വി. അബ്​ദുൽ ലത്തീഫ്​

അടച്ചിരിപ്പുകാലത്തെ കവിതാജീവിതം

കൂടെയുള്ള പരിചയക്കാരും അല്ലാത്തവരുമായ നിരവധി പേർ ഇങ്ങനെ കവിതകളിലൂടെ ഒരു കാലത്തെ അതിജീവിച്ചത് നേരിട്ടു കണ്ടതിന്റെ ഓ‍ർമ കൂടിയാണ് ഈ കോവിഡ് കാലം.

ഞാൻ നദികളെ അറിഞ്ഞിട്ടുണ്ട് ലോകത്തോളം പുരാതനവും മനുഷ്യസിരകളിലെ രക്തയോട്ടത്തേക്കാൾ പഴയതുമായ നദികളെ ഞാൻ അറിഞ്ഞിട്ടുണ്ട് എന്റെ ആത്മാവ് നദികളെപ്പോലെ ആഴങ്ങളിലേക്ക് വളർന്നിട്ടുണ്ട് നേർത്ത പ്രഭാതങ്ങളിൽ ഞാൻ യൂഫ്രട്ടീസിൽ നീരാടി കോമഗോയുടെ അടുത്ത് ഞാൻ കുടിലു കെട്ടി അതെന്നെ താരാട്ടിയുറക്കി

ലാംഗ്സ്റ്റ​ൺ ഹ്യൂഗ്സിന്റെ ‘ദി നീഗ്രോ സ്പീക്​സ്​ ഓഫ് ദി റിവേഴ്സ്' എന്ന കവിതയിൽനിന്നുള്ളതാണ് ഈ വരികൾ. സുഹൃത്ത് മനോജ് ഇടക്കാലത്ത് വിവ‍ർത്തനം ചെയ്ത് അയച്ചു തന്ന അനേകം കവിതകളിൽ ഒന്നാണിത്. കോവിഡിന്റെ അടച്ചുപൂട്ടൽക്കാലം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ഒരു വർഷത്തോളം പയ്യന്നൂരായിരുന്നു എനിക്ക് ജോലി. അക്കാലത്തെ വൈകുന്നേരങ്ങളിൽ കവി പത്മനാഭൻ കാവുമ്പായിക്കൊപ്പം പല ദിവസങ്ങളിലും മനോജുമുണ്ടാകുമായിരുന്നു. എന്റെ കവിതകൾ വായിച്ച് കൃത്യമായി അഭിപ്രായം പറയുമായിരുന്നു മനോജ്.

ആ അടച്ചുപൂട്ട‍ൽ കാലത്തെപ്പോഴോ ആണ് മനോജ് കവിതാവിവ‍ർത്തനങ്ങൾ ആരംഭിച്ചത്. കുട്ടികൾക്കുള്ള ചില കഥകൾ വിവർത്തനം ചെയ്ത് ഓഡിയോ രൂപത്തിലാക്കി ഗ്രാഫിക് നരേഷനുകൾക്കൊപ്പം ചേർത്താണ് മനോജ് ഈ വിവർത്തനപരിപാടി ആരംഭിക്കുന്നത്. അതു പിന്നെ കവിതകളായി.
മായ എയ്ഞ്ചലോയുടെ സ്റ്റിൽ ഐ റൈസും, ഫിനോമിനൽ വുമണും, വെൻ ഐ തിങ്ക് മൈസെ‍ൽഫുമൊക്കെ അയച്ചുകിട്ടിയപ്പോൾ താൽക്കാലിക വിനോദം എന്നാണ് തോന്നിയത്. എന്നാൽ മനോജ് നി‍ർത്തിയതേയില്ല. ആദ്യമൊക്കെ ഒറിജിനലും വിവർത്തനവും വെച്ച് നിശിതമായ അഭിപ്രായങ്ങൾ പറയാറുണ്ടായിരുന്നു. പിന്നെ നിത്യമെന്നോണം കവിതകൾ വരാൻ തുടങ്ങി. എത്രയെത്ര കവിതകളാണ് ഇംഗ്ലീഷും മലയാളവുമായി മനോജ് അയച്ചുതന്നത് എന്നോർമയില്ല. എഡ്ഗാർ അല്ലൻ പോയുടെ ദി രാവ​ൺ, ജെന്നി ജോസഫിന്റെ വാണിംഗ്, വാസ്കോ പോപ്പയുടെ ഇൻ ദി വില്ലേജ് ഓഫ് മൈ ആൻസസ്റ്റേഴ്സ്, റോബ‍ർട്ട് ഫ്രോസ്റ്റിന്റെ ദി റോഡ് നോട്ട് ടെയ്ക്ക​ൺ, മാഡ് ഗേൾസ് ലവ് സോംഗ്, ടി.എസ്.എലിയട്ടിന്റെ ദി ഹോള്ളോ മെൻ, നെരൂദയുടെ ഇഫ് യൂ ഫോ‍ർഗിറ്റ് മീ, അല്ലൻ പോയുടെ എ ഡ്രീം വിത്തിൻ എ ഡ്രീം, സിൽവിയാ പ്ലാത്തിന്റെ ഡാഡി, യീറ്റ്സിന്റെ ബലാഡ് ഓഫ് ഫാദർ ഗി‍ൽഗാൻ, നെരൂദയുടെ പോയട്രി, മൈക്കൽ ഡോണാഗിയുടെ കറുത്ത മഞ്ഞും മഴയും, വാല്ലെയ്സ് സ്റ്റീവൻസിന്റെ തേർ‍ട്ടീൻ വെയ്സ് ഓഫ് ലുക്കിംഗ് അറ്റ് ബ്ലാക്ക് ബേ‍‍ഡ്, ലൂയി ഗ്ലക്കിന്റെ മോക്ക് ഓറഞ്ച്, കോൾറിഡ്ജിന്റെ കുബ്ലാഖാൻ, എലിയട്ടിന്റെ വെയ്സ്റ്റ് ലാൻറ്​.

ഇക്കാലത്ത് മനോജ് വിവ‍ർത്തനം ചെയ്ത് അയച്ചുതന്ന എല്ലാ കവിതകളുടെയും പട്ടികയല്ല ഇത്. കുറിച്ചുവെച്ച ചിലതു മാത്രം. മനോജ് ആ പണി തുടരുകയും ചെയ്യുന്നു. എവിടെയെങ്കിലും ഈ കവിതകളൊക്കെ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യമൊന്നും മനോജിനില്ല. അയാൾ ഇംഗ്ലീഷ് സാഹിത്യം പഠിച്ചതാണ്. കവിതയും നാടകവുമൊക്കെ ഇഷ്ടവുമാണ്. കോവിഡ് കാലത്ത് ഒരുപക്ഷേ കൈവിട്ടുപോകുമായിരുന്ന ജീവിതത്തെ പിടിച്ചു നി‍ർത്താൻ അയാൾ ആശ്രയിച്ചത് കവിതകളെയായിരുന്നു. ഏറ്റവുമടുത്ത ചില സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുക എന്നല്ലാതെ ഒരു പൊതുവിടത്തിൽ ഈ കവിതാവിവർത്തനങ്ങൾ വന്നിട്ടേയില്ല. സിമ്പോർസ്​കയുടെ ദി ത്രീ ഓഡസ്റ്റ് വേഡ്സ് എന്ന കവിത മനോജ് ഇപ്രകാരം വിവ‍ർത്തനെം ചെയ്യുന്നു.

ഏറ്റവും വിചിത്രമായ മൂന്നു വാക്കുകൾ

ഭാവി എന്ന വാക്കു ഞാനുച്ചരിക്കുമ്പോൾ ആദ്യവ്യഞ്ജനം ഭൂതകാലത്തിനു സ്വന്തമിതിനകം

മൗനം എന്ന വാക്കു ഞാനുച്ചരിക്കുമ്പോൾ നശിപ്പിച്ചൂ ഞാനത്

ഒന്നുമില്ല എന്ന വാക്കു ഞാനുച്ചരിക്കുമ്പോൾ ഇല്ലാത്തവയ്ക്കൊന്നു മുൾക്കൊള്ളാൻ കഴിയാത്തതെന്തോ മെനഞ്ഞെടുക്കുകയാണു ഞാൻ

ഈ കവിത മൂന്നു വാക്കുകളെക്കുറിച്ചു മാത്രമല്ല. സമയകാലങ്ങളുടെ നൂൽപ്പാലത്തിലൂടെയുള്ള സഞ്ചാരത്തെ വല്ലാതെ ഓർമിപ്പിക്കുന്നുണ്ട് ഈ വരികൾ. കുബ്ലാഖാനും വെയ്സ്റ്റ് ലാന്റുമൊക്കെ നിർമ്മമമായി വിവർത്തനം ചെയ്തുകൊണ്ടിരിക്കുമ്പോൾ കവിത എങ്ങനെയൊക്കെയാണ് മനുഷ്യന് താങ്ങാവുന്നത് എന്ന് അല്പം കണ്ണു നനഞ്ഞുകൊണ്ടാണ് തിരിച്ചറിയുന്നത്. ‍

സിൽവിയ പ്ലാത്ത്

അടച്ചുപൂട്ടി ഓൺലൈനിലായിപ്പോയ കാലത്ത് ഏറെ സമയം ഈ കവിതകളോടൊപ്പമായിരുന്നു എന്നത് ശരിക്കും അൽഭുതമായി തോന്നുന്നു. സിൽവിയാ പ്ലാത്തിന്റെ ഡാഡി എന്ന കവിതയുടെ വിവ‍ർത്തനം മനോജിന്റെ അനുവാദം ചോദിക്കാതെ പൂർണമായി ഇവിടെ ചേർക്കുന്നു. ഈ കവിതാവിവർത്തനങ്ങൾ ആവർത്തിച്ചു വായിച്ച് കറ തീർത്തതല്ലെന്നും മിക്കവാറും ഒറ്റ എഴുത്തിൽ തീർത്തതാണെന്നുമുള്ള പരിഗണനയിൽ വായിക്കുക.

അപ്പൻസിൽവിയ പ്ലാത്ത്

ചെയ്യരുത് നീ, ചെയ്യരുത് മേലിൽ നീ, നിശ്വസിക്കാ, -നൊന്നുതുമ്മാനധൈര്യപ്പെട്ട് മുപ്പതുവർഷം, ഞാൻ, വിളറി വെളുത്ത പാവം, ഒരു കാൽപാദം പോൽ ജീവിച്ച കറുത്ത പാദുകം

അപ്പാ, എനിക്കു നിങ്ങളെ കൊല്ലേണ്ടിയിരുന്നു, എനിക്കുനേരം കിട്ടും മുമ്പേ മരിച്ചുപോയിരുന്നു നിങ്ങൾ, പാറക്കല്ലിന്റെ ഭാരം, ഒരു സഞ്ചി നിറച്ച് ദൈവം, ഫ്രിസ്കോസമുദ്രം പോലെ ഭീമാകാരമായ ചാരനിറ -മാണ്ടൊരു കാൽ വിരലുള്ള ഘോരാകാര പ്രതിമ,

ഒരു തല, മനോഹരിയാം നോസെറ്റിലെ ജലനീലിമയ്ക്കു മേൽ അമരപ്പച്ച തേവുന്ന കിറുക്കനറ്റ്​ലാൻറിക്കിൽ, പ്രാർഥിച്ചിരുന്നു ഞാൻ നിത്യം നിന്നെ സൗഖ്യപ്പെടുത്തുവാൻ. ഉയ് എൻറപ്പാ....

ജർമൻ ഭാഷയിൽ, യുദ്ധം, യുദ്ധം, യുദ്ധത്തിന്റെ ഇടിമുട്ടികൾ നിലംപരിശാക്കിയ പോളിഷ് പട്ടണങ്ങളിൽ, സാധാരണയായിരുന്നു പട്ടണത്തിന്റെ പേര് പോളണ്ടിലെ എന്റെ സ്നേഹിതാ.

ഒന്നോ രണ്ടോ ഡസനു -ണ്ടെന്ന് പറയപ്പെടുന്നതു കൊണ്ട്, നിന്റെ കാലടി, നിന്റെ വേര് നീ ആഴ്ത്തിയതെ -വിടെന്നെനിക്കൊരിക്കലും പറയാൻ കഴിഞ്ഞില്ല. നിന്നോട് സംസാരിക്കാൻ ഒരിക്കലും എനിക്ക് കഴിഞ്ഞില്ല, എന്റെ​​​​​​​ നാവ് കീഴ്ത്താടിയിൽ പതിഞ്ഞു പോയിരുന്നു.

അതൊരു മുൾക്കെണിയിൽ കുടുങ്ങിപ്പോയിരുന്നു ഞാൻ... ഞാൻ ... ഞാൻ... ഞാൻ എനിക്ക് മിണ്ടാൻ കഴിഞ്ഞില്ല. എല്ലാ ജർമനും നീയെന്ന് ഞാൻ കരുതി. ആ ഭാഷ അശ്ലീലമാണെന്നും.

ഒരു യന്ത്രം, ഒരു ജൂതനെപ്പോൽ എന്നെ കിതച്ചു തള്ളുന്ന ഒരു കൽക്കരി വണ്ടി, ഡച്ചാവുവിലേക്ക് ഓഷ്വിറ്റ്സിലേക്ക് ബെൽസണിലേക്ക് ഒരു ജൂതൻ. ഞാനൊരു ജൂതനെപ്പോലെ സംസാരിക്കാൻ തുടങ്ങി. ഞാനൊരു തനി ജൂതനായേക്കു -മെന്നു ഞാൻ കരുതുന്നു.

തൈറോളിലെ മഞ്ഞും വിയന്നയിലെ തെളിഞ്ഞ. ബിയറും സത്യമല്ല; പരിശുദ്ധമല്ല. എന്റെ നാടോടിയായ ആദി മുത്തശ്ശി, തന്റെ വിചിത്ര യോഗം, ഫലം പറയുന്ന എന്റെ ശീട്ടുകെട്ട്, എന്റെ ടാറോക് ശീട്ടുകെട്ട് ഒരു പൊടിക്ക് ഞാൻ ഒരു ജൂതനായിരിക്കും

നിന്നെ ഞാനെപ്പോഴും പേടിച്ചു കൊണ്ടേയിരുന്നു, നിന്റെ വായുസേന വളവളവിടുവായത്തം വെടിപ്പുള്ള മീശ തെളിനീല നിറമുള്ള നിന്റെ ആര്യൻ കണ്ണുകൾ, പെൻസാർ പടയാളി പെൻസാർ പടയാളി , നീ -

ദൈവമല്ല, സ്വസ്തിക, മേഘങ്ങൾ ഞെരങ്ങി -പ്പോകാത്തത്രയും കട്ടക്കറുപ്പ്, എല്ലാ സ്ത്രീകളും ഒരു ഫാസിസ്റ്റിനെ ആരാധിക്കുന്നു മുഖത്തെ കാലുറ, നിന്നെ -പ്പോലൊരു കാട്ടുമൃഗത്തിന്റെ കൊടും ക്രൂര ഹൃദയം.

എൻറടുത്തുള്ള നിൻ പടത്തിൽ, അപ്പൻ, ഒരു ബ്ലാക്ക് ബോർഡി -നരികിൽ നിൽക്കുകയാണ്. നിന്റെ കാൽപാദത്തിനു പകരം താടിയിലൊരു പിളർപ്പ് അതുകൊണ്ടും പിശാചിൽ കുറഞ്ഞൊന്നുമാകുന്നില്ല, അഴകുള്ള എന്റെ ചുമന്ന ഹൃദയം രണ്ടായ് കടിച്ചു കീ -റിയ കറമ്പനെക്കാൾ ഒട്ടും കുറവാകുന്നില്ല.

അവർ നിന്നെ കുഴിച്ചിടുമ്പോൾ എനിക്ക് പത്തു വയസ്സ്. ഇരുപതിൽ ഞാൻ മരിക്കാൻ ശ്രമിച്ചു. എന്നിട്ട്, നിൻറടുത്തേക്ക് തിരികെ തിരികെ തിരികെയെത്താൻ. എല്ലുകളായാലും മതിയെന്ന് ഞാൻ വിചാരിച്ചു. എന്നാലവരെന്നെ ചാക്കിൽ നിന്നും വലിച്ചു പുറത്തിട്ടു. പശ കൊണ്ടെന്നെയാകെ കൂട്ടിയൊട്ടിച്ചു. എനിക്കറിയാമായിരുന്നു അപ്പോൾ എന്തു ചെയ്യണമെന്ന് ഞാൻ നിന്റെയൊരു രൂപമുണ്ടാക്കി; കാഴ്ചയിൽ മെയിൻ കാംഫ് -പോലുള്ള ഒരുത്തനെ, കറുപ്പിൽ.

അഴിക്കൂടും പിരിയാണിയും കൊണ്ടൊരു പ്രേമഭാജനത്തെയും. എന്നിട്ടു ഞാൻ പറഞ്ഞു സമ്മതമാണ് ... സമ്മതമാണ് അതുകൊണ്ടപ്പാ ഒടുക്കം ഞാനത് ചെയ്തു. ആ കറുത്ത ഫോണിന്റെ വേരറ്റു. അതിലൂടിനി ഒച്ചകൾക്ക് പുഴു നുരച്ചെത്താൻ കഴിയില്ല.

ഞാനൊരാളെ കൊന്നെങ്കിൽ, ഞാൻ രണ്ടെണ്ണത്തെ കൊന്നു. നീയാണതെന്നും, ഒരു കൊല്ലം, ഏഴു കൊല്ലത്തോളം എന്റെ ചോര കുടിച്ചെന്നും പറഞ്ഞ നരിച്ചീറിനെ, നീയറിഞ്ഞുവെച്ചോ. അപ്പാ, നിനക്കിനി ചാഞ്ഞു കിടക്കാം .

നിന്റെ ചീർത്തു കറുത്ത ഹൃദയത്തിൽ ഒരോഹരിയുണ്ട്, ഗ്രാമത്തിലുള്ളവർ ഒരിക്കലും നിന്നെ ഇഷ്ടപ്പെട്ടില്ല അവർ നിന്റെ മേൽ ചവിട്ടുകയും നൃത്തം വെക്കുകയുമാണ്. അതു നീയാണെന്ന് അവർക്ക് എന്നുമറിയാമായിരുന്നു. അപ്പാ അപ്പാ തന്തയില്ലാത്തവനേ ഞാനതു ചെയ്തു കഴിഞ്ഞു.

​​​​​​​മനോജ് പരിഗണിച്ച കവിതകളിൽ പ്രകൃതിയും ചരിത്രവും ഫിലോസഫിയും രാഷ്ട്രീയവുമൊക്കെ കടന്നു വരുന്നുണ്ടായിരുന്നു.

രണ്ട്​

തുടർച്ചയായി ചെറുതും വലുതുമായ യാത്രകൾ ചെയ്തുകൊണ്ടിരുന്ന എന്നെപ്പോലുള്ളവ‍ർ യാത്രയും കവിതയും ചേ‍ർത്ത് ഒരു മായാസഞ്ചാരത്തിന്റെ അനുഭവമുണ്ടാക്കി അതിന്റെ അനുഭൂതികളിൽ ജീവിക്കുകയായിരുന്നു. ഇത്തരത്തിലുള്ള കുറേ കവിതകൾ ഇക്കാലത്ത് ഞാനെഴുതുകയുണ്ടായി. ട്രൂ കോപ്പി തന്നെ പ്രസിദ്ധീകരിച്ച അത്തരമൊരു കവിതയായിരുന്നു. 2018-ൽ ‍ ഡച്ചു നഗരമായ വെൻലോ വഴി യാത്രചെയ്തിരുന്നു. ആ യാത്രയിലുണ്ടായ ചെറിയൊരു അനുഭവത്തെ ഭാവനാത്മകമായി പുനരവതരിപ്പിച്ചതാണ് ആ കവിത. ബാഗ്ദാദിൽനിന്നുള്ള കത്ത് എന്ന കവിത ചെയ്യാത്ത ഒരു യാത്രയാണ്. ബാഗ്ദാദിനെക്കുറിച്ചുള്ള ആലോചനകളാണ് അത്. മുഹമ്മദ് ഷെഫീഖ് ആരായിരുന്നു, അയാൾക്ക് എന്താവും സംഭവിച്ചത് എന്ന കവിതയും വേറൊരു കാലത്ത് ഒരുകൂട്ടം മനുഷ്യർ നടത്തിയ യാത്രയുടെ അനുഭവങ്ങളെ ആവിഷ്കരിക്കാനുള്ള ശ്രമങ്ങളാണ്. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെ പിടിച്ചുവെച്ചാലും ഭാവനയിൽ അവർ യാത്ര തുടരും എന്നതാണ് ഈ കവിതകളുടെ അനുഭവങ്ങൾ എനിക്കു തരുന്നത്. കവിത ചിലർക്ക് സഞ്ചരിക്കാനുള്ള വഴിയാണെങ്കിൽ വേറെ ചിലർക്ക് സഞ്ചാരം തന്നെയാകുന്നതിന് ഇക്കാലം സാക്ഷ്യം വഹിച്ചു എന്നു പറയാം.

''പുറത്തേക്കു മാത്രമായിരുന്നോ യാത്രകൾ? ഒരിക്കലുമല്ല. ഉറക്കത്തിന്റെയും ഉണർച്ചയുടെയും താളം തെറ്റിപ്പോയ ദിവസങ്ങളിൽ വീട്ടകമാകെ അരിച്ചുപെറുക്കി നടന്നതോർക്കുന്നു. ഈ വീടും പറമ്പും എന്തായിരുന്നു എന്നും അതിനി എന്താകുമെന്നും തുടർച്ചയായി ഓർത്തു നടന്നിട്ടുണ്ട്.'' / Photo: Muhammed Fasil

പുറത്തേക്കു മാത്രമായിരുന്നോ യാത്രകൾ? ഒരിക്കലുമല്ല. ഉറക്കത്തിന്റെയും ഉണർച്ചയുടെയും താളം തെറ്റിപ്പോയ ദിവസങ്ങളിൽ വീട്ടകമാകെ അരിച്ചുപെറുക്കി നടന്നതോർക്കുന്നു. ഈ വീടും പറമ്പും എന്തായിരുന്നു എന്നും അതിനി എന്താകുമെന്നും തുടർച്ചയായി ഓർത്തു നടന്നിട്ടുണ്ട്. വീടിനുള്ളിലേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ വീട് ഒരുപാടു ജീവജാലങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയാണെന്ന തിരിച്ചറിവുണ്ടാകുന്നു. ഒരു വീട്ടിലെ എല്ലാ ജീവികളെയും അറിയണമെങ്കിൽ ആ ജീവജാലങ്ങളുടെയൊക്കെ ഭാഷ മനസ്സിലാകണം. പല വിതാനങ്ങളിലുള്ള അവരുടെ ഒച്ചകൾ കേൾക്കാനാവണം. അവർക്കു കേൾക്കാൻ പാകത്തിൽ നമ്മുടെ ഒച്ചകൾ ക്രമീകരിക്കണം. അങ്ങനെ കേൾക്കാനും പറയാനുമുള്ള ശ്രമങ്ങൾക്കൊടുവിലാണ് വീടിനടിയിൽ പണ്ടുണ്ടായിരുന്ന ജലാശയങ്ങളെക്കുറിച്ചും അതിലും അതിനു ചുറ്റുപാടുമുണ്ടായിരുന്ന ജൈവലോകത്തെക്കുറിച്ചും തിരിച്ചറിവുണ്ടാകുന്നത്. പാ‍ർപ്പിടം പലതരം മിത്തുകൾ ഘനീഭവിച്ച ഒരിടംകൂടിയാണ്. അവ പരിണമിച്ചുണ്ടായ ജീവികളോട് സംസാരിച്ചിരിക്കുമ്പോഴാണ് എല്ലാ നി‍ർമ്മിതികൾക്കും ജീവനുണ്ടെന്നും അത് നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുമെന്നും മനസ്സിലാകുന്നത്. പുറപ്പെട്ടു പോകാനും വന്നുകയറാനുമുള്ള ഒരിടം എന്ന നിലയിൽനിന്ന് വീട് ഗഹനമായ ഒരു പാരിസ്ഥിതിക ഇടം എന്ന മട്ടിൽ തിരിച്ചറിവുണ്ടാക്കിയത് വീട്ടിൽ അടച്ചിടപ്പെട്ടപ്പോഴാണ്. അതുവരെ കേൾക്കാത്ത ജൈവവും അജൈവവുമായ ഒച്ചകൾകൂടിയാണ് വീട് എന്ന അത്ഭുതകരമായ തിരിച്ചറിവാണ് ‘വീട് എന്നാൽ എന്താണ് 'എന്ന കവിതയാകുന്നത്. ഇന്ദ്രിയാനുഭുതികളുടെയും സാമൂഹികവും വ്യക്തിപരവുമായ ഓർമകളുടെയും അത്ഭുതകരമായ മേളനമാണ് ഓരോ പാ‍ർപ്പിടവും എന്ന് ഈ കവിത എന്നെത്തന്നെ പഠിപ്പിക്കുന്നു. ആ കവിത കൂടി ഇവിടെ ചേർത്തു വെക്കുന്നു.

വീട് എന്നാൽ എന്താണ്?

വീടിനെക്കുറിച്ചു സംസാരിക്കണം അതായത് ബോധത്തിലും അബോധത്തിലും ചരിത്രപരമായും ഫിലോസഫിക്കലായും സൗന്ദര്യാത്മകമായും ഞങ്ങളത് എങ്ങനെയാണ് അനുഭവിക്കുന്നത് എന്ന് നിങ്ങളോടു പറയണം.

പറഞ്ഞു നോക്കട്ടെ.

1. ഒരു സാധാരണ വീടാണ്. ഒറ്റപ്പൈസ കൈയിലില്ലാതെ ഉണ്ടാക്കിയത്. വീട് ഞങ്ങളെ കുറേക്കൂടി ദരിദ്രരാക്കി അതുകൊണ്ട് പല അടരുകളിലായി ദാരിദ്ര്യം വീടിന്റെ ഓരോ കോണിലും തത്തിക്കളിക്കുന്നതുകാണാം. പോകെപ്പോകെ വീട് പുതിയൊരു സാമ്പത്തികശാസ്ത്രം പഠിപ്പിച്ചു തരികയുണ്ടായി അതു പഠിച്ചു കഴിഞ്ഞപ്പോൾ പൊടുന്നനെ ഞങ്ങൾ സമ്പന്നരായി. നേരത്തേ പറഞ്ഞ ദാരിദ്ര്യത്തിന്റെ വടുക്കൾ ശരിക്കും സമ്പന്നതയുടെ വടുക്കളാകുന്നു.

2. ഈ വീട്ടിലേക്ക് മാറിയപ്പോൾ ഒച്ച ഒരു സവിശേഷപ്രശ്നമായിരുന്നു. മലമുകളിലെ വീട്ടിലെ ഒച്ചകൾ ഇങ്ങനയേ അല്ലായിരുന്നു. വിദൂരസ്മൃതി മാത്രമായിരുന്ന വാഹനങ്ങളുടെ ഇരമ്പം വല്ലാതെ സമീപസ്ഥമായി. പല രാത്രികളിലും മനുഷ്യരുടെ വാഹനസഞ്ചാരത്തെക്കുറിച്ച് പല കോണുകളിൽ ആലോചിച്ചു നോക്കിയിട്ടുണ്ട്. ഈ ഭാഗത്ത് കുറച്ചു വീടുകളേയുള്ളൂ എന്നിട്ടും രാവ്, പകല് എന്നില്ലാതെ എന്തിനാണ് വാഹനങ്ങങ്ങൾ ഇങ്ങനെ ഇരമ്പുന്നത്? പാതിരാ കഴിഞ്ഞെത്തുന്ന വാഹനങ്ങളിൽ പലതും ഭൗമേതര ശക്തികളുടെ സഞ്ചാരമാണോന്നൊരു സംശയം ശക്തമായി ഉണ്ട്.

3. ദാരിദ്ര്യം എന്ന സമ്പന്നത ചെറിയ വീട്ടുവളപ്പിൽ കുറേ മരങ്ങൾ വളർത്തിയിട്ടുണ്ട്. ഈ പരിസരത്ത് ഇവിടെ മാത്രമേ ഒന്നിനുമല്ലാത്ത കുറേ മരങ്ങളുള്ളൂ അതുകൊണ്ട് അതിൽ പക്ഷികൾ ചേക്കേറും. പക്ഷികളുടെ പല വിതാനത്തിലുള്ള ശബ്ദങ്ങളിൽ കോൺക്രീറ്റു നിരത്തിലേക്ക് അവ അപ്പിയിടുമ്പോഴുള്ള പ്ണും ഛി, പ്ണും ഛി എന്ന ശബ്ദമാണ് എടുത്തു പറയേണ്ടത്. പാതിരാ കഴിഞ്ഞ് പ്രേതങ്ങൾ സഞ്ചാരം തുടങ്ങുമ്പോൾ മാത്രമേ ഈ ഒച്ച വേറിട്ടു കേൾക്കുകയുള്ളൂ

അപ്പുറങ്ങളിലെ അടുക്കളപ്പാത്രങ്ങൾ, വീട്ടകവർത്തമാനങ്ങൾ ഒക്കെ ആദ്യമാദ്യം വല്ലാതെ കേൾക്കുമായിരുന്നു പിന്നെ വേണ്ടാത്തതിന് ചെവിയടയാൻ തുടങ്ങി.

വീടിനുള്ളിലെ ഒച്ചകളെക്കുറിച്ചാലോചിച്ചാൽ ഒരുപാടുണ്ട്. പല്ലികൾ നടക്കുമ്പോൾ വലിയ ഒച്ചയുണ്ട് പാറ്റകൾ അടുക്കളയിൽ പരതുന്നത് രാത്രി ഇരിപ്പുമുറിയിൽ കേൾക്കാം എലികൾ പരക്കം പായുമ്പോൾ പുലി പായുന്ന ഒച്ചയാണ്. നല്ലോണം ശ്രദ്ധിച്ചാൽ ഉറുമ്പുകളുടെയും ചിതലിന്റെയുമൊക്കെ ഒച്ച കേൾക്കാം വിലകുറഞ്ഞ സ്വിച്ചുകൾ ഇപ്പോൾ മിന്നലോടുകൂടിയ മിനിയേച്ചർ ഇടിമുഴക്കം കൊണ്ടുവരുന്നുണ്ട് പുസ്തകംതീനിപ്പുഴുക്കൾക്കും ചിതലുകൾക്കും ഏതാണ്ട് ഈ ശബ്ദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതോണ്ട് സ്വിച്ചുബോർഡിനുള്ളിൽ ചിതലാണെന്ന് തെറ്റിദ്ധരിക്കാം, തിരിച്ചും.

ഈയിടെ ഒറ്റയ്ക്കാകുന്ന രാത്രികളിൽ ജനാലയ്ക്കു മുട്ടി ഒരു സ്ത്രീ ഹലോ.....ന്ന് പറഞ്ഞു പോകും നല്ല രസമാണ്. അതിസുന്ദരമായ ഒരു പേടി വരാനുണ്ട് അപ്പോൾ.

ക്ലോക്കിനുള്ളിൽനിന്ന് ഒരു മെതിയടിയൊച്ച ക്രമത്തിൽ ഇറങ്ങിവരും പല മുറികളിലെ അനലോഗ് ക്ലോക്കുകളിൽനിന്ന് മെതിയടിയൊച്ച ഒരു സിംഫണിപോലെ ഒറ്റയ്ക്കു കിടക്കുന്നവനെ കരിമ്പടം പുതപ്പിക്കും

കാറ്റിന് ഈ വീട്ടിൽ വലിയ ഒച്ചയില്ല മലകൾക്കിടയിൽപ്പെട്ട് അതിന്റെ ഒച്ചടച്ചുപോയി.

പിന്നെ..... മൈലുകൾക്കപ്പുറം കടലിരമ്പുന്ന ഒച്ചയും ഇവിടെ കേൾക്കാറില്ല.

4. ഈ വീട് നിൽക്കുന്നിടം പണ്ട് ഒരു തെങ്ങിൻ തോട്ടമായിരുന്നു ഇടവഴിയിൽനിന്ന് കുറച്ച് ഉയരത്തിൽ അതിനിഗൂഢമായ ഒരു പറമ്പ് ഈന്തുമരങ്ങൾ വഴിയിലേക്ക് ചാഞ്ഞിരിക്കും അത് കായ്ക്കുമ്പോഴും പഴുക്കുമ്പോഴും നിലത്തു വീണ് ചീയുമ്പോഴുമൊക്കെ വേറെ വേറെ മണങ്ങളാണ്

ഒരു ഭാഗം പൈനാപ്പിൾക്കാടായിരുന്നു പൈനാപ്പിളിന് പണ്ട് കൈതച്ചക്ക എന്നൊരു പേരുണ്ടായിരുന്നു അതിനുള്ളിൽ ചേരപ്പാമ്പുകളുണ്ടായിരുന്നു ചക്കയുടെയും ചീഞ്ഞതും ചീയാത്തതുമായ കൈതോലകളുടെയും വേറെ വേറെ മണങ്ങളുണ്ടായിരുന്നു.

ഉന്നതങ്ങളിൽ തെങ്ങുകൾ ഫലസമൃദ്ധമായി ആടിയിരുന്നു.

5. ഈ പറമ്പെന്നാവും പിറവിയെടുത്തത്? എന്നാവും തെങ്ങുകൃഷി ആരംഭിച്ചത്? ഡച്ചുകാരാകുമോ?

തേങ്ങാപറിക്കാർ തേങ്ങാ എണ്ണിക്കൂട്ടുമ്പോൾ ലാഭം, മുതല് എന്നൊക്കെ പറഞ്ഞ് നൂറിനെ നൂറ്റിയെട്ടോ നൂറ്റിപ്പതിന്നാലോ ആക്കും പോർളാതിരിയ്ക്കുള്ള കരമായിരുന്നത്രേ !

സാമൂതിരിയുടെ പട വന്ന് പോർളാതിരി അടുക്കള വഴി ഓടിയിട്ടിപ്പോൾ എട്ടു നൂറ്റാണ്ടെങ്കിലുമായി.

പറമ്പിൽ കുറേ കിണറുകളും കിണറുകളിൽ നരിച്ചീറുകളും അവർ പറയുന്ന കഥകളും ഉണ്ടായിരുന്നു അതിലൊരു നരിച്ചീറാണ് പോർളാതിരിയുടെ കഥപറഞ്ഞത്.

6. പറമ്പിനരികിലൂടെ നടന്നുപോകുമ്പോൾ ഭാവിയിൽ ഇവിടെയാകും വീടുവെക്കുക എന്ന് ആലോചിച്ചതേയില്ല ആലോചിച്ചിരുന്നെങ്കിൽ വേറെ വിധം ഭാവന ചെയ്യാമായിരുന്നു

പറമ്പ് മുറിച്ചു വാങ്ങിയതിനു ശേഷം എല്ലാ നിഗൂഢതകളും അടുത്തുനിന്ന് കാണുന്നതിനായി അതിലൂടെ തലങ്ങും വിലങ്ങും നടന്നിട്ടുണ്ട്. ഞങ്ങൾക്കു കിട്ടിയ സ്ഥലത്തിന് നടുക്കായി ഒരു കിണറുണ്ടായിരുന്നു. അതിലെ കഥകളൊക്കെ മീനുകളായി നീന്തിക്കളിക്കാൻ തുടങ്ങിയിരുന്നു. ആ കിണറിനു മുകളിലാണ് പിന്നീട് വീടു വെച്ചത് അതുകൊണ്ട് പാതിരാനേരം ചെവിയോർത്താൽ കിട്ടുന്ന ഒച്ചകളിൽ ആ മീൻചാട്ടങ്ങളുമുണ്ട്. ഭൂമിയ്ക്കടിയിലൂടെ അവ പുഴയിലേക്കു പോവുകയും മുട്ടയിട്ടു പെരുകാനായി തിരിച്ചു വരികയും ചെയ്യാറുണ്ട്. ആഴം കുറഞ്ഞ ആ കിണറിന്റെ ഓർമ്മകൾക്കുമേൽ ഒരു പൊന്മ ഇപ്പോഴും വട്ടം കറങ്ങും

നല്ല നിലാവുള്ള രാത്രികളിൽ ഈന്തുമരങ്ങളും കൈതക്കൊള്ളും പൊന്മയും നരിച്ചീറുകളും മീനുകളും തെങ്ങുകളുമൊക്കെ ആടി,മണത്ത് ഒച്ചയാറ്റിക്കൊണ്ടേയിരിക്കും.

7. വീട് ഈ ലോകത്തെ മടക്കി വെക്കുന്ന ഇടമാണ് വീടിനു പാകത്തിൽ മടക്കാവുന്ന അവസ്ഥയിലാണ് എല്ലാവരും വീട്ടിലേക്കു വരുന്നത് പത്രം, വാരികകൾ, പുസ്തകങ്ങൾ, ഉടുപ്പുകൾ സ്വയം മടങ്ങുന്നതായി ഭാവിക്കും പാത്രങ്ങൾ പോലും

ജനൽപ്പടിയിലും അലമാരകളിലും ടീപ്പോയിമേലും കിടക്കുന്ന പുസ്തകങ്ങളോടൊപ്പം മടങ്ങിക്കിടന്നു നോക്കൂ, ജന്മജന്മങ്ങളായി മടങ്ങാനുള്ള സംസ്കാരം മനുഷ്യർക്കുണ്ടെന്നു വ്യക്തമാകും. ചിലപ്പോഴൊക്ക അട്ടിയിട്ട വാരികകൾക്കുള്ളിൽ സാമാധാനമായി മടങ്ങിയുറങ്ങും

8. ഇക്കണ്ട ഒച്ചകളോടും മണങ്ങളോടും ഓർമ്മകളോടും സ്വപ്നങ്ങളോടും പേടികളോടുമെല്ലാം ഞാൻ ഇണചേരാറുണ്ട്. ഉറുമ്പുകളും പാറ്റകളും ചിതലുകളും പല്ലികളുമെല്ലാം ഈ വീട്ടിൽ അതിനേക്കാൾ ഇണചേരുന്നുണ്ട്. പെറ്റു പെരുകുന്നുണ്ട്.

9. ഇവിടെയാകെ കഥകളാണ്. കിണറുകളിൽനിന്ന് ചെലവൂരും കടന്ന് ഒന്നരമൈൽ അകലെ പൂനൂർപ്പുഴയിലേക്ക് ഗുഹാവഴിപോലെ കഥകളുണ്ട് അങ്ങേക്കരയിൽ പുഴയിലേക്ക് കാലുനീട്ടി പോർളാതിരിയുടെ കോട്ടക്കുന്ന്. നൂറുവർഷം യുദ്ധം ചെയ്തിട്ടും ജയിക്കാൻ കഴിയാതെ പോർളാതിരിയുടെ കെട്ടിലമ്മയെ പാട്ടിലാക്കിയാണ് സാമൂതിരി കോട്ട പിടിച്ചതത്രെ. തുണയ്ക്കാളില്ലാതെ പോർളാതിരി അടുക്കള വഴി ഇറങ്ങി പുഴയിലെ ഗുഹാവഴികളിലൂടെ രക്ഷപ്പെട്ട് വടക്ക് വേളാപുരത്ത് കോട്ട കെട്ടിയത്രെ. വേളാപുരം, കീച്ചേരി, കോടല്ലൂർ, പറശിനിക്കടവ് ഭാഗത്ത് പോള- വീട്ടുപേരുകാർ ആ കഥകളുടെ ഇണറുകളാണത്രെ അങ്ങനെയൊരു പോള കുഞ്ഞിക്കണ്ണൻ മാഷ് എന്റെ കൂട്ടുകാരിയുടെ അച്ഛനാണത്രെ പോർളാതിരിയുടെ നൊമ്പരങ്ങൾ കുരങ്ങുകളായി അവളുടെ പറമ്പിൽ പുനർജനിക്കുമത്രെ!

കണ്ണുകളിൽ മാണിക്യക്കല്ലുകളുമായി ഞങ്ങളുടെ കിണറിലേക്കു നിത്യപ്രയാണത്തിലായ മീനുകളിൽ അവളുമുണ്ടാകുമോ? ഇതിനൊക്കെ വേറെയും അർത്ഥങ്ങളുണ്ടാകുമോ?

10. മൺചട്ടികൾക്ക് ഭാവിയറിയുന്ന മൂങ്ങകളുടെ ഭാവം കാര്യം ചോദിച്ചപ്പോൾ അത് ഉടലിൽ പറ്റിയ പൊടി ഊതിക്കാണിച്ചു തന്നു

പൊടികൾ, പൊടികൾ വീട്ടിലാകെ പൊടികൾ പൊടികൾ പ്രാണികളാകുന്നു പ്രാണികളായി രൂപാന്തരപ്പെടുന്നു. ഒരിക്കൽ ഈ വീടിനെ മൂടിക്കളയാനുള്ള പണിയൊരുക്കത്തിലാണ് അവ

പൊടിയാണ് ശരിക്കും പെറ്റുപെരുകിക്കൊണ്ടിരിക്കുന്നത്. പൊടിവന്നു മൂടിയാലും ബാക്കിയുണ്ടാകുമെന്ന പഴയ കഥാസാരമാണ് മൺപാത്രങ്ങളുടെ നിഗൂഢാനന്ദം

അടുക്കളസിങ്കിനടുത്ത് ഒരാൽമരത്തിന്റെ സൂക്ഷ്മാണു. ബാത്ത് റൂമിലെ ടൈലിടയിലെ സുഷിരത്തിൽനിന്ന് ഒരു ഞാഞ്ഞൂൽക്കുഞ്ഞ്, പലതരം പൂപ്പലുകൾ.

സൂക്ഷിച്ചു നോക്കിയപ്പോൾ കാടിന്റെ വിത്തുകളാണ്. കാടും അതിലേക്കുള്ള പാമ്പുകളും പാമ്പുകളുടെ പിന്നാലെ വരുന്ന പക്ഷികളും അവയ്ക്കു പിന്നാലെയത്തുന്ന മൃഗങ്ങളും എപ്പോൾ വേണമെങ്കിലും മുളയ്ക്കാൻ തയ്യാറായി ധ്യാനമഗ്നരായിരിക്കുകയാണ്.

പൊടി പൊടിയിൽ കാടിന്റെ വിത്തുകൾ വിത്തുകൾ നനയ്ക്കാൻ ഇടവഴികളിലൂടെയും പാതാളത്തിലൂടെയും പുഴ ബുദ്ധിമുട്ടിയെങ്കിലും പരാഗണത്തിന് കെടുകാറ്റുകൾ

ചുവരുകളഴിഞ്ഞുപോയാലും ഇവിടെ മടക്കിവെച്ച സങ്കല്പങ്ങൾ കാടിനിടയിലൂടെ ഹലോ....ന്ന് മൂളിവിളിച്ച് പാറിപ്പാറി നടക്കും

കോവിഡ് കാലത്ത് ആയിരക്കണക്കിന് കവിതകൾ വായിച്ചിട്ടുണ്ടാവും. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്ന കവിതകളും പുസ്തകങ്ങളായി അയച്ചുകിട്ടിയ കവിതകളുമെല്ലാം അതിലുണ്ടാകും. ഉറപ്പായും കവിത ജീവിതം നിലനിർത്താനുള്ള ഒരു പിടിവള്ളിയായിരുന്നു. കൂടെയുള്ള പരിചയക്കാരും അല്ലാത്തവരുമായ നിരവധി പേർ ഇങ്ങനെ കവിതകളിലൂടെ ഒരു കാലത്തെ അതിജീവിച്ചത് നേരിട്ടു കണ്ടതിന്റെ ഓ‍ർമ കൂടിയാണ് ഈ കോവിഡ് കാലം. ജീവിതത്തിലിന്നുവരെ കവിതയെഴുതാത്തവ‍ർ, പണ്ടെന്നോ കവിതയെഴുതി നി‍ർത്തിയവർ ഒക്കെ കവിതകളിലൂടെ സഞ്ചരിച്ചു. പലരും പ്രിയപ്പെട്ട കവിതകൾ വായിച്ച് ഓഡിയോയും വീഡിയോയുമെല്ലാം ഷെയർ ചെയ്തുകൊണ്ടിരുന്നു. ഒരുപാടുപേർ കവിതാവിവ‍ർത്തനങ്ങളിലേക്കു കടന്നു. എന്നെ സംബന്ധിച്ച് കവിത അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിനുള്ള മാ‍ർഗ്ഗരേഖ കൂടിയായി രൂപപ്പെട്ടു വരികയാണ്. രണ്ടു മാസം കഴിഞ്ഞ് പുറപ്പെടാനിരിക്കുന്ന ഒരു വലിയ യാത്രയുടെ ഒരുക്കങ്ങളിലൊന്ന് ആ നാട്ടിലെ പ്രശസ്തരും അപ്രശസ്തരുമായ കവികളെ വായിക്കുക എന്നതാണ്. ഒരു നാട്ടിലേക്കു പോകുമ്പോൾ ആ നാട്ടിൽനിന്നുള്ള നൂറു കവിതകൾ വായിക്കണം എന്നതാണ് ഈ കാലം തന്ന സാംസ്കാരികമായ തീർപ്പ്.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments