ശ്രീകുമാർ കരിയാട്

ഇടവഴിയെപ്പറ്റി ഒരു കവിത

ണ്ട് അയാൾ ചെരുപ്പുകളെപ്പറ്റി കവിതയെഴുതിയിരുന്നു.
ഇടവഴിയെപ്പറ്റിയെഴുതിയിരുന്നില്ല.

അതിനുകാരണമുണ്ട്.
ഇടവഴിനിറയെ മുളളുകളായിരുന്നു.
മുള്ളുകളെപ്പറ്റിയെഴുതാനുളള കാവ്യഭാഷ അയാളുടെ കയ്യിലുണ്ടായിരുന്നില്ല.
മുള്ളുകൾ എവിടെനിന്നുവന്നുവെന്നതിനെപ്പറ്റി അറിയാതെ എങ്ങനെ മുള്ളുകളെപ്പറ്റി കവിതയെഴുതും?

എന്നാൽ ചെരുപ്പിനെപ്പറ്റി നൂറായിരം കവിതകൾ അയാളെഴുതിവെച്ചു.
ചെരുപ്പിന്റെ ഉൽപ്പത്തി അയാൾക്കറിയാമായിരുന്നു.
അയാൾ നേരിട്ടുകണ്ടതാണ്.

കുറേപ്പേർ ചേർന്ന് ഒരു മനുഷ്യനെക്കെട്ടിയിട്ട് അടിച്ചുകൊല്ലുന്നു. തോല് ഉരിഞ്ഞെടുക്കുന്നു. അവ രാജാവിന്റെ കാലളവിനനുസരിച്ച് വെട്ടിയെടുക്കുന്നു. വർണ്ണങ്ങൾ പൂശുന്നു.

ആ രണ്ട് ചെരുപ്പുകൾ ഭവ്യതയോടെ ഗോപുരത്തിനുപുറത്ത് കൊണ്ടുവെച്ചത് അയാളുടെ ഗോത്രത്തിലുളള ഒരാളാണ്.

അതിന്റെ അനുകരണങ്ങളാണ് പിന്നീടുണ്ടായ ചെരുപ്പിനെപ്പറ്റിയുളള കവിതകൾ.

അയാളെഴുതിയ, ചെരുപ്പുകളെപ്പറ്റിയുളള കവിതകൾ,
എഴുതപ്പെടാത്ത ഇടവഴികളെപ്പറ്റിയുളള കവിതകളുടെ മുകളിലൂടെ,
ചുമന്ന പാദങ്ങളോടെ നടന്നുപോകുന്നു.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​


ശ്രീകുമാർ കരിയാട്

കവി, മാധ്യമപ്രവർത്തകൻ. മേഘപഠനങ്ങൾ, മാഞ്ഞുപോയില്ല വൃത്തങ്ങൾ, പഴയ നിയമത്തിൽ പുഴകളൊഴുകുന്നു, നിലാവും പിച്ചക്കാരനും എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments