ദിവാകരൻ വിഷ്ണുമംഗലം

അക്ഷരാർത്ഥം

തെറ്റില്ല മാഷിന്നെന്നൊ-
രുത്തമബോദ്ധ്യത്താലേ
നിത്യവുമവൻ ഒരേ
ലക്ഷ്യത്തെയുന്നം വയ്പ്പൂ.

“ചാണകം വാരാൻ പോവ-
താണിന്നു നിനക്കേറ്റം
ഭേദ”മെന്നല്ലോ മാഷ്
ചൊന്നതന്നുപദേശം,

പോയില്ല ക്ലാസ്സിൽ പിന്നെ,
പോകുന്ന വഴികളിൽ
മേയുന്ന പശുക്കൾ തൻ
ചാണകം വാരിക്കൂട്ടി

കണ്ടങ്ങൾതോറും കൊണ്ടി-
ട്ടവയെ വെയിലേറ്റി
വന്യവിഗ്രഹരൂപ-
ധാരിയായ് നിറം മാറ്റി

കത്തിച്ചു ഭസ്മം നെറ്റി
മുഴുക്കെ വാരിപ്പൂശി
വിസ്മയം! വിജയത്തിൻ
നക്ഷത്രം തെളിഞ്ഞല്ലോ!!

കൂട്ടലും കിഴിക്കലും
ഗുണനഹരണവും
മേൽക്കുമേലാദായത്തിൻ
ആഹ്ലാദം പെരുക്കുമ്പോൾ

പിന്നെയും പശുക്കളും
പാടവുമവൻ വാങ്ങി
പുണ്യസാമ്രാജ്യത്തിന്റെ
സീമകൾ വലുതാക്കി

അവന്റെ രൂപം നാമ-
മൊക്കെയും മേന്മേൽ നിത്യ-
മനൂഭൂതിതൻ അവാ-
ച്യാനന്ദപ്പരസ്യമായ്!

തൻ മകനിപ്പോൾ വിദേ-
ശങ്ങളിൽ സെമിനാറിൽ
ഉന്നതപ്രബന്ധത്താൽ
ആഗോളപ്പേറ്റന്റുമായ്

‘പശു, ചാണകം, ജൈവ-
സാദ്ധ്യതാ പ്രയോഗത്തിൻ
പ്രസക്തി’ യതിന്നാലേ
ഭൂലോകപ്രഭാമയൻ!.

അപ്പൊഴുമിറയത്ത്
ചാണകത്തറയിൽ, തൻ
ശിഷ്യന്റെ സ്വത്വംതേടി-
യുഴന്നൂ മാഷിൻ കൺകൾ

നിത്യവുമെന്നാലവൻ
ഉദ്ദിഷ്ടകാര്യത്തിന്റെ
ഉപകാരാർത്ഥം മാഷെ
പത്രത്തിൽ പ്രണമിപ്പൂ.▮


ദിവാകരൻ വിഷ്ണുമംഗലം

കവി. ഭൂശാസ്ത്ര വകുപ്പിൽ സീനിയർ ജിയോളജിസ്​റ്റായിരുന്നു. നിർവചനം, ജീവന്റെ ബട്ടൺ, ധമനികൾ, കൊയക്കട്ട, ഉറവിടം തുടങ്ങിയവ പ്രധാന കവിതാ സമാഹാരങ്ങൾ.

Comments