അമ്മു വള്ളിക്കാട്ട്

കുട്ടിയിലുറക്കക്കട്ടിലൊരു റെയിൽപ്പാളം
പതുങ്ങിക്കിടക്കും ചെക്കനൊരു ഇഴജന്തു
ശ് ശ് ശ് എന്ന് ഓടിത്തുടങ്ങും
ചിലരാവുകളിലച്ഛന്റെ ശബ്ദമില്ലാവണ്ടി
ചെവി കൂർപ്പിച്ചതാ കൺകാണാക്കുഞ്ഞുകുരുടി
ഹൃദയത്തിൽ മിടിക്കും,
കുതിച്ചുപായും പുകവണ്ടിക്കിതപ്പ്!
ധും തക്ക്, ധും തക്ക്, ധും തക്ക്
തൊണ്ടയിൽ കുരുക്കും നിശ്വാസങ്ങൾ
ചുണ്ടിലിറുക്കിപ്പിടിക്കും കൂക്കിവിളികൾ

കാലമെപ്പോഴോ മറവിയിലാഴ്ത്തി
ഇരവിൻ കാണാച്ചിത്രം
മാസിക കൗമാരത്താളുകളിലെന്നോ
തെളിഞ്ഞു നഗ്‌നരൂപങ്ങൾ കറുത്ത വരകളിൽ
കണ്ടു ചലച്ചിത്രത്തിൻ ചായത്തിൽ
വർണ്ണമേകി ചുവന്നുതുടുത്തു
കുതിച്ചുപായുന്ന തീവണ്ടികൾ
തെളിഞ്ഞു കൃത്യം സ്ത്രീയും പുരുഷനും
ഭീതിയിൽ അമ്മേയെന്നാർത്തിഴഞ്ഞു മാളത്തിലൊളിച്ചു
രണ്ടുതുണ്ടായ്പ്പിളർന്നു പാളത്തിലെന്നോ
ചതഞ്ഞ ഹൃദയത്തിലേറിയ ചിത്രത്തിൽ
തീവണ്ടിയായില്ലവനൊരിക്കലും
വർഷങ്ങളെത്ര പിന്നിട്ടിട്ടും...
​▮


അമ്മു വള്ളിക്കാട്ട്

കവി. ‘പെൺവിക്രമാദിത്യം പേശാ മടന്തയും മുലമടന്തയും' എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments