ആദി

കാലുകൾക്കിടയിലും

​ഒന്ന്​

ആദി

തലയ്ക്ക് മേലേയുമുള്ള രഹസ്യങ്ങൾ

കൗമാരത്തിൽ
മരം കേറണമെന്നും
മീത്തലേപ്പറമ്പീപ്പോയ്
പന്തുകളിക്കണമെന്നും
മാവിലെറിയണമെന്നും
എനിക്കുണ്ടായിരുന്നില്ല

അപ്പോഴൊക്കെ
ഞാനെന്റെ പറമ്പിൽ
മണ്ണിനെ അപ്പമാക്കുന്ന
കളിയിലേർപ്പെട്ടു

‘നെഞ്ചുന്തീ'യെന്ന്
മാത്രം
പരിചയക്കാരെന്നെ
കൂക്കിവിളിച്ചപ്പോൾ
കുട്ടിക്കാലങ്ങളിൽ
ചിരി കെട്ടുപോകുന്ന
കുഞ്ഞുങ്ങളുടെ പ്രേതങ്ങളെ പ്രതി
രാത്രികളെന്റെ ഉറക്കംമുട്ടിച്ചു

രണ്ട്​

ന്റെ തല
നിറയെ
പെണ്ണുങ്ങളോട് കടം മേടിച്ച
പേനുകളായിരുന്നു;
പെണ്ണുങ്ങളോട് കൂടെ
ഞാൻ ചോറും
കറിയും വെച്ചു.
അപ്പം പകുത്തു.
തമ്മാമ്മിൽ,പേനെടുത്തു.
പൊട്ടി(ച്ചു)ചിരിച്ചു.

തൊഴിലുറപ്പിനമ്മ
പോയ്ക്കഴിഞ്ഞ ശേഷം
പുള്ളിയുള്ള
സാരിയുടുത്തു
ഞാൻ;
അന്നേരങ്ങളിൽ
മേലാകെ പുഴ, കാട്
വാലില്ലാ നക്ഷത്രം

കാലുനീട്ടിയാൽ
ചുമരു തൊടുന്ന
പുരയിൽ
ഉടുപ്പുകളൊന്നും
പാകമേയല്ലാത്ത
ഉടലുപേറി
ഞാൻ ജീവിച്ചു

മൂന്ന്​

ശ്വാസംമുട്ടി മരിച്ചുപോയ
കുട്ടിയായിരുന്നു
ഞാൻ-
അതെ,
തൂങ്ങി മരണമായിരുന്നു

സാരി,കഴുത്തിന് ചുറ്റും
മുറുകിയിരുന്നു;
തൊലി പോലെ

മലയാളം ക്ലാസുകളിൽ
സ്ഥിരം
ലിംഗപ്രത്യയങ്ങൾ
തെറ്റിച്ചെഴുതിയിരുന്ന
എന്റെ വായിൽ
ആത്മഹത്യാകുറിപ്പെഴുതാൻ
വാക്കില്ലായിരുന്നു

ശസ്ത്രക്രിയാ മേശയിൽ
എന്റെ ലിംഗമെന്തെന്ന്
ആശുപത്രി അധികൃതർ
പരിശോധന നടത്തി

സത്യമായു, മെന്റെ
തലയ്ക്ക് മീതെയൊരു
കാടുപൂത്തതവർ
കണ്ടതേയില്ല;
എന്റെ മേലാകെയുള്ള
പൂക്കൾ, പുഴ, വാലില്ലാ നക്ഷത്രം
യാതൊന്നുവർക്ക് വെളിപ്പെട്ടില്ല.

ഇനിമുതൽ
കുട്ടിക്കാലങ്ങളിൽ
ചിരി കെട്ടുപോകുന്ന
കുഞ്ഞുങ്ങളുടെ പ്രേതങ്ങളെ
നിങ്ങളും പേടിച്ചേക്കുക.


ആദി

കവി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാലയിൽ എം.എ മലയാളം വിദ്യാർഥി

Comments