പുതിയ ഫ്ലാറ്റിന്റെ
മൂന്നാം നിലയിലേക്ക്
താമസം മാറിയപ്പോൾ
തെങ്ങിൻതലപ്പ് കൈകൊണ്ട്
തൊടാമെന്നായി.
വേണമെങ്കിൽ
തേങ്ങ കൈകൊണ്ട്
അടർത്തിയെടുക്കാമെന്നായി.
തളപ്പിട്ടുകയറിയ
ഉയരം
അതോടെ ഇല്ലാതായി.
എങ്കിലും
സിറ്റൗട്ടിൽനിന്ന്
ഏന്തിയാലെത്തുന്ന
തെങ്ങിൽ
ഒരിക്കൽപ്പോലും
തൊടാൻ തോന്നിയില്ല
ഓലത്തുച്ചം
കാറ്റിലിളകുമ്പോൾ
തെങ്ങിൽനിന്നു വീണുമരിച്ച
കായിത്തിരിക്കൽ ബാലേട്ടന്റെ
പിടിവിട്ടുപോകുന്ന
നൂറായിരം കൈകൾ.
വീഴാൻപോകുന്ന
ഒരാൾ
തെങ്ങിലുണ്ട്
എപ്പോഴും.
ഫ്ലാറ്റിൽനിന്ന്
ഇറങ്ങുമ്പോൾ
അയാളുടെ വീഴ്ചയുടെ
ഉയരമാണിറങ്ങുന്നത്.
ഏതുയരത്തിനും
തളപ്പിട്ട്
കയറുന്ന
മരണത്തിന്റെ
ഏറ്റം.
അതിന്റെ
തൂവൽക്കനമുള്ള
പിടിവിടൽ.
▮