സ്​മിത പന്ന്യൻ.

ഇമിറ്റേഷൻ ഓഫ് ഡെത്ത്:ഒരു മരണാനുകരണ ദിനക്കുറിപ്പ്

മിൽ മാധവി വന്നു*
എമിൽ മാധവി പറഞ്ഞു
മരണാനുകരണമാണ്.
ബാഗ്, ഫോൺ
ശേഷം ചെരുപ്പ്
ഇത്യാദികളുപേക്ഷിച്ച്
നിശബ്ദരായെന്റെ കൂടെ വാ.

ഞങ്ങൾ പതിനഞ്ചുപേർ
പറഞ്ഞവയുപേക്ഷിച്ച്
പറഞ്ഞ പ്രകാരം
സാമൂതിരി സ്‌കൂളിന്റെ
ഇടുങ്ങിയ ഒറ്റക്കവാടം കടന്നു.
ചെരുപ്പുപേക്ഷിച്ചപ്പോൾ
ഇരുട്ട് ചെവിയിൽക്കൊത്തി.
കണ്ണടഞ്ഞു

വായിൽ കടലത്തരികൾ
രുചിക്ക് രുചിക്ക് എന്ന് ഞെരിഞ്ഞു.
വിരൽത്തുമ്പുകൾ
വിറയലോടെ
പൂഴിയിൽ
മരണം മരണമെന്നെഴുതുന്ന
മണം

‘മരണം പോലെ തണുത്ത
നാലുവാക്കുകൾ പറ'

ഒരൗൺസ്ഗ്ലാസ്സോളം പോന്ന
മധുരം കടുത്ത
കട്ടൻചായയ്ക്കും
തൊണ്ടയ്ക്കുമിടയിൽ
വാക്കുകൾ പതിനഞ്ചിനെ
നാലുകൊണ്ട് ഗുണിച്ച്
വായുവിലൂടെ പടർന്നു.

ആംബുലൻസ് എന്നുച്ചരിച്ചനേരം
പുറത്ത് അമലിന്റെ വണ്ടി
ട്രാഫിക് ജാമിലായി.
പുറപ്പെട്ടിട്ടും പുറപ്പെട്ടിട്ടും
സമയത്തെത്താതെ
അത് പതിനഞ്ച് ജോഡി ചെകിടും ചുറ്റി
എന്റെ മാത്രം കാതിനകത്ത് കേറി
ഇരുൾപ്പാലം കുലുക്കി
ചുവന്ന ലൈറ്റ് വിറപ്പിച്ച്
യോ യോ യോ എന്ന് വട്ടം കറങ്ങി.

‘സ്മിതേച്ചീ വൈകുമേ'ന്ന്
അവന്റെ നിലവിളി.
ശരി,അമൽ ശരി..
ഞാനൊറ്റയ്ക്ക് മരിച്ചോളാം.
നീ പതുക്കെ വാ.
E7* മറ്റാർക്കും കേറാവുന്ന നമ്പറല്ല.

ഓർമ എന്നുച്ചരിച്ചപ്പോൾ
അമ്മയില്ലാത്ത ഒരു കുഞ്ഞ്
ഓടി വന്ന് അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു.
പുറത്ത് നനഞ്ഞ മണ്ണിൽ
കൈക്കോട്ടുകൾ പകയോടെ
കൊത്തി.
പളുങ്കു പോലെ തിളങ്ങിയ
മരണം കണ്ണിന് നേർക്കണ്ണിൽ
പന്തം കത്തിച്ചു കുത്തി.

പിന്നെ, അനന്തതയിൽ നിന്നൊഴുകിയ
മരണത്തീവണ്ടി പോലെ
വിളക്കേന്തിയ മനുഷ്യരുടെ
ഘോഷയാത്രയും
നിന്റെ ശബ്ദത്തിൽ
ഉടുപ്പഴിക്ക് ഉടുപ്പഴിക്ക്
എന്ന പതിഞ്ഞ പാട്ടും വന്നു.
പതിനഞ്ചു ജോഡി കൈകളുമായി
ഞാൻ മാത്രം അവയ്ക്ക് മീതെ
വിറയലോടെ മണ്ണ് വാരിയിടാൻ തുടങ്ങി.

തണുപ്പ് എന്നെഴുതിയത്
കണങ്കാലോളം വെള്ളത്തിലാണ്.
അതിനുമുമ്പ് അവ
ചരൽക്കല്ലുകൾ,
കരിയിലകൾ, ചതുപ്പ്
എന്നീയോർമ്മകൾക്കുമേൽ
നടന്നിരുന്നു.
ഞണ്ടുകൾ പാർക്കുന്ന
വീട്ടിൽ നിന്ന്
അപ്പോൾ എന്റെ പഴയ പ്രേമം
അതേ അലിവോടെ കൈനീട്ടി.

മെഴുകുതിരികളുമായി
ഞങ്ങൾ കാലുകൾ കൊണ്ടു മാത്രം
ലോകം തൊട്ടു കൊണ്ടിരുന്നു.

മരവിപ്പ് എന്ന് പേരുള്ള പെൺകുട്ടി
ശവപ്പെട്ടിയിൽ നിന്ന്
വിളറിയ ചുണ്ടോടെ
അത്ര പതുത്ത ഇംഗ്ലീഷിൽ
സൂയിസൈഡ് നോട്ടുകൾ* മിണ്ടി.
അവളുടെ
നീണ്ടു കൂർത്ത വിരലുകളിൽ
മരണത്തെ അള്ളിപ്പറിച്ചതിന്റെ തൊലി
നഖചർമ്മം പോലെ പറ്റിയിരുന്നു.
അപ്പോ ഷീയെ ഓർമ്മ വന്ന് വയ്യാതെ
എനിക്ക് ഷിജുവിനെ വിളിക്കണമെന്ന്
തോന്നി.

ഒട്ടും പറ്റുന്നുണ്ടായില്ല.
വഴിയരികിലെങ്ങും
വലിച്ചു കീറപ്പെട്ട പെൺകുട്ടികൾ
ആദ്യം കാൽക്കീഴിലെ
ബ്രൗണി*യെപ്പോലെ
പതുങ്ങിയെങ്കിലും
പിന്നെ അവൾക്കുള്ളിലെ
പുലിയെപ്പോലെയും അലറി.

കഴുത്തിൽ കുരുക്കിട്ട ചെറുപ്പക്കാരനും
കാമുകിയെ ഞെരിച്ചു കൊന്നവനും
ഒരു പോലെ,
അച്ഛാ,എന്റെ പൊന്നച്ഛാ..
എന്നാർത്തു കരഞ്ഞു

തട്ടമിട്ട പെൺകുട്ടികളുടെ
നനഞ്ഞ ഉടുപ്പിലും
നിലവിളിപോലുള്ള ജാഥയിലും തട്ടി
നെറ്റിയിൽ നിന്നും ഉപ്പുനീരുപോലെ
ചോരയൊഴുകി.

അവരെ പൂച്ചകളെപ്പോലെ
പോറ്റിയ മുസ്ലിം വൃദ്ധൻ
പല വട്ടം മരണങ്ങൾ കണ്ട
ഒച്ചവറ്റിയ തൊണ്ടയിൽ ഞരങ്ങി.

ഏഴാം വയസ്സിൽ കടിച്ചു തിന്നപ്പെട്ട
പെൺകുട്ടിയെ
കേട്ടു കേട്ടെനിക്ക്
ശരിക്കും മരിക്കാൻ
തോന്നി.

ആ സെക്കന്റിൽ,
‘മടങ്ങൂ.. ബുക്ക് ചെയ്ത ട്രെയിനാണ്.
സ്റ്റേഷനിൽ ഞാനുണ്ട്' എന്ന്
പൊന്നിന്റെ
നോട്ടിഫിക്കേഷൻ വന്നു.

അര കിലോമീറ്ററിനപ്പുറത്തെ ബാഗിൽ
ഓഫ് ചെയ്തുവെച്ച ഫോണിൽ നിന്ന്
പച്ചവെളിച്ചം തെളിയുന്നതുകണ്ട്
വീണ്ടും എനിക്ക് പേടിയായി

പോണം
എനിക്ക് പോണമെന്നൊരലർച്ച
ആറടി നീളമുള്ള
ചതുരക്കുഴിക്കകത്തേക്ക് വീണു.
ഞങ്ങളെല്ലാവരും
ശുഭാപ്തി വിശ്വാസത്തോടെ
അതിന്മേൽ വീണ്ടും വീണ്ടും മണ്ണു വാരിയിട്ടു.

പതുക്കെ ഞങ്ങൾ
പരസ്പരം ഇടിഞ്ഞുവീഴുന്ന
മൺതിട്ടുകളാവാൻ നേരത്ത്
ഇരുട്ട് കുറേക്കൂടി കനത്തു.
തുടർന്ന്,
അതിന്റെ കനവും ചോരക്കറുപ്പും
കാണാതിരിക്കാൻ
തലയ്ക്കൽ വിളക്കുകൊളുത്തിവെച്ച
പച്ചിലപ്പായയിൽ
ഓരോരുത്തരായി ഞങ്ങൾ
കണ്ണുകളടച്ച്
നീണ്ടു നിവർന്ന്
നീണ്ടു നിവർന്ന്
കിടന്നു.

എറിഞ്ഞ എള്ളും പൂവും തീർത്ഥവും
ചുണ്ടും നെറുകയും കടന്ന്
അബോധത്തിലേക്ക് വീണു.
കുടിച്ച കള്ളും കടിച്ച വൻപയറും
തേങ്ങാപ്പൂളും കൊണ്ട്
ഞങ്ങൾ ഞങ്ങൾക്ക് തന്നെ ബലിയിട്ടു.

ചെരിപ്പിട്ട് മടങ്ങുമ്പോൾ
വിളിക്കാഞ്ഞിട്ടും ഷിജു വന്നു.
പഞ്ചാബി ഹോട്ടലിരുന്ന് ഞങ്ങൾ
ആലൂ ചപ്പാത്തിയും മഷ്‌റൂമും തിന്നു.

പുസ്തകപ്രകാശനത്തിൽ
പങ്കെടുക്കുമല്ലോ എന്ന്
ലത്തീഫ് മാഷ്ടെ വാട്‌സ്​ആപ്പ്​ വന്നു.

വീഡിയോകോളിൽ ദീപ വന്ന്
ഷിജുവിനെ വെറുതെ വിടരുത് എന്ന് പറഞ്ഞു.

മടങ്ങുന്ന ട്രെയിനിൽ കയറ്റി
ഷിജു കൈവിട്ടു പോയപ്പോൾ
ലോകം അതേ മരണത്തിന്റെ ഒച്ചയിൽ
എന്നെയും വഹിച്ച്

ചെല്ല്, ചെല്ല് വേഗം വേഗം
ചെല്ല് ചെല്ല് വേഗം വേഗം
ചെല്ല് ചെല്ല് വേഗം വേഗം

എന്ന് പറന്നു. ​

*നാടകപ്രവർത്തകൻ എമിൽ മാധവിയും സംഘവും കോഴിക്കോട് സാമൂതിരി സ്‌കൂളിൽ അവതരിപ്പിച്ച ഇമിറ്റേഷൻ ഓഫ് ഡെത്ത് എന്ന
തിയേറ്റർ പെർഫോമൻസിൽ പങ്കെടുത്തതിന്റെ ഓർമ.
*E7 : നാടകത്തിലെ ഏഴാം നമ്പർ ക്രമം
*സൂയിസൈഡ് നോട്ട്​സ്: വെർജീനിയ വുൾഫ്.
*ബ്രൗണി: എന്റെ പെൺ പൂച്ച.


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments