുഞ്ഞിലേം കൂട്ടുന്നു ചിങ്കാരം
ഒട്ടു നടന്നു വിയർത്തവരും
പെട്ടെന്നു ഞെട്ടിത്തരിച്ചുപോയി.
തോട്ടുവക്കിൽ കരിങ്കല്ലുകെട്ടി
ചാന്തിട്ടു തേച്ചുമിനുക്കിയാരോ
കൂറ്റനിരുമ്പു ബോർഡൊന്നതിലായ്
മാറ്റുള്ളെഴുത്തുകൾ കാണുന്നു
സാക്ഷരതാ ക്ലാസിലെന്നപോലെ
കുഞ്ഞില വായിച്ചു കേൾപ്പിച്ചു.
‘കൈതത്തോട് സംരക്ഷണം
പഞ്ചായത്ത് വാർഡ് 5
സ്ഥലം എം.എൽ.എ യുടെ
ആസ്തിവികസന ഫണ്ടിൽ നിന്നും '
കൈതോലയുള്ളിലുരഞ്ഞ പോലെ
തടിയാകെപ്പൊടിയുന്നു ചോര നീരായ്
ഇടി വീണതെങ്ങിന്റെ മണ്ടപോലെ
തലയാകെ കത്തിപ്പുകയുന്നു
തടി വിറക്കുന്നുണ്ട്
മുടി പറക്കുന്നുണ്ട്
അരിവാൾ വിറപ്പിച്ചു ചിങ്കാരം
തെരുതെരെ തുള്ളുന്നു ചിങ്കാരം
വിറപൂണ്ടൊരോലപോൽ കുഞ്ഞിലയും
തൊഴുകൈയോടമ്മേ... വിളിക്കുന്നു
‘ഏറ്റ പായെങ്ങനെയെന്റെ ദൈവേ?
നോട്ടമില്ലാതെന്നെ വിട്ടതെന്തേ?
ഇതുവരെയൊക്കെ നീ തന്നുവെന്നാൽ
ഇനിയെന്റ ദൈവേ! ഞാനെന്തുവേണ്ടൂ?'
പഞ്ചായത്താരോഗ്യകേന്ദ്രത്തിലെ
മുറിയിലുറങ്ങുന്നു ചിങ്കാരം
കൈതോല വെയില -
ത്തുണങ്ങുമ്പോൾ
മഴയത്തു നിൽക്കുന്ന് ചിങ്കാരം
കൈതോല മഴയത്തു നനയുമ്പം
വെയിലത്തു നിൽക്കുന്ന് ചിങ്കാരം
കളിവിട്ടു കണ്ണീർ തുടക്കുമ്പോൾ
കളിയാട്ടമേളം പെരുക്കുന്നു... ▮