‘ഏഴിനും മീതെയായ് നിന്റെ കഥ
എഴുന്നേറ്റു നിൽക്കുന്നതന്നുമിന്നും
താഴേയായേതിനു, മെന്റെ കഥ
തലകുത്തി നിൽക്കുന്നതെന്നുമെന്നും
വിധിപോലെയിന്നും തിരിഞ്ഞു നിൽപ്പൂ
കഥയിലെല്ലാടവും ഞാനും നീയും.’
"അതിലെന്തുകഥ! ചൊല്ലു ചെമ്മരത്തീ
അതിലെന്തുവിധി! ചൊല്ലു ചെമ്മരത്തീ’
താരകളമ്പരപ്പോടിരുളിൽ
കൂരതുളച്ചെത്തി നോക്കിടുമ്പോൾ
വെള്ളിലപ്പാടത്തിരുന്നവരാ -
മണ്ണിലെക്കാലം കളിക്കുകയായ്.
"പാലു തായോയെന്റെ ചെമ്മരത്തീ
മേലുകൊത്തിച്ചോരക്കുടിച്ചോ നീയും ’
"ചോറു തായോയെന്റെ ചെമ്മരത്തീ ’
"ചോറില്ല, തലച്ചോറ് തിന്നണം നീ.’
"നരമാംസം തിന്നാനോ ചെമ്മരത്തീ!’
"പരമില്ലതിന്നെന്തു മറുപടിയായ്?’
"അരിവെച്ച ചോറിന്നു കൂട്ടാനില്ലേ’
"ആരെത്തറച്ചു ഞാനതു വെക്കേണ്ടു’
"കളിവാക്കു പൈക്കുമ്പം പറയല്ല നീ’
"കളിവാക്കും തെളിവാക്കുമറിയൂല നീ.’
"ഇതിലെന്തുവർത്താനം നീ പറഞ്ഞാ-
ലതിനുള്ള പൊരുളുമറക്കില്ല ഞാൻ
കഥ വിട്ടിറങ്ങിയാലെന്ത് കാണും
അതുകൂടി പറക നീ ചെമ്മരത്തീ’
‘കണ്ടത് മുഴുവനും കാണാണ്ടാകും
കയറിയ പടിയിലിറക്കമാകും
തൊഴുതകൈ വിരൽവിട്ടു തിരികെ പോരും
ഉഴുമൂരിയമറാതടുത്തു നിൽക്കും
തറച്ചൊരു കുണ്ടം പൊരിഞ്ഞുയരും.
ഉറച്ചോരിറങ്കല്ലിളകിയാടും
കെട്ടിയതൊക്കെയഴിഞ്ഞുവീഴും
പൊട്ടിയതൊക്കെയുമൊത്തിണങ്ങും
അടച്ചോരു വാതിൽ തുറന്നു വരും
കുടിച്ചോരുകള്ളു പുറത്തുചാടും.’
"അപ്പോക്ക് കൊള്ളു’മെന്നിമ്പമോതി
അപ്പോളിറങ്ങുന്നു മന്ദപ്പനും.
കുപ്പായം,തലക്കെട്ടഴിച്ചോള് ന്ന്.
കുടകർമല വിട്ടിറങ്ങിടുന്ന്.
ഉടുമ്പയിലമ്മയ്ക്കെറിഞ്ഞ തേങ്ങ
കടുങ്ങനെ കൂടിത്തൻകെട്ടിലായി
മേയുവാൻ പോയോരു മൂരി വന്നു
മേലുനക്കിക്കൊണ്ടു നിൽക്കയായി
ചോലകൾ പലതായി പിന്തിരിഞ്ഞ്
ചേലുകളൊക്കെയും മാറിടുന്ന്.
പതിരെല്ലാം കതിരായി കണ്ടിടുന്ന്
കതിരെല്ലാം പതിരായി തോന്നിട്ന്ന്.
ദിക്കുകൾ മാറിയുദയം കണ്ടു
കൊക്കിലെ ചോപ്പു കറുത്തു കണ്ടു
മലയിറങ്ങെ, യവൾ കഥ പറഞ്ഞു
മനസ്സിന്റെ ചെമ്പകപ്പൂവുലർന്നു.
‘മന്ദപ്പൻ പുതുപട കൂട്ടീപോലും!
ചെന്തീപുകഞ്ഞന്നു വേളാർകോട്ടും
തോർത്തൊന്നു മാറിലിട്ടോടി ഞാനും
തണ്ടും തളയുമായണ്ണൂക്കനും പടക്കളമെത്തി ഞാൻ പരതുന്നേരം
പലരോടും പരിഭവം പറയുന്നേരം
കണ്ടതില്ലങ്ങെങ്ങും നിന്നെയെന്നാൽ
മുണ്ടേലും കൈതേലും ചോരകണ്ടു.
അരിഞ്ഞിട്ട കണ്ടങ്ങൾ വാരി കൂട്ടി
അത് ചേരും പോലെ ഞാൻ ചേർത്തുനോക്കി
ചെറുവിരൽ, മോതിരം കണ്ടില്ലപ്പോൾ
കരയാകെ പരതീട്ടും കണ്ടില്ലപ്പോൾ
വെയിലിലും വയലിലും,വഴികളിലും
വാടാത്തിലയിലും പൂക്കളിലും
കടവിലും കല്ലിലും കദളിയിലും
ഉടൽ ചിന്നിയൂറുന്ന ചോരമാത്രം.
ആയിരം ചില്ലകൾ കൈകൾ പോലെ
ആ മേനി താങ്ങിയെരിയിക്കുന്നു.
കാതിലപ്പോളുമുയർന്നു കേട്ടു
കരളെരിയും വിളി ചെമ്മരത്തീ...
ചെമ്മരത്തീ... യെന്റെ ചെമ്മരത്തീ..
ഇരുളിലും പൊരുളിലുമെന്നുമെങ്ങും
ഇടറാതിവൾ കാത്തതിതിനാണെന്നോ?
ഈഗതിയാർക്കും വരുത്തരുതെ-
ന്നിരുൾനാക്കിലുച്ഛത്തിലോതി ഞാനും
പിന്നൊന്നുമില്ലന്നു,ടന്തടിയായ്
ചിതയിലെടുത്തെന്നെ ഞാനെറിഞ്ഞു.'
കൺകളിലൂറും നിലാവൊഴിച്ചു
കരളുപിഴിഞ്ഞിപ്പോൾ താരകങ്ങൾ
കോറസ്സുപോലിരുൾക്കർട്ടനുള്ളിൽ
വീറോടെ പാടുന്ന പാട്ടുകേൾക്കാം.
‘ഒന്നാം കരിമ്പുക വീശിയപ്പോൾ
വന്നോരു കാറ്റിലലിഞ്ഞു പോയി
രണ്ടാം കരിമ്പുക കാളമേഘ-
ത്തിണ്ടിൻമറവിലൊളിച്ചിരുന്നു.
മൂന്നാംപുകയിൽ തെളിഞ്ഞു നിന്നു മന്ദപ്പൻ ചെമ്മരത്തിക്കുമൊപ്പം.
ദൈവക്കരുവെന്നു മണ്ണിൽ നിന്നും
നാവുകളായിരമാർത്തു ചൊന്നു.’
▮
കതിവന്നൂർ വീരൻ എന്ന പേരിൽ പ്രശസ്തമായ തെയ്യത്തിന്റെ പുരാവൃത്തമാണ് ഈ കവിതയ്ക്കാസ്പദം. മന്ദപ്പനെ പരിചയപ്പെടുന്ന മാത്രയിൽതന്നെ "ഞാനൊരുത്തന്റേം കൈമുതലിന് വാഴ്വോളല്ല’ എന്നു പറഞ്ഞ അഭിമാനിനിയാണ് ചെമ്മരത്തി. എണ്ണ വിൽക്കാൻ പോയന്ന് തന്നെമറന്ന് എരുതാലയിൽ കിടന്ന് പിറ്റേന്ന് വീട്ടിലെത്തിയ മന്ദപ്പനും അവളും കലഹിക്കുന്നു. കലഹക്കാരിയായി മാത്രം ഓർമിക്കപ്പെടുന്ന ചെമ്മരത്തിയുടെ കഥയാണീ കവിത.
ഉടന്തടിച്ചാട്ടം - സതിക്ക് തുല്യമായി ഭർത്താവിന്റെ ചിതയിൽ ചാടുന്ന ആചാരത്തിന് വടക്കൻ കേരളത്തിൽ പറയുന്ന പേര്. അവസാനം നടന്ന ഉടന്തടിച്ചാട്ടം കതിവന്നൂർ വീരൻ തോറ്റത്തിൽ പറയുന്ന ഈ സംഭവമാണെന്നു കരുതപ്പെടുന്നു. ചെമ്മരത്തി ചിതയിൽ ചാടിയപ്പോൾ മൂന്നുവട്ടം കരിമ്പുക പൊങ്ങി. മൂന്നാമത്തേതിൽ മേഘങ്ങൾക്കിടയിൽ ദൈവക്കരുവായി രണ്ടു പേരെയും തെളിഞ്ഞുകണ്ടു എന്നാണ് കഥ.
ഉഴുമൂരി - നിലം ഉഴുവാനായി വീട്ടിൽ പോറ്റുന്ന വരിയുടയ്ക്കപ്പെട്ട കാള.
അണ്ണൂക്കൻ - മന്ദപ്പന്റെ അമ്മാവന്റെ മകൻ.
ഉടുമ്പയിലമ്മ - കുടകിലെത്തിയപ്പോൾ മന്ദപ്പൻ തേങ്ങയെറിഞ്ഞ ഒരു ദേവസ്ഥാനം.
കുണ്ടം- നാൽക്കാലികളെ കെട്ടുന്നതിന് പറമ്പിൽ തറയ്ക്കുന്ന കുറ്റി.
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.