കൽപ്പറ്റ നാരായണൻ

നഗ്‌നന്‍

കുളിമുറിയില്‍ ആരും നഗ്‌നരല്ല
ഓവര്‍ക്കോട്ടിട്ട് കുളിച്ച ആശാനൊഴികെ.

നഗ്‌നത ലജ്ജിപ്പിക്കുന്നു.
ലജ്ജിപ്പിക്കുന്നതെല്ലാം നഗ്‌നത.
പരാജിതന്‍ നഗ്‌നനാണ്.
നാക്കുപിഴ നഗ്‌നതയാണ്
കിതപ്പ് നഗ്‌നതയാണ്
കമ്പിയൊടിഞ്ഞ കുട നഗ്‌നതയാണ്
കണ്ടുപിടിക്കപ്പെട്ടാല്‍
നുണ നഗ്‌നതയാണ്

കുറ്റവാളി മുഖം മറയ്ക്കുന്നത്
മുഖം രക്ഷിക്കുവാനാണ്.
കുറ്റവാളിയുടെ രഹസ്യഭാഗം
മുഖമാണ്.

നഗ്‌നനായ നെഹ്‌റുവോളം നഗ്‌നനല്ല
നഗ്‌നനായ ഗാന്ധി.
നഗ്‌നനായ
ശ്രീശുകനോട് കുശലം ചോദിച്ചു
നഗ്‌നരായി കുളിച്ചു കൊണ്ടിരുന്ന സ്ത്രീകള്‍.
വ്യാസനെക്കണ്ടപ്പോഴോ
അവര്‍ ഉടുതുണി വാരിയെടുത്ത്
ദേഹം മറച്ചു.

കിരീടം വെച്ച
നഗ്‌നയായ രാജ്ഞിയോളം നഗ്‌നത
നഗ്‌നയായ
തോഴിക്കില്ല
നഗ്‌നത രാജ്ഞിയില്‍
കിരീടം വെച്ചിരിക്കുന്നു.

അധികാരം
കൂടുതല്‍ മറച്ചുവെക്കുന്നു.
നഗ്‌നത മറഞ്ഞു
എന്നവര്‍ക്ക് വിശ്വാസം വരാത്തതാവും.


കൽപ്പറ്റ നാരായണൻ

കവി, നോവലിസ്റ്റ്, സാഹിത്യവിമർശകൻ, അധ്യാപകൻ. ഒഴിഞ്ഞ വൃക്ഷഛായയിൽ, ഒരു മുടന്തന്റെ സുവിഷേശം, കറുത്ത പാൽ (കവിതാ സമാഹാരങ്ങൾ), ഇത്രമാത്രം (നോവൽ), ഈ കണ്ണടയൊന്ന് വെച്ചുനോക്കൂ, കോന്തല, കവിയുടെ ജീവചരിത്രം, എല്ലാ ചലനങ്ങളും വ്യതിചലനങ്ങൾ തുടങ്ങിയവ പ്രധാന കൃതികൾ ​​​​​​​

Comments