സുകുമാരൻ ചാലിഗദ്ദ

പുഴ വിരിയുമ്പോൾ മകളെന്നും
മുഖം കഴുകുവാൻ പോകും
കഴുകിക്കഴുകി ഓളങ്ങളെ
അക്കരെ മുട്ടിക്കാനിരിക്കും.

മൂക്കുമുറിഞ്ഞ ഒരു മീൻ
മൂക്കുണ്ടോ മൂക്കുണ്ടോയെന്ന് -
ചോദിച്ചപ്പോൾ മകളാമീനിന്
കുറച്ചുനേരം കാവലിരുന്നു.

അപ്പോഴേക്കും പുഴമീനിന്റെ ശവം
വെള്ളത്തിനു മുകളിലൂടെ
അനക്കമില്ലാതെ ഒഴുകിയപ്പോൾ
ഒരു പരുന്ത് അതെടുത്തിട്ട് ശവമടക്കി.

സങ്കടത്തോടെ പിരിഞ്ഞനേരം
ആവൾ സ്വയം പറഞ്ഞു,
അമ്മ ഉച്ചയ്ക്ക് അലക്കാൻ വരുമ്പോൾ
ഞാനും നീന്താൻ വരും
ഇത്തിരിപ്പോന്ന ചില്ലരി മീനിനെ
വെള്ളത്തിൽത്തന്നെ ഉമ്മവെയ്ക്കും...

ഉടുകുപ്പായത്തിലെ പൂക്കളിൽ നിന്ന്
രാവിലെതൊട്ട് കളിക്കാൻ കൂടിയ
ചെളികളെല്ലാം വെള്ളത്തിലേക്ക്
നീന്തുവാൻ പോകുകയാണ്.

അച്ഛന്റെ കൈയ്യിലെ ചകിരികൾ
എന്നെ തേക്കാൻ മൂർച്ച കൂട്ടുന്നുണ്ട്
അമ്മേടെ കൈയ്യിലെ സോപ്പാണേൽ
വെളുപ്പിക്കാൻ ചിരിക്കളി കൂട്ടുന്നുണ്ട്.

തേച്ചുതേച്ച് തേച്ചമ്മ വെളുത്തു
ഉരച്ചുരച്ച് ഉരച്ചയച്ഛൻ ചുവന്നു
കറുത്ത് കറുത്ത് കറുത്തമ്മയായ -
ഞാൻ കല്ലിൽത്തന്നെയിരുന്നു.

അച്ഛനുമമ്മയും പോയി
നനച്ച കുപ്പായം ഉണങ്ങാനുംപോയി,
അതുവഴി വന്നൊരുവണ്ടിയിലെ -
ആൾക്കാർ കൈയ്യും കാലും കാണിച്ചു.

പഞ്ചാരക്കൂട്ടിയ ചിരിക്കവൾ
കാഞ്ഞിരക്കായകളെറിഞ്ഞ്
കല്ലിന്റെ പല്ലെടുത്തൊരൊറ്റയേറ്
പഞ്ചറവണ്ടിക്കരികിലാൾക്കാര്ക്കൂടി.

പത്തല് ചീമക്കൊന്ന
പപ്പന്റെ വെട്ടുക്കത്തി
പൊന്നിയും ആലീസും
പോലീസായപ്പോലെ...

മകളെ ഹൗസ്​പൊലീസാക്കിയ വിവരം
അപ്പോഴാണച്ഛൻ അവരോട് പറഞ്ഞത്.
കരാട്ടെയാണോ?
അല്ല! മകളാണ്.
​▮


സുകുമാരൻ ചാലിഗദ്ദ

വയനാട്ടിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ശ്രദ്ധേയ കവി. റാവുള ഭാഷയിലും മലയാളത്തിലും എഴുതുന്നു. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം.

Comments