അസീം താന്നിമൂട്

നീണ്ട ഒരു മൗനത്തിന്റെ നിഴൽ

തിനുള്ള
ഏതൊരു സാധ്യതയുമില്ലാത്ത
ഒരു ദിവസമായിരുന്നു
അതന്നാദ്യമായി പ്രത്യക്ഷപ്പെട്ടത്.
ഇരവും പകലും
രഹസ്യമായ് നടത്തിവരുന്ന ആ
പതിവു സന്ധിസംഭാഷണത്തിനു
തൊട്ടുമുമ്പത്തെ ഒരു വൈകുന്നേരം...

ഏതെങ്കിലും ഒന്നിൽ നിന്നും ഊർന്നിറങ്ങി
അതിന്റെ ആകൃതിയോ അവസ്ഥയോ
തകിടം മറിക്കുന്ന
തരത്തിലായിരുന്നില്ല അത്;
വളരെ പഴഞ്ചനൊരു ഭാവത്തെ
ഏറെ പുതുമയുള്ളൊരു രൂപത്തിൽ
ആവിഷ്‌കരിക്കാൻ
ശ്രമിക്കുകയാണെന്ന മട്ടിൽ
വളരെ വ്യത്യസ്തമായിട്ടായിരുന്നു...

മൂല രൂപത്തിൽ നിന്നും
തണുത്ത ഒരു മരവിപ്പ്
നീണ്ടു നീണ്ടു പോകുന്നുവെന്ന്
ബോധ്യപ്പെടുത്താൻ വേണ്ടിയാകണം,
ശിരസ്സ് കഴുത്തിൽ നിന്നും നെടുകി
അറ്റമില്ലാത്ത ഏതോ ദിക്കിലേയ്ക്കു
നീണ്ടു പോയിരിക്കുന്നു.

നിസംഗതയാണ്
അടിസ്ഥാന ഭാവമെന്നതു വ്യക്തമാണ്,
അവയവങ്ങളുടെ
അഭാവത്തിൽ നിന്നും.

നിച്ഛലതയെ,
ഘടനയിലെ വ്യതിയാനംകൊണ്ടു ചലനപ്പെടുത്താൻ
നിഴലിനോളം മിടുക്കുള്ള പ്രതിഭാസം
മറ്റൊന്നില്ല.
അതിനായി വെളിച്ചത്തെയാണതു
വിദഗ്ധമായി വിനിയോഗിക്കുന്നത്.

ലോകത്തെ
ഏറെ ഭാരമുള്ളൊരു ഗോളമാക്കി
മടിയിലേറ്റിയിരിക്കുകയാണെന്ന്
ഒറ്റനോട്ടത്തിൽത്തന്നെ തോന്നിപ്പോകും,
ഇരുണ്ടു വീർത്തുള്ള
ആ ചടഞ്ഞിരിപ്പു കണ്ടാൽ.

എത്രമേൽ കൃത്യമാക്കാൻ ശ്രമിച്ചിട്ടും
തെറ്റിപ്പോകുന്ന ഏതോ ഒന്നതിനെ അലട്ടിക്കൊണ്ടിരിക്കുകയാണെന്നും
അതിലെ മടുപ്പാണ്
മുഷിഞ്ഞ കുപ്പായം പോലെ
കാണുന്നതെന്നും
ഇരുണ്ട നിറത്തിന്റെ
പരിമിതിയിലും പ്രകടമാണ്.

വെളിച്ചത്തോടു തീരെ പ്രിയമില്ലാത്ത
ഒരവസ്ഥയെയാണ്
വിവർത്തനം ചെയ്യുന്നതെന്നു
മനസ്സിലാക്കിക്കാൻ പ്രയാസമുള്ളതിനാലാകാം,
ഇരവിന്റെ
വരവും കാത്താണ് ഇരിപ്പെന്നും
വൈകുന്നതിൽ വല്ലാത്തൊരു
സംഭ്രമമുണ്ടെന്നും
തോന്നിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

ഇരവും പകലും തമ്മിലുള്ള ആ
പതിവു സന്ധിസംഭാഷണം
ആരംഭിച്ചതിന്റെ സന്തോഷത്തിലാവണം
മടിയിലെ ഭാരത്തിനു മുകളിലേയ്ക്കതു
ചെറുകിച്ചെറുകി
കയറുന്നതായ്
ഇപ്പോൾ കാണുന്നത്...?▮


അസീം താന്നിമൂട്

കവി, മാധ്യമപ്രവർത്തകൻ. കാണാതായ വാക്കുകൾ, മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് എന്നിവ പ്രധാന കൃതികൾ.

Comments