ജസ്റ്റിൻ പി. ജയിംസ്

പാഷൻ ഫ്രൂട്ട്

രാത്രിയിലാണ്
അപ്പാപ്പൻ
പാഷൻ ഫ്രൂട്ട്
പറിക്കാനിറങ്ങുക.

കുഞ്ഞുങ്ങളെപ്പോലെ
തെരുതെരാ
ഭിത്തീലെറിഞ്ഞ്‌ പൊട്ടിച്ച്​
വെരലുമുക്കിയീമ്പും.

തൊണ്ട്
തോട്ടുകടവിൽ
കളിയോടമാകും.

കൈയേലൂടൊലിച്ചിറങ്ങും
പഴച്ചാറുപോലെ
രാത്രി
അറിയാതെ വറ്റിപ്പോകും.

മരിച്ചതിൽപ്പിന്നെയാണ്
അപ്പാപ്പനിങ്ങനെ.

ഫ്‌ളാഷ് ബാക്കിൽ അപ്പാപ്പൻ,
നേരംവെളുത്താ വയ്യോളം
ഒരേയിരുപ്പാണ്
മുറ്റത്തെ
പാഷൻ ഫ്രൂട്ട്
പന്തലിലേക്കും നോക്കി.

വികൃതികൾ
തല്ലിക്കൊഴിച്ച
പാഷൻ ഫ്രൂട്ട് വള്ളികണക്ക്
തിണ്ണയിൽ.

എല്ലാ പകലും
ഒരുപിടി പച്ച
അപഹരിക്കും.

‘ഇന്നാടാ
സമാധാനായി കഴിച്ചേച്ചും
സുഖായിട്ടൊറങ്ങിക്കോ
മനക്കണക്കും കവിതേം പിന്നാകാം'

ഇന്നത്തെ പങ്കും തന്ന്
​അപ്പാപ്പൻ പോയി.


ജസ്​റ്റിൻ പി.ജയിംസ്​

കവി. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മലയാളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥി. മണ്ണൊരുക്കം (കവിതാ സമാഹാരം), പ്രതിഭാഷ ബ്ലോഗ് കവിതകൾ (എഡിറ്റർ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments