രോഷ്​നി സ്വപ്​ന

ഞാനെന്ന പേരിൽ ഞാണ്ടു കിടക്കുന്ന പക്ഷി

2. റദ്ദ്

ഭൂമിയുടെ ആഴമറിയാൻ
പക്ഷി
മണ്ണിരയുടെ ജന്മം ഇരന്നുവാങ്ങി.
മേൽമണ്ണും
പാറക്കൂട്ടവും കവിഞ്ഞ്
തുരന്ന് മണ്ണിര
ഭൂമിയുടെ അറ്റം കണ്ടു.

വേരുകളായി മാറിയ പക്ഷി
ചിറകുകൾ കണ്ട് ഭയന്ന്​
തിരിച്ചുകയറാൻ
മണ്ണടരുകൾ പിളർന്നവഴി
മറന്നുപോയി.

ഭൂമിയിൽ
പക്ഷിയായി മാറിയ മണ്ണിര
കുതിച്ചുയർന്നു.

ഓർമയിൽ മണ്ണിരയായി
മാറിയ പക്ഷിയാണ്
ഈ കവിത
എഴുതുന്നത്

രുപക്ഷി
പറക്കുന്നത്
കാറ്റിന്റെ സ്ഥിരഗതി
റദ്ദ് ചെയ്തുകൊണ്ടാണ്
കനംകുറഞ്ഞ
തൂവലുകളുടെ
ഒരു കെട്ടുകൊണ്ട്
അത് കാറ്റിനെ
മൂടുന്നു.

ചിറകുകൊണ്ട് തീർക്കുന്ന ഭാഷയുടെ മറുവശത്ത്
ലിപിയോ ശബ്ദമോ
ഉണ്ടാകണമെന്നില്ല.

ഓരോ പക്ഷിയും
നമ്മളെ ഓർമ്മ വറ്റിയ
സ്വന്തം നാടിനെ
ഓർമിപ്പിക്കും.

എണ്ണം തീരാത്ത മരങ്ങളും
കൂട്ടിക്കെട്ടിയ കിളിക്കൂടുകളും
നാടുവിട്ടുപോയ ഒരാൾ
ആരോ തന്നെ നിരന്തരം ഓർത്തുകൊണ്ടേയിരിക്കുന്നു
എന്ന തോന്നലിൽ
ചിറകടിയൊച്ച മാത്രമുള്ള പക്ഷിയായി
മാറാൻ കൊതിച്ചത് ഓർത്തു.

ഓർമ്മ ഒരു യാഥാർഥ്യവും
മറവി ഒരു സ്വപ്നവുമായി
പരിണമിക്കുന്നത്
എത്ര പെട്ടെന്നാണ്.

മൗനത്തിനു കുറുകെ
ആദ്യത്തെ പക്ഷി
പറന്നപ്പോൾ
ശ്... ശ്...
എന്ന ഒച്ചയുണ്ടായി
ഭാഷ കണ്ടുപിടിക്കപ്പെട്ടതായി
അയാൾ പ്രഖ്യാപിച്ചു.
പക്ഷി പറന്നുപോയി.

3. വിശ്രമം

ല്ലാതെ നീണ്ടുവളർന്ന്
ആകാശം മുട്ടിയപ്പോൾ
മരത്തിന് കിടക്കണം.

ആ സമയത്ത് ഒരു കാറ്റ്
ആ വഴി വന്നിരുന്നെങ്കിൽ
മരം അതേ
ആഗ്രഹത്തിൽ
കൊളുത്തിക്കിടക്കുമായിരുന്നു.

മരത്തിന് സ്വന്തം ഉടൽ
മുഴുവനായി കാണണം.
അതിലേറെ
വലുതാവേണ്ടേ?
വേണ്ട.

പക്ഷി
ചിറകുവിരിച്ച്
മരത്തിനെ പുണർന്നു.

4. ഇരുട്ടുമുറി

നിക്കറിയില്ല

അടച്ചിട്ട മുറിയിൽ നിന്ന്
എങ്ങനെ പുറത്തുകടക്കണമെന്ന്.

ദിവസങ്ങൾ എങ്ങനെ കഴിഞ്ഞു എന്നറിയില്ല

ഓരോ ദിവസവും
കാലുറകൾ മാറിമാറി മുളക്കുന്ന
ഒരു ചിലന്തി മാത്രമാണ് ഞാൻ.

ഇരുട്ടുമുറിയിൽ ഉള്ളത്
പൂച്ചയുടെ കണ്ണുകളാണ്
ഇരുട്ടിനോടത്
പല്ലി ചിലയ്ക്കും പോലെ
ചിലക്കുന്നു.

5. സമയം

ന്നലെ ഞാൻ
കൃത്യസമയം കാണിക്കുന്ന ഘടികാരം
ഉടച്ചു കളഞ്ഞ്
തെരുവിൽ നടക്കാനിറങ്ങി.

മുന്നിൽ ഒഴുകി നടക്കുന്ന വഴികൾ കണ്ടു

ഒരാൾക്കും
ഒറ്റ വഴിയിലേക്കും
കയറാനാവുന്നില്ല.
ഓരോ നിമിഷത്തിലും
അതിന്റെ
നീളവും വീതിയും
വ്യത്യാസപ്പെടുന്നു.

പെട്ടെന്ന് ഒരു വഴി
നിശ്ചലമാവുകയും
എന്നെപ്പോലെ ഒരുവൾ
മുടന്തിക്കൊണ്ട്
വഴിയിലേക്ക്
കടക്കുകയും ചെയ്തു.

ഒരു നിമിഷം
ഞാൻ ഓർത്തു
എനിക്ക് മുടന്തുണ്ടായിരുന്നോ?
ഉണ്ടെങ്കിൽ
അത് എന്നുവന്നു?

പെട്ടെന്ന് വഴിചുരുങ്ങി
എന്നെ കാണാതായി.
ഒരു പക്ഷി കൊക്കുകൊണ്ട്
എന്റെ പിൻകഴുത്തിൽ
കൊത്തി വിളിച്ചു,
‘വരൂ'
​▮

6. അകത്തേക്കും പുറത്തേക്കും ഉള്ള വഴി

ഒന്നല്ല
ഒരു പോലെയേ അല്ല
വഴിയിൽ
നമ്പർ ബോർഡുകൾ ഇല്ല
കാഴ്ച മുറിഞ്ഞാൽ ചേർത്ത് കെട്ടാനില്ല
ഓർമ്മയുടെ കെട്ടുകൾ
ഒരിക്കലും

ഉള്ളിൽ ഒഴുകുന്ന
ഒരു പുഴയുണ്ട്
അതിലെ ഒഴുകിപ്പോയാലെത്തും
പുഴ വരണ്ട ഓർമ്മ.

ഒരു കൂജയിലെ മീനിനെപ്പോലെ
കണ്ണടക്കാതെ.....!
നീന്താനാഞ്ഞു കുതിക്കും കണ്ണിലെ കരടു പോൽ
അലഞ്ഞു തിരിയും
ഒരു കാമ്പ്
നേരം പോകെ
ഇരുളാവുന്ന വാക്ക്.


ഡോ. രോഷ്​നി സ്വപ്​ന

കവി, നോവലിസ്​റ്റ്​, വിവർത്തക, ചിത്രകാരി. തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ സ്കൂൾ ഓഫ്​ ലിറ്ററേച്ചർ സ്​റ്റഡീസ്​ ഡയറക്​ടർ. കടൽമീനി​ന്റെ പുറത്തുകയറിക്കുതിക്കുന്ന പെൺകുട്ടി, ചുവപ്പ്​ (കവിതാ സമാഹാരങ്ങൾ), അരൂപികളുടെ നഗരം, ശ്രദ്ധ, കാമി (നോവലുകൾ), കഥകൾ- രോഷ്​നി സ്വപ്​നതുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments