അമലു

നഗരം ഒരു മീനെന്ന നിലയിൽ

അമലു

വെള്ളത്തിൽ മീനെന്നപോലെ
ആൾതിരക്കുകൾക്കിടയിൽ മാത്രം ജീവിക്കുന്ന
ഒന്നാണ് നഗരം
തിരക്കൊഴിയുമ്പോളത്
കരയിലകപ്പെട്ടതുപോലെ
ചെകിള ആയാസപ്പെട്ടുതുറന്ന് ശ്വസിക്കുന്നു
ആളൊഴിഞ്ഞ കോണുകളിൽ
നഗരസൗന്ദര്യം
അടർന്ന ചെതുമ്പലുകളാകുന്നു

1926 ജൂൺ

ബാർസെലോണയുടെ ഒഴിഞ്ഞ കോണിൽ
ഒരു മൃതശരീരം
ദൂരേയൊരു പള്ളിമണി
ഒറ്റയും പെട്ടയുമടിക്കുന്നു
വൈകുന്നേരനടത്തത്തിനിറങ്ങിയ
വാസ്തുശില്പി
അയാളുടെ പോക്കറ്റിൽ
ജനാലകളുടെ ചിത്രം
വഴിവിളക്ക് ഒപ്പീസ് ചൊല്ലുന്നു
തെരുവിൽ മരിച്ചുകിടക്കുന്ന അയാൾക്ക്
ക്രിസ്തുവിന്റെ ഛായ
ആളൊഴിഞ്ഞ തെരുവ്
ഇരുട്ടിൽ അമർന്നുകിടക്കുന്നു,
ഒരു പുരാതനമത്‌സ്യത്തിന്റെ
ഫോസിലെന്ന പോലെ.
ഏതു നഗരമാണ്
മരണത്തിനുമേൽ
കണ്ണുകളെ ഇറുക്കിയടക്കാത്തത്

1998 ഫെബ്രുവരി

ഒരു സമുദ്രശാസ്ത്രജ്ഞൻ
അതോ കഥാകാരനോ
റെക്കോർഡ് പുസ്തകത്തിൽ
മീനുകളുടെ ചിത്രങ്ങളോടൊപ്പം
കൊച്ചിയുടെ ശരീരവും വരച്ചുചേർത്ത്
അയാൾ കടന്നു പോകുന്നു
നഗരത്തിന്റെ അനാട്ടമിക്ക്
ഇപ്പോൾ കഥനസ്വഭാവം
തെരുക്കോണുകളിൽ
അയാളുടെ അമർന്ന കാൽപ്പാടുകൾ
ആളനക്കത്തിനുമുൻപേ അയാൾ
തിടുക്കത്തിൽ മരിച്ച്പോകുന്നു
അനക്കമറ്റ ശരീരത്തെ
വേദനക്കൊപ്പം
നഗരത്തിന്റെ അറ്റത്ത് ഒതുക്കിവയ്ക്കുന്നു

ഉറക്കച്ചടവുവിട്ട നഗരം
നീന്തിതുടങ്ങുന്നു
അതിന്റെ
സ്വർണച്ചിറകുകളിൽ
പകൽ തിളങ്ങുന്നു ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


അമലു

കവി, ചിത്രകാരി. ഉട്ടോപ്യൻ രേഖകൾ (കവിതാ സമാഹാരം) എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. Reading the Tales: A Study on Mannan Folk Myths (പഠനം), കവിതയുടെ പ്രതിശരീരം, Digimodernism: Configuring Literature and Society എന്നീ പുസ്തകങ്ങൾ എഡിറ്റ് ചെയ്തു.

Comments