ബിന്ദു കൃഷ്ണൻ.

​​​​​​​റെ നേരമായി ഞാൻ
നോക്കിയിരിക്കുന്നു
കൈവെള്ളയിലെ
കർപ്പൂരച്ചതുരം
കത്തിക്കാതെ.

ഒരു തീപ്പൊരി മതി
എരിയാൻ തുടങ്ങാൻ
ഉരുകിയലിയില്ല
ഒന്നും നനയ്ക്കില്ല
നിന്ന് തിളയ്ക്കില്ല
ഒരു മാത്ര മതി
ബാഷ്പമാവാൻ
അൽപ്പമാത്രകൾ മതി
നേർത്ത സുഗന്ധമാവാൻ
പിന്നെയൊന്നും കാണില്ല ബാക്കി
ഓർമ്മകളിൽ പോലും.

ദീർഘനേരം എണ്ണ
വലിച്ചെടുത്തു കത്തി,
എണ്ണ തീരുമ്പോൾ
കരിന്തിരി കത്തി
വളഞ്ഞൊട്ടുമൊരു
കരിവരിയായി വീട്ടിലെ
പൂജാമുറിയിലെ വിളക്കിൽ...
എന്തു കാര്യം?

ഇനി കർപ്പൂരം മതി
നേർത്ത വെള്ളച്ചതുരം
ഞാനെന്റെ വിളർത്ത ചുണ്ടുകൾക്കിടയിൽ വയ്ക്കട്ടെ
വരൂ നീ
കൊളുത്തൂ തീ
ഒരൊറ്റച്ചുംബനത്തിനാൽ

ഒന്നിച്ചു കത്താം
അല്പമാത്രകൾ
പൊള്ളട്ടെ ചുണ്ടുകൾ
പൊള്ളിച്ചുവക്കട്ടെ
ആറ്റുക നീ പിന്നെ
നാവിന്റെ നനവിനാൽ

നേർത്ത സൗഗന്ധം
നമ്മുടെയാത്മാവിൽ
എന്നേക്കുമായി
പടർന്നു നിൽക്കാം
മെല്ലെ മെല്ലെ അതും
മാഞ്ഞുപോവാനും മതി

പിരിയുകിനി
രണ്ടു വഴികളിൽ
ഓർക്കുക ഓർക്കാതിരിക്കുക
​ഈ പുടപാകം
​▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ബിന്ദു കൃഷ്​ണൻ

കവി, തൃശ്ശൂർ കേരള വർമ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ. സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്‌സ് ടെക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. തൊട്ടാൽ വാടരുത്, ദൈവത്തിന്റെ സൊന്തം എന്നിവയാണ്പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങൾ.

Comments