വി. അബ്​ദുൽ ലത്തീഫ്​

രണ്ടു കിണറുകൾ

കുട്ടിക്കാലത്തെ വരച്ചുവെച്ച
പച്ചനിറമുള്ള വലിയ ക്യാൻവാസിൽ
രണ്ടു കിണറുകളുണ്ടായിരുന്നു

കാടും കരിയിലയും നരിച്ചീറുമായി
പാതാളത്തിൽനിന്ന്
പേടികൊണ്ടുവരുന്ന
വലിയ പൊട്ടക്കിണറ്റിൽ
മഴക്കാലത്ത് വെള്ളമുണ്ടാകും

അടിവാരത്തെ വയലുകളിൽ
പുഴവെള്ളം കേറുമ്പോൾ
കല്ലെടുത്തിട്ടാൽ
ആഴങ്ങളിൽനിന്ന്
അത് ഭ്‌ളും..ഹ ഭ്‌ളും..ഹ
എന്ന് ഒച്ച കേൾപ്പിക്കും.
നരിച്ചീറുകൾ
പേടിച്ച് പുറത്തേക്ക് പറക്കും

ആഴം കുറഞ്ഞ കിണറാണത്രേ
ആദ്യം കുത്തിയത്
ആറേഴുമാസം വെള്ളമുണ്ടായിരുന്നു.
മലക്കിനിച്ചിലുകളിലേക്ക്
ഇരച്ചെത്തിയ പുഴവെള്ളം
പൊങ്ങിത്താണപ്പോൾ
കിണറിന്റെ ഉറപ്പില്ലായ്മകൾ
കൂടെപ്പോയി

പ്ത്തോം പ്ത്തോംന്ന്
അത് പോയ വഴിയിൽ
മൺവീടാകെ
പേടിച്ചു വിറച്ചു.

പേടി തൂർക്കാൻ
വലിയ കിണർ
കുത്തിയിട്ടും
രണ്ടുമൂന്നാൾ താഴ്ചയിൽ
ആദ്യത്തെ കിണറോർമ്മ ബാക്കിയായി.
അടുത്ത മഴക്കാലത്ത്
പുതിയ കിണറിനെയും
പുഴവെള്ളം വിളിച്ചുകൊണ്ടുപോയി.

പറമ്പിന്റെ മൂലയിൽ
ആകാശം നോക്കി
രണ്ട് പാതാളക്കിണറുകൾ.

അടുക്കളപ്പുറത്തുള്ള
ചെറിയ കിണറ്റിലേക്ക്
വീടിനും പറമ്പിനും വേണ്ടാത്തതെല്ലാം
വിരുന്നുപോയി
ചീഞ്ഞ ചക്ക ആയിരമായി മുളച്ച്
അതിൽനിന്നൊരു
പ്ലാക്കാട് പൊങ്ങിവന്നു
അതിൽ ചക്കയുണ്ടായപ്പോൾ
കാക്കയും അണ്ണാനും
തിന്നുതിമിർത്ത്
പിന്നെയും കുരു മുളപ്പിച്ചുകൊണ്ടേയിരുന്നു

പിന്നീടെപ്പോഴോ
പേടിയുടെ ആ ഭൂപടം
മൈതാനംപോലെ മാഞ്ഞുപോയി.
തൊട്ടുതൊട്ടും തമ്മിൽപ്പിണഞ്ഞും
ഒരു പ്ലാക്കൂട്ടം മാത്രം
ഇപ്പോഴും
മൈതാനമധ്യത്തിൽ
ആകാശം നോക്കി നിൽക്കുന്നു.​▮


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments