സന്ധ്യ എൻ.പി.

ഒരു കവിൾ മണം

ന്ന്
രണ്ട്
മൂന്ന്
ഓട്ടോറിക്ഷകൾ
വരിവരിയായിക്കടന്നുപോയതിനു ശേഷവും
കാലുനിലത്തു കുത്തി,
ബ്രേക്കിൽ വിരലമർത്തി
ആക്‌സിലറേറ്ററിൽ കൈയ്യയച്ച്
വണ്ടി നിർത്തി കാത്തുനിന്നു.

ഒന്ന്
രണ്ട്
മൂന്ന്
പട്ടികൾ തലങ്ങും വിലങ്ങും വാലാട്ടി
റോഡു മുറിച്ചു കടന്നു.
മാസ്‌കിടാതെ ഞങ്ങളെ നോക്കി,
ഭാഗ്യവാന്മാർ !
മുഖമപ്പാടെ
ലോകത്തിനു നേർക്കു പിടിക്കാം!
മാസ്‌കിനുള്ളിൽ മൂക്കു ചൊറിഞ്ഞു.
ആരോ മൂക്കിനെക്കുറിച്ചു പറയുന്നുണ്ട്.

ഒന്ന്
രണ്ട്
മൂന്നു
മനുഷ്യർ മാന്ത്രികക്കൈ നീട്ടി
ചീറിവരും വണ്ടികളെ ഒരു നിമിഷം
സ്തംഭിപ്പിച്ചു നിർത്തി
റോഡു മുറിച്ചു കടന്നു.
റോഡു മുറിച്ചു കടന്നു.

ഒന്നു
രണ്ടു
മൂന്ന്
നെടുങ്കൻ മരങ്ങൾ
റോഡു സൈഡിൽ വരിവരിയായ്
വരിവരിയായ് നെടുങ്കൻ മരങ്ങൾ!
റോഡു മുറിച്ചു കടക്കുകയാവുമോ?
ഒന്നിന്റെ ചോട്ടിലേക്കു നോക്കി:

ഒന്ന്
രണ്ട്
മൂന്ന്
നാല്
അഞ്ച്
ആ.....
പച്ചത്തൊള്ളായിരം പൂക്കൾ!
മരച്ചോടൊരു പാലപ്പൂമെത്ത ...
മാസ്‌ക് താഴ്ത്തി, കണ്ണടച്ച്
ഒന്ന്
രണ്ട്
മൂന്ന്
ആഞ്ഞു ശ്വാസമെടുത്തു.​▮

​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


സന്ധ്യ എൻ.പി.

കവി. ശ്വസിക്കുന്ന ശബ്​ദം മാത്രം,​ പെൺബുദ്ധൻ എന്നിവ കവിത സമാഹാരങ്ങൾ

Comments