സുകുമാരൻ ചാലിഗദ്ദ

പൊട്ടിച്ച കത്തിനകത്തൊരളിയൻ

ഇതേ കവിത റാവുള ഭാഷയിൽ

യ്യയ്യോ ചെത്തല്ലെ ചെത്തല്ലെ
വിരുന്നുകാരെ വിളിച്ചു കൂട്ടാനാണോ
നിങ്ങളീ മിറ്റം ചെത്തുന്നേ

ഇല്ലെടി വൃത്തിയാവട്ടെന്നു കരുതിട്ടാ.

നോക്കിക്കോ ആരെങ്കിലുംവന്ന്
വൃത്തിയാക്കും നൂറും അഞ്ഞൂറും
ചെലവാവും ഉണ്ടാക്കിക്കോ?.

എടീ ജോളിയുടെ കോഴിക്കടയിൽ
നല്ല തിരക്കാണ്
ബക്കറ്റ് ചിക്കൻ, മുള ചിക്കൻ
കറക്കി ചിക്കൻ, ഉണക്കി ചിക്കൻ
തൂക്കിയെടുത്താൽ നൂറ്റിപ്പത്ത്
നുറുക്കിയെടുത്താൽ ഇരുന്നൂറ്ററു
ശൊ! പോയോ.

പോസ്റ്റുമാന്റെ വരവുകണ്ടാൽ
രണ്ടായിരം പിടയ്ക്കുന്നപോലെ
എന്റെ കീശ നോക്കിയാൽ
മൂഞ്ചിയ ഒന്നുപോലെ ...

തക്കാളിക്കറി വെന്തോയെന്തോ
പഴങ്കഞ്ഞിക്ക് കാന്താരി കുത്തിയോ?.
പണ്ടത്തെ മുത്താറി കൊതിപ്പിച്ച
മുത്തച്ഛന്റെ കഥയിലെ മണ്ണെല്ലാം
കരവിട്ട് വയൽവിട്ട് വഴക്കിട്ടുപ്പോയ
ഓർമ്മകൾക്കിടയിൽ
പോസ്റ്റുമാന്റെ ഒരു വിളി.
ചേട്ടാ, ഒരു കത്തുണ്ട് മാധവനല്ലേ

അതെ, മാധവൻ.

പൊട്ടിച്ച കത്തിനകത്തൊരളിയൻ.

തീയതി:18-8-2021
സ്ഥലം: പാടിപ്പുഴ.

പ്രേക്ഷിതൻ: രാജു
സ്വീകർത്താവ്: മാധവൻ

സാർ:
ബഹുമാനപ്പെട്ട മാധവൻ അവറുകളുടെ സമക്ഷത്തിങ്കലിലേക്ക് രാജുയളിയൻ
ബോധിപ്പിക്കുന്ന അപേക്ഷ. ഞങ്ങൾ ഒരു മാസത്തേക്ക് അളിയന്റെ വീട്ടിലേക്ക് താമസിക്കുവാൻ വരുന്നുണ്ട്. ഞങ്ങൾക്ക് മീനും ഇറച്ചിയും
കരുതിവെക്കണം, ചമ്മന്തി കുറക്കണം എന്നീ കാര്യങ്ങളാണ് പറയാനുള്ളത്. ഈ അപേക്ഷ സ്വീകരിച്ച് വേഗം പരിഹാരം കാണുമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഈ കത്തിന് മറുപടി അയക്കരുത്.

എന്ന്: രാജുയളിയൻ.
ഒപ്പ്:

ഛെ!
ഇന്നൊരു പക്ഷിപോലും ഉരിയാടിയില്ലല്ലോ.▮

പൊട്ടിച്ച കത്തുഗാവൊറു ബാവെയ്

വ്വയാ അവ്വയാ
ചെറുണ്ടൊണ്ട ചെറുണ്ടൊണ്ട
ബിറുന്തുക്കാരുനെ ബുളിച്ചു -
കൂട്ടുവന്നാണോ
നിങ്കയീ മുറ്റ ചെറുണ്ടിന്റിയേയ് .
കാണില്ലമ ബെടുപ്പായിക്കൊട്ടെന്റൊണ്ടു
നിനെച്ചിച്ചാ,

മലെഞ്ചൊ മലെഞ്ചൊ ബെടുപ്പാക്കുവ
നുറും അഞ്ഞൂറും ചിലാവാവോ?

ഇമ്മത്തമ്മ ജോളിന്റ കോയിക്കടെലി
നല്ല തിരക്കാന്റു
ബക്കെറ്റു ചിക്കെയ്, മുളെ ചിക്കെയ്
തിരുഗി ചിക്കെയ്, ഉണാക്കി ചിക്കെയ്
തൂക്കിയെടുത്തെങ്കി നൂറ്റിപ്പത്തു
തറിച്ചെടുത്തെങ്കി ഇരുന്നൂറ്ററു ....
ചൊ.... പോയിക്കട്ട.

പോസ്റ്റുമാന്റ ബരുത്ത മലെഞ്ചെങ്കി
റാണ്ടായിറ പുട്ടെക്കിന്റപ്പല്ലെ
എന്റ ജോപ്പു മലെഞ്ചെങ്കി
മൂഞ്ചിന്ന ഒന്റുപ്പല്ലെ.

തക്കാളിക്കറി ബെന്തന്നോയെന്നെന്നോ
പാക്കഞ്ചിക്കു ജീരഗെ മുളാവു
കുത്തിന്നന്നോ?
പണ്ടുപ്പുറുമെലിയ മുത്താറി അലാപ്പിച്ച
അച്ചെറണ്ട കഥെലിയ മണ്ണൊക്ക
കരെബുട്ടു ബയെല്ലുബുട്ടു
ജഗാളപ്പൊരിഞ്ചുപ്പോന്ന ഒറുമെന്റയിടെലി
പോസ്റ്റുമാനുന്റ ഒരു ബുളി
അണ്ണാ ഒരു കത്തുളാ... മാധവെന്നാന്റോ.
ങ്ഹാ മധവെയ്.

ചിളളിത്തുറാന്ത കത്തുഗാവൊറു ബാവെയ്.

തീയതി: 18-8-2021
ജാഗ: പാണപ്പുവെ.

ബന്തെയെയ്: റാജു
കേട്ടെയെയ്: മാധവെയ്.

മേട്ട്‌റു:
ബെഹുമാന്നപ്പെട്ട മാധവെയ് -
ചന്തക്കാറന്റ അരിഗെക്കു
റാജുബാവെയ് പോധ്യമാണ്ട അപേച്ചെ.
നാങ്ക ഒറുമാച്ചത്തെക്കു ബാവെന്റ
കുള്ളുക്കു ബിറുന്തു ബന്റാ,

എങ്കാക്കു റേച്ചിമു മീന്നുമു കരുതി
ബെക്കൊണു, ബഞ്ജി കുറെക്കൊണു
ഈ കാര്യയൊക്കയാന്റു പറെവ
കീന്റിയേയ്.

ഈ അപേച്ചെ എടുത്തിച്ചു പരിഹാറ
കാണൊണെന്റു ചന്തമെ പറെന്റെയ്,
ഈ കത്തുക്കു മറുബടി അയെക്കൊണ്ട.
എന്റു: റാജുബാവെയ്.
പച്ചിലു:

ഛെ...!
ഇന്റൊറു പുള്ളുബരെ
ഉരിയാടുവക്കാണില്ലാ.▮


സുകുമാരൻ ചാലിഗദ്ദ

വയനാട്ടിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ശ്രദ്ധേയ കവി. റാവുള ഭാഷയിലും മലയാളത്തിലും എഴുതുന്നു. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം.

Comments