കർക്കിടകം പുലർന്ന്
കാടും മലയും വിറങ്ങലിച്ചു നില്ക്കുമ്പോൾ
ചാണകതറയിൽ ദിനംകാത്ത് ഞങ്ങൾ.
ഉള്ളവന്റെ ഉള്ളറയിൽ പാരായണം
ഏങ്കൾക്ക് പഞ്ഞായണം
വിറച്ച് വിറച്ച് കൊരുമ്പചൂടി പറിച്ചതിനും
കിളച്ചതിനും കിട്ടിയത് കിട്ടി.
താളും തകരയും ഇലക്കറിയങ്ങനെ
തിന്ന് മാനം കാണുന്ന കൂരയിൽ
പുലർത്തണം ഈ മാസമത്രയും.
കൈയും കണക്കുമില്ലാതെ
തോന്നുംവിധം കരഞ്ഞ് തകർക്കുന്ന
ഈ മഴക്കാലത്തിന് എന്തോ
ഏങ്കളെ കണ്ടതില്ല.
പാരായണം പാടി തൊണ്ട ഇടറിയിട്ടെന്താ
വേലയ്ക്കല്ലെ കൂലി
എന്റെ കാടിന്റെ ഭാഷയിൽ
മണ്ണിന്റെ ഭാഷയിൽ ഒരു പാരായണവും ഞാൻ കണ്ടിട്ടില്ല.
ഞാൻ അറിഞ്ഞതേയില്ല
കുരമ്പ ചൂടി വിറങ്ങലിച്ചു കിളച്ച രാമൻമാരെ മാത്രം കണ്ടിട്ടുണ്ട്
തുടിതാളത്തിൽ ഈരടികൾ കേട്ടിട്ടുണ്ട്
ഇതാണ് ഞാനറിഞ്ഞ പാരായണം.
മഴമാറി തെളിയാൻ
കാത്തിരിക്കുന്ന ഏങ്കൾക്ക് പഞ്ഞകാലം
കർക്കിടകം.
ഒരു വേര് കൊണ്ട് വ്യാധിയും
മറുവേര് കൊണ്ട് ആദിയും തീർത്ത മൂപ്പൻ
മരുന്നുകൂട്ടിന്റെ തന്ത്രങ്ങളും
കാട്ടുഭാഷ മന്ത്രങ്ങളും
കാപാളത്തിയമ്മ കൊടുത്ത തിരിയും.
ഏഴിലയിൽ കൂട്ട്
വേര് കൂട്ടിൽ സമം സമം
ചാലിച്ചിട്ട മരുന്നുചിട്ടകളിൽ കാന്തി പരന്നിരുന്നു.
മോതിര മൂപ്പനുഴിഞ്ഞാൽ തീരാത്ത വ്യാധിയില്ല ഊരിൽ
കാട് കടന്നങ്ങനെ
നാട് കടന്നങ്ങനെ
കാട്ടുഭാഷയിൽ ചേക്കേറിയോർ.
കാടറിയണം
മുലപാലു പോലെ നുണയണം
മല കടന്ന് കാട്ടുവഴികളിലൂടെ മൂപ്പൻ നടന്നുകയറുമ്പോൾ
കാട്ടുമരുന്നു കൂട്ടിന്റെ മണം കാറ്റിൽ.
നിറഞ്ഞ കണ്ണുകളിൽ
തെളിച്ചമുണ്ടാക്കി
കനം കയറിയ ഉള്ളകത്തെ
നീറ്റലൊഴിച്ച്
മൂപ്പൻ ഊര്കാത്തിങ്ങനെ.
മല കയറിയ വഴി മൂടി
വേലി തീർത്തപ്പോൾ
മൂപ്പന്റെ കാട് അകത്തായി
മൂപ്പൻ പുറത്തായി.
അന്തിത്തിരി മുടക്കാതെ
കാപാളത്തിയമ്മയ്ക്ക് തിരി
പഠിച്ച തന്ത്ര മന്ത്ര മൊഴി ചൊല്ലി
നിറഞ്ഞ കണ്ണും നീറും ഉള്ള്
വ്യാധി തീർക്കാൻ മൂപ്പനിവിടെ ഊരിലായി
കാട്ടുമരുന്നിന്റെ ജാലകം.
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.