വി.ടി. ജയദേവൻ

കല്ല്യാണം കഴിയൽ

ല്ല്യാണം കഴിയുന്നതിനുമുമ്പ്
കിഴക്കെ വീട്ടിൽ വനജാക്ഷി
ധാരാളം പുസ്തകങ്ങൾ
വായിക്കുമായിരുന്നു.
എം. മുകുന്ദന്റെ നോവലുകൾ
അവൾക്കു ജീവനായിരുന്നു.

ഇപ്പോൾ വായനയില്ല.

മുറ്റമടിക്കുമ്പോഴും
പാത്രം മോറുമ്പോഴും
കുളിക്കാൻ കയറിയാലുമൊക്കെ
മൂളിപ്പാട്ടു പാടുമായിരുന്നു.

ഇപ്പോൾ പാട്ടുമില്ല, മൂളലുമില്ല.

സാറട്ടീച്ചറുടെ മുടിത്തെയ്യക്കഥയിലെ
നായികയെപ്പോലെ
മുടികോതി മുടികോതി
മുറ്റത്തു നിൽക്കാൻ
അവൾക്കിഷ്ടമായിരുന്നു.

ഇപ്പോഴാ പനങ്കുല മുടിയില്ല,
കോതിക്കോതി
മുറ്റത്തു നിൽക്കലുമില്ല.

വേണമെങ്കിലവൾക്ക്
ഗ്രാമദീപം വായനശാലയിൽ നിന്ന്
ആഴ്ച തോറും പുസ്തകങ്ങൾ വരുത്തി
കുട നന്നാക്കുന്ന ചോയിയുടെ കഥ
ഒന്നും രണ്ടും ഭാഗങ്ങൾ വായിക്കാം,
മൂളിപ്പാട്ടു പാടാം,
അരയോളമോ
മുട്ടോളമോ മുടി വളർത്തി
മുറ്റത്തോ കോണിക്കലോ നിൽക്കാം.
ആരും അവളെ തടയില്ല.

പക്ഷെ കല്യാണം കഴിഞ്ഞശേഷം
കിഴക്കേ വീട്ടിൽ വനജാക്ഷി
അതൊന്നും ചെയ്യാറില്ല,
കിഴക്കേ വീട്ടിലെ വനജാക്ഷി
എന്നൊരാൾ ഇപ്പോഴില്ല!▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി.ടി. ജയദേവൻ

കവി, നോവലിസ്​റ്റ്​, വിവർത്തകൻ. പഴക്കം, വനാന്തരം, ഹരിത രാമായണം, അവളുടെ ആൾ, എറേച്ചി (നോവൽ) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments