മക്കളില്ലെങ്കിലെന്താ, കൈയ്യിൽ മക്കളെ-
പ്പോലൊരു ഫോണുണ്ട്, സാംസങ്ങ്
ഈ ചെറുവിരൽ തൊട്ടുതൊട്ടങ്ങനെ നാ-
മറിയുന്നുണ്ട് ലോകവും കാലവും
ഓർക്കുകിൽ കൂടെയാരുമില്ലെന്ന തോന്നലേ
തോന്നലിൽ വെച്ചേറ്റം കടുപ്പം
എങ്കിലും മിന്നുമൊച്ചയിൽ വന്നെത്തുന്നു
അപ്‌ഡേറ്റുകൾ ഇന്നെന്റെ കൂട്ടുകാർ.
എത്ര പെട്ടെന്ന് തീർന്നൂ, കളിയും പഠിത്തവും
ജോലിയും വന്നുചേർന്നൂ, കല്യാണവും
രണ്ടു വീടുകൾ രണ്ടുറക്കങ്ങൾ പൊത്തിപ്പിടി
ച്ചൊറ്റൊരു കട്ടിലിൽ വീണുരുണ്ടു നാളുകൾ
തൊട്ട നേരങ്ങളിലത്രയും പൂവിട്ടഭിന്നത
ഉള്ളഴിച്ചു പുതച്ചു പുതുവാക്കുകൾ.
പിന്നെ, കണ്ണുകൾ മുഷിഞ്ഞൂ, പരിചയം പുളിച്ചു
എന്തിനാവിധം തൊടാൻ മടിച്ചൂ വിരലുകൾ
നീ പെറ്റതല്ലെങ്കിലും കുട്ടികളില്ലാതെ
ഒറ്റയ്ക്കിരുന്ന് മുഷിഞ്ഞില്ല ലോകവും.
വീട്ടിൽ ഒറ്റയൊറ്റയായ് പാർക്കുമിറച്ചികൾ
എന്ന നേരിൽ കഴിഞ്ഞുകൂടുമ്പൊഴും
ആരുണ്ട് ശേഷമെന്നാരോ തിരക്കുന്നു? നാ-
മിരുന്നൊരു ഫോണിൽ വീഡിയോ കാണുന്നു
യാത്രയിൽ, നട്ടുച്ചയിൽ, നമ്മൾ പരസ്പരം
കെട്ടിപ്പിടിച്ചതിൻ ചിത്രം മണക്കുന്നു
നമ്മളുണ്ടായതേ ഭാഗ്യം! നമുക്കൊരു
കുട്ടിയുണ്ടാവാത്തതിലെന്തുണ്ടതിശയം.
▮