ജിജോ കുര്യാക്കോസ്

തൊലിനിറമാണോ സൗന്ദര്യപ്രമാണമെന്ന് അവൻ ചോദിച്ചു.
അവന്റെ ജന്മദിനത്തിന് അവന്റെ നഗ്‌നഫോട്ടോയെടുത്ത് ഇവൻ സമ്മാനിച്ചു.
ചോദ്യത്തിനുള്ള ഉത്തരം - നഗ്‌നത!

നഗ്‌നചിത്രത്തിലെ ആണിടുപ്പിലൊരരഞ്ഞാണം.
ചന്തിക്കൊതിയന്മാരുടെ ശരീരാഭിമാനത്തിന് രജതാലങ്കാരം.
സമ്മാനലബ്ധിയിൽ ഇവന് തിരികെക്കിട്ടിയതോ, ആലിംഗനക്കുളിർ.
ഒപ്പം, ഇടുപ്പോരം അവൻ പകർന്ന വിരൽ വിനോദവും.
രോമാഞ്ചത്തിന്റെ സഹജഭാവം നുകർന്നവനുമിവനും.

ചുണ്ടുകൾ പ്രശസ്തി നേടിയത് ചുംബനഗാഥകൾ വഴിയല്ലേ?-
അവന്റെയടുത്ത ചോദ്യം.

ചുണ്ടിനും, നാക്കിനും, കുണ്ടിക്കും പല ധർമങ്ങളാവാമെന്ന് ഇവൻ.
രുചി ആഹാരത്തിന് മാത്രമല്ല, കക്ഷക്കുഴിക്കുമുണ്ടെന്നും മറ്റുമുള്ള
സ്വവർഗാനുരാഗികളുടെ സ്ഖലനേതരാനന്ദസംഭാഷണങ്ങൾ.

കാത് കുത്തിയ ഇവനും പച്ചകുത്തിയ അവനും
കറുവാച്ചുവയുള്ള കട്ടനടിച്ച്
വസ്ത്രഭാരമേതുമില്ലാതെ വർത്തമാനം തുടർന്നു.

മേനീരോമമാണ് ഇറോട്ടിക്കാ എന്ന് വിശ്വസിക്കുന്ന ഇവൻ
അടുത്തിടെ മുഖം ക്ഷൗരം ചെയ്ത അവനെ നോക്കി പല്ലിറുക്കി.
ഇവന്റെ ദേഹത്തു ക്ഷൗരം ചെയ്ത മോന്ത ഉരസി അവൻ
ഇവന്റെ പിണക്കം മാറ്റി, പിന്നെ ഇണചേരലായി.
സ്വാഭിമാനത്തിന് ഇനിയും നിറം സമ്മാനിച്ച് സ്വവർഗാനുരാഗികൾ
ഗതകാല സുഖസ്മരണകളില്ലാതെ ജീവിച്ചുവന്ന നമുക്ക്
ഐക്യദാർഢ്യം നമ്മൾ മാത്രമെന്നു മൗനത്തിൽ മൂളി.

ആൺ- സ്വവർഗ- ഭൂമികയിലെ ചില അപ്പൻ- മോൻ മൂളലുകൾ.
​▮


ജിജോ കുര്യാക്കോസ്

ചിത്രകാരൻ, ഫോട്ടോഗ്രാഫർ. ഒരു ദശകത്തിലേറെയായി സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ- ഇടപെടലുകൾ നടത്തിവരുന്നു. സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട്, സിനിമ- സാഹിത്യ- കലാചരിത്ര വിഷയങ്ങളിൽ ലേഖനങ്ങൾ, കഥകൾ, ഡോക്യൂമെന്ററികൾ എന്നിവ ചെയ്തുവരുന്നു.

Comments