പെണ്ണ് ചാവുന്ന ദിക്കിൽ
ഏലാമ്മ പരാദം പോലെ തെഴുത്തുനില്ക്കും.
‘വയറ്റിലൊള്ള പെണ്ണ് ചത്തത് നന്നായീന്ന്'
നാവുകൊണ്ട് പടവെട്ടും
ഏലാമ്മയ്‌ക്കൊപ്പം നിന്നു പയറ്റാൻ
നാവിൽ മുള്ളാണിയുള്ള കൂട്ടങ്ങൾ
കച്ചമുറുക്കിയെത്തും
ഏലാമ്മ
നുണകളുടെ കുന്തിരിക്കം പുകയ്ക്കും.
ഏലാമ്മയിടിഞ്ഞുവീണത്
മോള് പോയപ്പോഴാണ്
തൂങ്ങിനിന്ന പെണ്ണിന്
വയറ്റിലുണ്ടായിരുന്നു
ഏലാമ്മയുടെ നെഞ്ചിലെ കനലൂതാൻ
മറ്റൊരേലാമ്മ വന്നില്ല
വയറ്റിലുള്ള പെണ്ണായിട്ടും
അതാരും അടക്കംപറഞ്ഞില്ല
നുണ പാറ്റി സന്തോഷിച്ചിരുന്ന ഏലാമ്മയെ
നാട്ടുകാരാശ്വസിപ്പിച്ചു
ഏലാമ്മയ്ക്കന്നു കിട്ടിയ ഉത്തരത്തിന്
കരിവീട്ടീടെ ബലമുണ്ടായിരുന്നു.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.