മർത്ത്യന്റെ മിഴികൾക്കിത്ര
മിഴിവുണ്ടെന്നറിയാൻ
കോവിഡ് വരേണ്ടി വന്നു.
മാസ്‌ക്കിന്നു മീതെ
കണ്ണുകളുടെ സ്വാതന്ത്ര്യദിനങ്ങൾ.
കണ്ണിന്റെ കാലം തെളിഞ്ഞുവോ?
വിടരാനും
വാടാനും
നനയാനും
നിറയാനും
കണ്ണിനേ കഴിയൂ
അലിയാനും
അറിയാനും
അതിനധിക വൈഭവം.
വാത്സല്യവും
പരിഗണനയും
അനുരാഗവും
കോപവും
വെറുപ്പുo
ആജ്ഞയും
അപേക്ഷയുo
കണ്ണിൽ കൂടുതൽ വ്യക്തതയോടെ .
കണ്ണെഴുതിയത് വായിക്കൂ,
അതിന്റെ ലിപികൾ കാലാതീതം
ദേശാതീതം.
ആദ്യത്തെ അനുമതി കണ്ണിൽ.
‘വന്നുടൻ നേത്രോൽപ്പലമാലയുമിട്ടാൻ മുന്നേ
പിന്നാലേ വരണാർത്ഥമാലയുമിട്ടീടിനാൾ '
നേത്രസാധകം ചെയ്ത
കഥകളിക്കണ്ണുകളിൽ
പച്ചയ്ക്കും കത്തിക്കും മിനുക്കിനും മീതെ
ഏറിയാൽ നവരസങ്ങൾ
മാസ്‌കിന് മീതെ
നമുക്കോ നാനാരസങ്ങൾ
ലോഗ്യവും അലോഗ്യവും
രോഗവും ആരോഗ്യവും
അഭയവും അവഗണനയും
യാചനയും പരിഹാസവും
ആഹ്ലാദവും വേവലാതിയും
ജീവിതവും മരണവും
കോവിഡെന്റെ കണ്ണുതുറന്നു
ജീവനിത്ര ജീവനോടെ
മറ്റെവിടേയുമിരിക്കുന്നില്ല.
കണ്ണാണ് വിളക്കുകളിൽ വെച്ച്
അവസാനം കെടുന്ന വിളക്ക്.
യന്ത്രമനുഷ്യന് കണ്ണ് കിട്ടും വരെ
ഭൂമിയിൽ മർത്ത്യപ്രതാപത്തിന്
എതിരില്ല.
▮