ഇടിഞ്ഞുതൂങ്ങിയ മേഘങ്ങളിൽ
പറന്ന്, പറന്ന്, പറന്ന്...
മുല കുടിക്കുന്ന പ്രാവുകൾ,
അതിനപ്പുറം ഒരാൾ,
അയാൾക്കടുത്തെത്തുമ്പോൾ
അയാളവിടില്ല!
അവിടാകെ ഒരുകൂട്ടമാളുകൾ
അയാളെവിടെ പോയി?
ഒരാളിൽ നിന്ന് ഒരാൾക്കൂട്ടം'*
ആളുകൾക്ക് നടുവിലായി
‘സമാധാനം, സമാധാനം'..
എന്ന് ഉറക്കെയുറക്കെ പറയേ
പുറത്തുള്ളവർ ‘യുദ്ധം, യുദ്ധ'മെന്ന്
അതിലുമുച്ചത്തിൽ ആർക്കുന്നു.
അടുത്തെത്തുമ്പോൾ
‘സമാധാനം' എന്ന് നിലവിളിച്ചയാളും
തോക്ക് കൈയിലെടുക്കുന്നു
ആരെയോ നോക്കി അലമുറയിടുന്നു
മറ്റുള്ളവരെ ചൂണ്ടി തോക്ക്
വിരൽ നിവർത്തുന്നു,
ശബ്ദങ്ങളുടെ ഇടയിലൂടെ
ആരൊക്കെയോ കരയുന്നു
കരച്ചിലല്ല, ചിരിയുമല്ല,
ഭാഷയില്ലാത്ത സ്വരങ്ങളാണത്
അത് വായിക്കാനാവില്ല.
മുന്നിലെ പച്ചമരങ്ങളെ
തോക്ക് നീട്ടി പേടിപ്പിച്ചു,
ഇലകൾ തുളച്ച് വെടിയുണ്ടകൾ
പച്ച രകതത്താൽ നിലം നിറഞ്ഞു
യുദ്ധം, കലഹം എന്നൊക്കെയുള്ള
അലർച്ചകളിൽ ചവിട്ടി
കാലുകൾ ഓടി നടക്കുന്നു.
‘മലകൾക്കപ്പുറത്തുള്ളവർ ശത്രുക്കൾ'
ആരൊക്കെയോ വിളിച്ചു പറയുന്നു
ഒരു ലക്ഷ്യവുമില്ലാതെ തോക്ക് നീട്ടുന്നു
കുഴലുകളിൽ നിന്ന്
കിളികളെ പോലെ പറന്ന്...
മലകളെ തൊടുന്ന വെടിയുണ്ടകൾ,
ദിക്കും അതിർത്തികളുമറിയാതെ
പക്ഷികളും മരങ്ങളും വിറച്ചു
മല പേടിയോടെ തല കുമ്പിട്ടു.
ബുള്ളറ്റുകൾ പായുന്ന
പാടിലൂടെ ഓടുമ്പോൾ
‘സമാധാനം,സമാധാനം...'
എന്നൊരു മുത്തശ്ശി
മുത്തശ്ശിയുടെ ചുണ്ടിലെ
പുഞ്ചിരിയിൽ തീപ്പൊരികൾ
പരന്നൊഴുകി പരന്നു.
അവരുടെ അടുത്തെത്തവേ
‘യുദ്ധം, യുദ്ധ'മെന്ന് മുഴക്കത്തോടെ
ചെവികൾക്കുള്ളിലേക്ക്
വെടിയുണ്ടകൾ പായുന്നു
അപ്പോൾ, അപ്പോൾ തന്നെ
മേഘങ്ങളുടെ മുലകളിൽ
മുത്തിക്കുടിച്ചിരുന്ന
കിളികൾ മഞ്ഞു പോയി
മേഘങ്ങളും മരങ്ങളുമില്ല!
അതി നിശ്ശബ്ദതയോടെ
ലോകം തരിച്ചു നിന്നു
ചാരപ്പുകയാർന്ന
ആകാശത്തിലൂടെ
ഒരു മിസൈൽ പാഞ്ഞു
പറന്ന് പറന്ന്
ചിറകുകളുയർത്തി,
ആകാശം നിറഞ്ഞ്
മുലയൂട്ടാനായി മാനം
കുനിഞ്ഞു നിന്നു.▮
* എസ്.കലേഷിന്റെ വരിയോട് കടപ്പാട്.
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.