മരിച്ചതിൻ പിറകെ
കാണാനെത്തുന്ന കാമുകനെ
കവിതയിൽ ധ്യാനിച്ച്
കൂട്ടുകാരികൾ പലതുമെഴുതി.
മരിച്ചെന്നറിഞ്ഞാലും വരില്ലെന്നുറപ്പുള്ള
ഒരാളെ ഓർത്ത്
ഞാനകമേ ചിതറി.
ഇടയ്ക്കിടെ ആളുന്നൊരാധിയിൽ
എന്നെ ഓർക്കുന്നുണ്ടാവുമോ
എന്നവർ ഇടംവലം കരഞ്ഞു.
ഒരിക്കലും ഓർക്കില്ലെന്നെയെന്ന
ഒടുക്കത്തെയുറപ്പിൽ ഞാനകമേ പിടഞ്ഞു.
പോയ പ്രേമം
കൂടു വെക്കുന്നൊരടയ്ക്കാ മരം
കവിതയിലവർ നട്ടു.
ചത്തു തുലഞ്ഞൂടെയെന്ന ചോദ്യത്തിന്റെ
കയ്പു മണം
കാഞ്ഞിര മരം പോലെന്റെ
കവിതയിൽ പാർത്തു.
ഇനിയെന്നെങ്കിലും കാണുമ്പോൾ
പറയേണ്ടുന്ന വാക്കുകൾ,
മുടിയിലണിയേണ്ട മുല്ലകൾ
പലതുമവർ പരതി.
ആരെന്നൊന്ന് കേൾക്കാതിരിക്കാൻ
ഇനിയൊരിക്കലും കാണല്ലേയെന്ന്
പകപ്പോടെയുലഞ്ഞു.
അടുത്ത് പിരിയുന്നത് പോലെയുമല്ല
വെറുത്ത് പിരിയുന്നത്.
അണ്ണാക്കിൽ തടഞ്ഞൊരള്ള്
ഒരു തരി വറ്റിറക്കുമ്പൊഴും
വിടാതെ തടയുന്ന പോലെ.
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം