നീയെന്തു ചെയ്യുന്നു?
ഞാൻ കവിതകളെഴുതുന്നു
എന്തിനു വേണ്ടി?
ഞാനൊരു കവയിത്രിയാണ്
അതുകൊണ്ട്?
എനിക്കറിയില്ല
നീ നരകത്തീ പോട്ടെ
ഞാനതിലാണല്ലോ
നിനക്ക് ചത്തു കൂടെ?
എനിക്ക് ജീവിക്കണം
എങ്ങനെ?
എന്റെ ശ്വാസം കൊണ്ട്-
എന്റെ വിയർപ്പു കൊണ്ട്-
നിനക്ക് നാണമില്ലേ?
എന്തിന്?
നീയൊരു തേവിടിശ്ശിയാണ്
എങ്ങനെ?
നീ ഞങ്ങളെ കൊല്ലും
എനിക്കാരെയും കൊല്ലാൻ കഴിയില്ല
ഒരു സ്കൂൾ തുടങ്ങ്
ജീവിതം തന്നെയല്ലേ പാഠശാല?
ഒന്നിനും കൊള്ളാത്തവൾ
ഞാനല്ല
നിന്നെ ഞങ്ങൾ കൊല്ലും
എന്തിന് വേണ്ടി?
നിന്നെ ഞങ്ങൾക്ക് വേണ്ട
എനിക്ക് വേണം
കടന്നു പോ
ഞാനിപ്പോൾ മടങ്ങിയെത്തിയതേയുള്ളൂ
ഒരിടിമിന്നൽ
വാതിൽ വലിച്ചടക്കുന്ന ശബ്ദം
വിളക്കുകൾ കെടുന്നു
ഞാനൊരു തിരി കത്തിക്കുന്നു
തീനാളം എനിക്ക് തരുന്നത്
ഒരു ലോകത്തിന്റെ മുഴുവൻ ചൂട്
കടലാസിലെ സമാധാനത്തിന്റെ വെളിച്ചം
മറ്റെന്താണൊരുവൾക്ക് വേണ്ടത്?
അവൾക്ക് വേണ്ടതെല്ലാം എഴുതാൻ.
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.