ഇ.എം. സുരജ

മറ്റൊരുടലിൽ നിന്ന്

തേൻകുരുവിയുടെ ഉടലിൽക്കയറി
ലോകസഞ്ചാരത്തിനിറങ്ങിയ
പാട്ടിനെക്കുറിച്ചാണ്;

കണ്ണുകളിൽ ആകാശവും
തൂവലുകളിൽ വെളിച്ചവും
ഒളിപ്പിച്ച പറക്കലിനെക്കുറിച്ച്.

ആദ്യം വന്നു ചിറകു താഴ്ത്തിയ കൊമ്പത്ത്,
ചില ചെറുപ്രാണികൾ
വാക്കിൽ അർത്ഥം നിറച്ചുകൊണ്ടിരിയ്ക്കുകയാണ്.

കൂർത്ത കൊക്കു കണ്ടപ്പോൾ അവർക്ക്
കൈവിറയ്ക്കുന്നു,
ശബ്ദമിടറുന്നു.
അർത്ഥം മുഴുവനായിട്ടില്ലാത്ത വാക്കുകൾക്ക്
ഇഴകൾ പൊട്ടുന്നു!

കുരുവിയ്ക്കതു കാണുമ്പോൾ സങ്കടം വരും,
സ്വന്തം രൂപം തിരിച്ചെടുക്കും.
അതിന്റെ ഉടലിൽ നിന്ന് തൂവലുകളും
പ്രാണികളുടെ കരച്ചിലിൽ നിന്ന്
പേടിയും
കൊഴിഞ്ഞു വീഴും.

താഴെ,
വാക്കുകൾ പെറുക്കാൻ
കാത്തു നിൽക്കുന്നൊരേകാന്തതയ്ക്ക്
മടുപ്പ്.

പേടിയോരോന്നും
നിലത്തു വീഴുമ്പോൾ,
എടുത്തു കുലുക്കി നോക്കുന്നു,
കാമ്പുറച്ചിട്ടില്ലെന്ന്,
കായ് മുറുകിയിട്ടില്ലെന്ന്,
വലിച്ചെറിയുന്നു.

പിന്നാലെ,
പതുക്കെപ്പതുക്കെ
ചിരികൾ പറന്നു വരുമ്പോഴോ,
അവയെ നിറങ്ങളെന്ന പോലെ
തട്ടിത്തട്ടിക്കളിയ്ക്കുന്നു,
ഓരോന്നായെടുത്ത്
​ഉയിരിൽ ചാർത്തുന്നു!▮


ഇ.എം. സുരജ

കവി. ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിൽ മലയാള വിഭാഗം അധ്യാപിക. ഒരിലയ്​ക്ക്​ എങ്ങനെയൊക്കെ പറക്കാം (കവിത), കവിതയിലെ കാലവും കാൽപ്പാടുകളും, മാരാരുടെ നിരൂപണം: വഴിയും ​പൊരുളും (പഠനങ്ങൾ) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments