ബിന്ദു കൃഷ്ണൻ

കരച്ചിൽ മുറി

രിക്കാൻ ഒരു മുറി
​അതിഥികൾക്ക്
വീട്ടുകാർക്കും
ടി വി കാണാൻ
പത്രം വായിക്കാൻ.

ഉണ്ണാൻ ഒരു മുറി
ഊണ് ഉണ്ടാക്കാൻ
ഒരു മുറി.
എല്ലാം സൂക്ഷിക്കാൻ
ഒരു മുറി.
കുളിക്കാനൊരു മുറി.
പ്രാർത്ഥിക്കാൻ ഒരു മുറി.
ഉറങ്ങാൻ ഒരു മുറി.എന്നിട്ടും പോരാ

അവൾക്ക് ഈയിടെ
ഏതുനേരവും
കരച്ചിൽ,
വല്ലാത്തൊരു കരച്ചിൽ.
മിണ്ടിയാൽ
മിണ്ടിയില്ലെങ്കിൽ
ഓർത്തോർത്തു
കാരണം തേടിപ്പിടിച്ച്...

വലിയ ശല്യമാണെന്നേ
എല്ലാർക്കും.

പണിയണം പിന്നിൽ
ഒരു മുറി കൂടി,
കരച്ചിൽമുറി.
അവൾക്കുമാത്രമായ്
അവിടെ പോട്ടെ
കതകടയ്ക്കട്ടെ
എത്രനേരം
എത്ര ഉറക്കെയും
പൊട്ടിപ്പൊട്ടി കരഞ്ഞോട്ടെ.

ബാക്കിയുള്ളോർക്കു
ടി വി കാണാലോ
പഠിക്കാലോ
ഫോണിൽ കൊഞ്ചാലോ
സ്വൈര്യമായി.

നിരാശ ഒരു രോഗമാണെന്ന്
പറഞ്ഞ
പുതിയ ഡോക്ടർ കൊടുത്ത മരുന്നും കഴിച്ച്
കരച്ചിലിനൊടുവിൽ
ഉറങ്ങാൻ
ഒരു കട്ടിലും
കെട്ടിപ്പിടിക്കാൻ
ഒരു തലയിണയും
ആ മുറിയിൽ ഇടാം.

ഐഡിയ പറഞ്ഞപ്പോൾ
ഡോക്ടർക്ക് മൗനം
പിന്നെ ഡോക്ടർ പറഞ്ഞു,
‘ചേട്ടാ, ആ മുറിയിൽ
മച്ചിൽ
ഫാൻ വേണ്ട
ഒരു കൊളുത്തും പാടില്ല'

ആയിക്കോട്ടെ
എ സി തന്നെയാക്കാം
ഡോക്ടറെ.

‘ആയിക്കോട്ടെ'
​▮


ബിന്ദു കൃഷ്​ണൻ

കവി, തൃശ്ശൂർ കേരള വർമ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ. സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്‌സ് ടെക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. തൊട്ടാൽ വാടരുത്, ദൈവത്തിന്റെ സൊന്തം എന്നിവയാണ്പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങൾ.

Comments