സുകുമാരൻ ചാലിഗദ്ദ

ആരോഗ്യമുള്ള ജീവിയുടെ പേര്

റ പറ പറ പറ
പറയെന്ന് എന്നോട്
ചിക്കി ചിക്കി ചോദിച്ചപ്പം
ഞാനവനോട് പറഞ്ഞു.

എടാ
ഇന്നലെ ഒരുത്തൻ എന്നെ
പോടാ പന്നിയെന്ന് വിളിച്ചു
വേറെയൊരുത്തൻ പോടാ പോത്തേന്ന് വിളിച്ചു.

പിന്നെ ആരെങ്കിലും വിളിച്ചോ?
ങ്ഹാ, ഒരുത്തി ആനേയെന്നും
മറ്റൊരുത്തി കരടിയെന്നും
വേറൊരുത്തി കാട്ടിയെന്നും വിളിച്ചു.

ഞാൻ ചിരിച്ചോണ്ട് അവരെ
നോക്കി നോക്കി നടന്നപ്പം
കാല്‌തെറ്റി വീണതും വീണ്ടും
കടുവ നരി എന്നും വിളിച്ചു.

ങും, സാരമില്ല,
നല്ല ആരോഗ്യമുള്ള ജീവികളുടെ പേരല്ലേ
അവർക്കത് അറിയില്ല വിളിക്കട്ടെ
നല്ല ആരോഗ്യമുള്ള ജീവിയുടെ പേര്.

പിന്നെ പിന്നെ പിന്നെയൊരുത്തൻ
പോടാ പട്ടിയെന്ന് വിളിച്ചപ്പം
ഞാനൊരു കല്ലെടുത്ത് ഒറ്റയേറ്
ങ്ങൈ ങ്ങൈങ്ങൈ ങ്ങൈന്ന്.

ആരോഗ്യകരമല്ലാത്ത പേര് വിളിക്കുമ്പോ
മനുഷ്യന് പിന്നെ ദേഷ്യം വരില്ലേ.​▮


സുകുമാരൻ ചാലിഗദ്ദ

വയനാട്ടിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ശ്രദ്ധേയ കവി. റാവുള ഭാഷയിലും മലയാളത്തിലും എഴുതുന്നു. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം.

Comments