എസ്.ജോസഫ്

എന്റെ കവയിത്രിക്കുള്ള വരികൾ

ന്റെ കവയിത്രി ചുരുണ്ട മുടി വിടർത്തിയിട്ട് കുനിഞ്ഞിരിക്കുന്നു

അവൾക്കായി
ചുള്ളിക്കമ്പുകൾ കാറ്റിൽ കറങ്ങി വീഴുന്നു
അവൾക്കായി
ചുണ്ടുകൾ നനഞ്ഞു തെളിഞ്ഞതുപോലെ തന്നെ ഉണങ്ങി മായുന്നു

അവൾക്കായി
സൈബീരിയയിലേക്ക് മടങ്ങുന്ന പക്ഷികൾ കൊണ്ടുവന്നതെല്ലാം കൊണ്ടുപോകുന്നു

അവൾക്കായി
മരത്തിൽ നിന്ന് മരത്തിലേക്ക്
ഒരു അണ്ണാൻ പറക്കുന്നു

അവൾക്കായി മഞ്ഞിൽ വീണ കുളമ്പടികൾ
അകലെയാകുന്നു

അവൾക്കായി
ഒരുവൻ മറഞ്ഞിരുന്ന് വേറൊരുവന്റെ
മേൽ കത്തികൊണ്ട് വരയുന്നു

അവൾക്കായി
മൂന്നു കന്യകമാർ നൃത്തം ചെയ്യുന്നു.

അവൾക്കായി ഞാനൊറ്റയ്ക്കിരുന്ന്
ജിന്ന് കഴിക്കുന്നു

എന്റെ കവയിത്രി ചുരുണ്ട മുടി വിടർത്തിയിട്ട് കുനിഞ്ഞിരിക്കുന്നു
​▮


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments