മിസ്​രിയ ചന്ദ്രോത്ത്

ട്രെയിൻ യാത്രയിൽ

രണത്തിന്റെ ഗന്ധമുള്ള സ്‌നേഹത്തെക്കുറിച്ച് മാത്രം
ട്രെയിൻ യാത്രകളിൽ വായിക്കാൻ ആഗ്രഹിക്കുന്നു,
മഴ മൂടിയ അന്തരീക്ഷം എന്നെ
വേദന തിന്നുന്ന സ്ത്രീയുടെ വേഷം കെട്ടിക്കുന്നു,
മനസ് ദുഖാർദ്രമാവുന്നു
നിലാവിലുറങ്ങുന്ന സ്ത്രീയുടെ മുഖം കഥകൾ പറഞ്ഞു തരുന്നു,
ട്രെയിൻ നിർത്തുന്ന നിമിഷത്തിലെ പിന്നോട്ടുള്ള കുലുക്കത്തിൽ
എന്റെ ഹൃദയം അതേ ദിശയിൽ ഉലയുകയും
നിന്നെ സ്വപ്നം കാണുന്ന ഉറക്കം നിലയ്ക്കുകയും ചെയ്യുന്നു,
അപരിചിതരായ സഹയത്രികരുടെ മുഖത്തേക്കുനോക്കാൻ പറ്റാത്ത വിധം
ഞാൻ ചുരുങ്ങി ചുരുങ്ങി ഒരൊച്ചായി മാറിയിരിക്കുന്നു,
ഒറ്റക്കായി പോവുക എന്നത് ഒരുകണക്കിന് മനോഹരമായ കാര്യമാണ്,

ഒറ്റക്കായി പോകുമ്പോൾ നമ്മൾ
​ട്രെയിൻ പാളത്തിനപ്പുറമുള്ള വീടുകൾ കാണുന്നു,
കുട്ടികളെ കാണുന്നു,
അവർ കൈവീശുന്നു,
നമ്മൾ തിരിച്ചും കൈവീശുന്നു,
അവർ നമ്മളെ ഒറ്റക്കാക്കി പിന്നോട്ട്... പിന്നോട്ടോടുന്നു...,
നമ്മൾ അവരെ ഒറ്റക്കാക്കി മുന്നോട്ടോടുന്നു...

അതിൽ മൂക്കൊലിപ്പിച്ച് നിൽക്കുന്ന,
ഷർട്ട് ഇട്ടിട്ടില്ലാത്ത,
കൂട്ടത്തിൽ ഏറ്റവും കറുത്ത ചെറുക്കനെ
നമുക്ക് കൂടെ കൊണ്ട് പോകാൻ തോന്നും,
മുടി ചീകി കൊടുക്കാൻ,
പുതിയ ഷർട്ട് വാങ്ങി കൊടുക്കാൻ...
മുട്ടിലിരുന്ന് കൊണ്ട് അവനെ അണച്ച് പിടിക്കാൻ.....
അപ്പോഴേക്കും എത്രയോ ഷർട്ടിടാത്ത കുട്ടികൾ നമ്മളെ കടന്ന് പിന്നോട്ടോടി പോകും...

ഇത് വെറും
നിരാശ,
നീരസം,
വേദന,
കയ്ക്കുന്ന ജീവിതം.
​​▮


മിസ്​രിയ ചന്ദ്രോത്ത്

തുഞ്ചത്ത്​ എഴുത്തച്​ഛൻ മലയാളം സർവകലാശാലയിൽ ക്രിയേറ്റീവ്​ റൈറ്റിംഗിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി.

Comments