എം.പി. പ്രതീഷ്

പന്നലുകൾ, ആൽഗകൾ, കൂണുകൾ

പന്നൽച്ചെടികൾ (Ferns)

പൂക്കളില്ലാത്ത സസ്യങ്ങളിൽ ഉയർന്ന
വിഭാഗത്തിലുള്ളവയാണ് പന്നൽച്ചെടികൾ.
ഇവയ്ക്ക് സപുഷ്പികളെ പോലെ യഥാർത്ഥ
വേരുകളും തണ്ടുകളും ഇലകളുമുണ്ട്. എങ്കിലും
ഇവയ്ക്ക് പൂക്കളും വിത്തുകളുമുണ്ടാവില്ല.
ഈർപ്പവും തണലുമുള്ള സ്ഥലങ്ങളിൽ ഇവ
സമൃദ്ധിയായി വളരുന്നു. ചിലയിനം പന്നലുകൾ
അലങ്കാരസസ്യങ്ങളായി
വളർത്തുന്നുണ്ട്. മരത്തിന്റെ പുറംതൊലിയിലും
കുന്നിൻചെരിവുകളിലും കുളങ്ങളുടേയും
അരുവികളുടേയും തീരങ്ങളിലും
പന്നൽച്ചെടികൾ പക്ഷികൾ പോലെയോ
പാറി മതിവന്ന പൂതങ്ങൾ പോലെയോ
വളരുന്നു. വേനലിന്റെ കാലം
പന്നൽച്ചെടികളിലോ നിഴലിലോ
പതിഞ്ഞുകിടന്നുറങ്ങുന്നു. വാക്കുകളുടെ
പോളകൾക്കുള്ളിലും
ഞെട്ടുകൾക്കുള്ളിലും രഹസ്യമായിപ്പാർക്കുന്നു.

ആൽഗകൾ (Algae)

ഭൂമിയിലെ ആദ്യ സസ്യവിഭാഗമാണ്
ആൽഗകൾ. ഇവ ഒരു തരം
പായലുകളാണ്. നമുക്ക് കാണാൻ
കഴിയാത്തതു മുതൽ 60 മീറ്ററോളം
നീളത്തിൽ വളരുന്ന കെൽപ്പുകൾ
(kelps) എന്ന സസ്യവിഭാഗങ്ങൾവരെ
ആൽഗകളിലുണ്ട്.

ഇവയുടെ ശരീരഘടന വളരെ
ലളിതമാണ്. ശരീരത്തിൽ കലകളുടെ
വേർത്തിരിവില്ല. ഇവയുടെ
ശരീരത്തിൽ ഹരിതകവും പുരാതന
ഭാഷകളും അടങ്ങിയിരിക്കുന്നു.
അതിനാൽ ആൽഗകൾക്ക്
സ്വതന്ത്രജീവിതം നയിക്കാൻ
കഴിയുന്നു. ആൽഗകളിലധികവും
ജലത്തിലോ മരിച്ച നഗരങ്ങളുടെ
മുതുകിലോ വളരുന്ന
പ്രകൃതമുള്ളവയാണ്. ദേശാടകരായ
മനുഷ്യരെപ്പോലെ, മരണത്തിന്റെ
ഉരഗങ്ങൾ പോലെ ശുദ്ധജലത്തിലും
ഉപ്പുവെള്ളത്തിലും നിലാവിലും
നീരാവിയിലും ഇവ വളരും.

കൂണുകൾ (Mushrooms)

ർഷകാലങ്ങളിൽ പറമ്പുകളിലോ,
​ ഉണങ്ങിയ മരങ്ങളുടെയോ മറ്റോ
മുകളിലോ
പാതിരാച്ചെരിവിലോ സാധാരണ
കണ്ടുവരുന്ന മൃദുവായതും,
വീർത്തതുമായ ഒരിനം
ഫംഗസാണ് കൂൺ. സസ്യങ്ങളോട്
സാമ്യമുണ്ടെങ്കിലും ഹരിതകവും
ഭൂതകാലവും
നടപ്പാതകളും ഇല്ലാത്തതിനാൽ
സസ്യങ്ങളായി കൂണിനെ
കണക്കാക്കാറില്ല. ചപ്പുചറുകൾ
കൂടിക്കിടക്കുന്ന സ്ഥലങ്ങളിലും
ദ്രവിച്ച ദിക്കുകളിലും തണുത്ത
തീവണ്ടിമുറികളിലും അഴുകിയ
അപ്പാർടുമെന്റുകളിലും മരണം
കുഴഞ്ഞ ചതുപ്പു
പ്രദേശങ്ങളിലും വളരുന്ന പൂപ്പൽ
ആണിത്. കൂണുകൾ പലതരത്തിൽ
കാണപ്പെടുന്നു. ആഹാരമാക്കാൻ
കഴിയുന്നവ, വിഷമുള്ളവ
എന്നിങ്ങനെ. ചില കൂണുകൾ
രാത്രിയിൽ തിളങ്ങുകയും
ചുറ്റുചുറ്റായിപ്പടരുന്ന
തോറ്റങ്ങളുച്ചരിക്കുകയും ചെയ്യും.
ഇവയ്ക്ക് ആയുർദൈർഘ്യം വളരെ കുറവാണ്.


എം.പി. പ്രതീഷ്

കവി, ഫോട്ടോഗ്രാഫർ. മീൻ പാത, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം തുടങ്ങി ആറു കാവ്യസമാഹാരങ്ങൾ. Migrations, Soil alphabets എന്നിവ ദ്യശ്യ കവിതാ സമാഹാരങ്ങൾ.

Comments