എസ്. ജോസഫ്

ലേഡി കില്ലർ, റെസ്റ്റോറന്റിൽ

ലേഡി കില്ലർ

ത്രത്തിന്റെ
താഴോട്ടുള്ള പടികൾക്കൊടുവിൽ
മൂന്നാണുങ്ങൾ
കുറെ പെണ്ണങ്ങൾ
ഒരുവളെ ചൂണ്ടി
പണമെണ്ണിക്കൊടുത്ത്
മുറിയിലെ
മങ്ങിയ വെളിച്ചത്തിലേക്ക്
അവളുടെ പിന്നാലെ അയാളുമെത്തി

ഒരു കട്ടിൽ
നീലവിരിപ്പ്
കുളിമുറിയുടെ കതക് അടഞ്ഞാണ്
ജനൽ അടഞ്ഞാണ്.

അവൾ പെട്ടെന്ന് സാരി
നിസാരമായി
അലസമായി
ഊരിമാറ്റി
ഇരുനിറക്കാരി
വടിവൊത്തവൾ
കടും കറുപ്പിനാൽ മധ്യമുദ്രിത
വാക്കുകൾ വേണ്ട
പ്രണയം വേണ്ട
ലീലകൾ വേണ്ട

ശബ്ദമുണ്ടാക്കാത്ത പിസ്റ്റൾ കൊണ്ടായിരുന്നു
കാര്യസാധ്യം
ആഹ് എന്ന ഒരു ചെറുശബ്ദം മാത്രം
കറുത്ത രക്തം
വഴിയറിയാതെ തളം കെട്ടി
പിന്നെ ഹ എന്നെഴുതി
അയാൾ പെട്ടെന്ന് പുറപ്പെടുകയും
ഇരുട്ടിൽ ലയിക്കുകയും
ചെയ്തു.

ശവം മറവുചെയ്യുമ്പോൾ
ഒരു ചാറ്റൽ മഴ പോലും
ഉണ്ടായിരുന്നില്ല.

റെസ്റ്റോറന്റിൽ

ഗരത്തിലെ
പതിവു റെസ്റ്റോറന്റിൽ
അവളും എത്തി
ഊണുകഴിച്ചു
ബാഗിനുള്ളിൽ തുണികൾക്കു താഴെ ആഭരണങ്ങൾ
എ റ്റി എം കാർഡ്
ഒരു കെട്ടു രൂപ
മൊബൈലുകൾ നിശബ്ദം
മറ്റൊരു ബാഗിൽ
ചെക്കോവിന്റെ വൈകി വിടർന്ന പൂവ്
കാൽവിനോയുടെ
ഈഫ് ഓൺ എ വിന്റേഴ്‌സ് നൈറ്റ് എ ട്രാവലർ
പാമുക്കിന്റെ സ്‌നോ
രണ്ട് ഏ.സി ട്രെയിൻ ടിക്കറ്റുകൾ
ഐഡി കാർഡുകൾ

യാത്ര
ആടിയാടി
ചപ്പാത്തിയും കുർമ്മയും കഴിച്ച്
ഭാവികാര്യങ്ങൾ പറഞ്ഞ്
ചിരിച്ച്
സ്വപ്നങ്ങളോടെ
അവൾ ദേഹത്ത് ചൂടുപറ്റിയിരുന്നു
അമ്മയെക്കുറിച്ചു പറഞ്ഞു കരഞ്ഞു
ചാരിയുറങ്ങി
എല്ലാവരും ഉറങ്ങുന്നു

എവിടെയെത്തി എന്ന് നിങ്ങൾ ചോദിച്ചല്ലോ.

എങ്ങുമെത്തിയില്ല
റെസ്റ്റോറന്റുള്ളിടത്തോളം
അവിടെത്തന്നെ
ഇരിക്കുന്നു
ദുഃഖത്തോടെ
നിരാശയോടെ
ജീവിതത്തെ ശപിച്ച്
പരസ്പരം നോക്കി
ഉരുകി
തണുത്തുറഞ്ഞ്
മരവിച്ച്
മരിച്ച്
​▮

​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments