ഭൂതകാലത്തിലൊരു കുറുനരിയിരിപ്പുണ്ട്.
മുന്നോട്ടോ പിന്നോട്ടോ ദിശയെന്നറിയാതെ.
എന്നെത്തന്നെ നോക്കിയിരിക്കുന്നു.
ഭാവിയോടൊന്നും ചോദിക്കണ്ട,
അതാരോ പെറ്റിട്ട കുയിൽമുട്ട.
കാര്യങ്ങൾ ഇത്രയിടംവരെ എത്തിച്ചു തന്നില്ലേയെന്നൊരു കൊള്ളി
സദാ വർത്തമാനത്തിന്റെ
വായിലേക്ക് നീക്കുന്നു.
എന്നിട്ടത്,
മൂട് മറക്കരുതേ മക്കളെയെന്ന കുട്ട തട്ടിക്കുടഞ്ഞ് വയ്ക്കും.
ഭാവിയെ പറ്റി ഒരുപാടറിയുന്ന
പ്രശ്‌നംവയ്പുകാരന്റെ നാട്യപ്പലകയിലോടുന്ന കരുക്കളെ നോക്കി
അയാൾ നടത്തുന്നൊരു മഹാപ്രവചനം,
ഭൂതകാലമേ,
എണ്ണമറ്റ സിംഹാസനങ്ങളുടെ രാജാവേ,
ഒറ്റനിമിഷം കൊണ്ട് നീയെനിക്കൊരു സെമിത്തേരിയാണ്.
നിന്നുള്ളിലടഞ്ഞവരുടെയല്ല,
അവർ പോകട്ടെ,
അവരുടെ പ്രതാപങ്ങൾ കത്തിച്ചാമ്പലാവട്ടെ.
അതൊന്നുമല്ല,
അവരുടെ നെഞ്ചനക്കങ്ങളുടെ
അവരെത്താതെ പോയ തുഴത്തുഞ്ചത്തിന്റെ നിത്യത.
പ്രവാചകാ,
ഒളിപ്പിച്ച കാര്യങ്ങളുടെ ഒരു വര തെളിഞ്ഞാൽ
ആരും ജീവിക്കാൻ ഭൂമിയിൽ
അവകാശമില്ലാത്തിടത്തിൽ നിന്നൊരു
വിലാപയാത്രയുണ്ടാവും.
തേൾ, ചീറ്റ, മലമ്പാമ്പ് ഇവരെല്ലാം പിന്നിലെ ഇടം പിടിക്കുന്നുള്ളൂ.
അവരെല്ലാം ഭയത്തിന്റെ ഒരാവരണമെ പുതക്കുന്നുള്ളൂ.
ജീവനെ പേടിച്ചുള്ള പ്രാണിയുടെ ഒരാലിംഗനം.
അതിനാൽ, ഭാവികാലമെ,
നിനക്കൊന്നും നിശ്ചയമില്ലായെന്ന്
നീ തന്നെ വരുത്തി വച്ചതാണ്.
അതിന്റെ ഉറവിടം
ഭൂതകാലത്തിലാണെങ്കിൽ പോലും.
ഞാൻ തിരയുന്നത്,
എന്റെ ഇന്നലെകളിലെ കുറുനരിയാണ്.
എവിടുന്നോ അതിടയ്ക്കിടെ വരുകയും
എനിക്കു ചുറ്റുമിരുന്ന് തീ കാഞ്ഞ് പോവുകയും ചെയ്യുന്നു.
മറ്റൊന്നും ഭൂതകാലത്തിൽ നിന്ന് ഞാൻ കണ്ടെത്തുന്നില്ല.
സൗകര്യത്തിനു വേണ്ടി ഞാനതിനെ
പലതായി മുറി തിരിക്കുകയും
വിശേഷപ്പെട്ടതിന് മാത്രം
വാതിൽ വയ്ക്കുകയും ചെയ്യും.
എനിക്കഭിമുഖമായി തുറക്കാവുന്ന
നീണ്ട മുറികളുടെ നിര.
അതിൽ,
സമയാസമയങ്ങളിൽ,
കാലത്തെ അയവിറക്കുന്ന പശുക്കളെ കെട്ടിയിരിക്കുന്നു.
അവയ്ക്കാവശ്യമായത്രയും പുല്ല്
ഭൂതകാല പുൽത്തൊട്ടിയിൽ ഞാൻ വാരിയിട്ടുകൊടുക്കും.
ധർമ്മം മറക്കാതെയവ അയവെട്ടുകയും ചെയ്യും.
ഭൂതകാല പച്ചകൾക്കാവശ്യമായത്ര വളം അങ്ങനെ ലഭിക്കുന്നതിനാൽ,
ജീവിതത്തിലെനിക്കു തൃപ്തിയാണ്.
ഒരു തൊഴുത്തു കൊണ്ടുമാത്രം
ജീവിക്കാമെന്നാണ് അതെന്നെ പഠിപ്പിക്കുന്നത്.
ആകെയുള്ള ശല്യക്കാരൻ കുറുനരി മാത്രമാണ്.
വളരെ സമാധാനമായി എന്റെ പശുക്കൾ
അയവെട്ടുമ്പോൾ,
എന്തിനാണത് ആവശ്യമില്ലാതെ അവറ്റകൾക്കുമുമ്പിൽ ഓരിയിടുന്നത്?▮