കെട്ടിക്കിടക്കുന്ന ഒരു ഒഴുക്കിന
പുറത്തേയ്ക്ക്
തുറന്നുവിടാൻ സഹായിക്കുന്ന
ശുചീകരണത്തൊഴിലാളിയെ
ഒരെഴുത്തുകാരനെന്നു പറഞ്ഞു
പുകഴ്ത്തുന്നു.
അഥവാ മറ്റൊരു തലത്തിലാലോചിച്ചാൽ
ഉള്ളിൽ നിന്നുള്ള
തള്ളുകൊണ്ട്
നില്ക്കക്കള്ളിയില്ലാതെ
പുറത്താക്കപ്പെടുന്ന
നീതി നിഷേധിക്കപ്പെട്ട
ഒരുറവ
ഒഴുകിപ്പരയ്ക്കുന്നു.
ഓവുചാലിലെ മാലിന്യങ്ങളിൽ നിന്ന്
ശുചീകരണത്തൊഴിലാളികൾ
ശുദ്ധജലത്തിന്റെ
പ്രതീക്ഷകളെ
പുറത്തേക്ക് കൊണ്ടുവരുന്നതുപോലെ
തീയിൽ നിന്ന്
പുകച്ചുരുളുകളായി
നിലവിളിച്ചോടുന്നത്
വേദനകളാണെന്ന്
പറഞ്ഞുതരുന്നത്
അനുഭവ പാഠങ്ങളായിരുന്നു.
ക്ഷോഭവും കോപവും പ്രതിഷേധവും
ഉള്ളിലെ ഭ്രാന്തിനേയും
കവി വെള്ളക്കടലാസിന്റെ
പ്രതലത്തിലേക്ക്
കെട്ടഴിച്ചുവിടുന്നു.
അതുകൊണ്ട് തെരുവിലലയുന്ന
ഒരു ഭ്രാന്തനെ കാണാതാവുന്നു.
ഒരു മറയ്ക്കുള്ളിലാണ് ഏത്
അഭിലാഷവും പതുങ്ങിയിരിക്കുന്നത്.
അവയുടെ
പ്രതീക്ഷകളെ വിളിച്ചുണർത്തി
പുറത്തുകൊണ്ടുവരുന്നു
കാലം.
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം