ഖബറിലെ കൂട്ടില് അത്താ
വളർത്തുന്നൊരു അരുമയാം
കിളിയുണ്ട് ,
സുബഹിക്ക് മിനാരത്തിൽ
ബാങ്കൊലി മുഴങ്ങുമ്പോൾ
അക്കിളിയേയത്താ തുറന്നുവിടും
ഖബറിങ്കൽ മൈലാഞ്ചി
മരക്കയ്യിലിര്ന്ന്
അക്കിളി സ്വലാത്ത്
ചൊല്ലും
ചിലയന്തി നേരങ്ങളിൽ
അതെന്നെ തേടിയെത്തും
പറന്നെന്നെരികിലെത്തി
ചിറകിനാൽ തൊട്ടുരുമ്മും
ഞാനപ്പോൾ
അത്തയെയോർത്തുപ്പോവും
അന്നേരം കിളിയങ്ങ്
അത്തയെപ്പോൽ വർത്തമാനങ്ങൾ
ചൊല്ലുവാൻ തുടങ്ങും
അത്തയെ കാണാനുള്ള മോഹം
ഞാന് പറഞ്ഞിടുമ്പോൾ
സമയമായീല്ലെന്ന് കിളിയപ്പോൾ
മറുപടിയും പറയാറുണ്ട്
അത്തയുടെ ഓർമകളിൽ
ഞാന് വിതുമ്പിടുമ്പോൾ
കിളിയൊരു ആശ്വാസ
പാട്ടുപാടും
ഇശാഹിന്റെ ബാങ്ക് വിളി
മിനാരത്തിൽ മുഴങ്ങുമ്പോൾ
സലാം ചൊല്ലി കിളിയങ്ങ്
പറന്നുപോവും
അപ്പോഴെൻ മിഴികളിൽ
ഒരു മഴ പെയ്യാൻ തുടങ്ങും
ഒരു കാറ്റ് വന്നെന്റെ ഓർമകളെ
കൊണ്ടുപ്പോവും
അന്നേരം
സമുദ്രങ്ങളാൽ ചുറ്റപ്പെട്ട
ദ്വീപ് പോലെ
എന്നൊറ്റപ്പെടലുകൾ
വേഗമാവും
അപ്പോഴും അകലെ
പള്ളിക്കാട്ടിലെ മൈലാഞ്ചി
ചില്ലയിലിരുന്ന് ദിക്‌റ് ചൊല്ലും
കിളിയുടെ ഒച്ച കേൾക്കാം
അത്തയിലേയ്ക്കുള്ള കിളി ദൂരം
നോക്കി നോക്കിയിരിക്കേ
ഞാനറിയാതെ മയങ്ങിപ്പോവും
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.