രോഷ്​നി സ്വപ്​ന

നാല് രംഗങ്ങൾ

ഒന്ന്​: വചനം

മൗനത്തിന്റെ
ഒരു പക്ഷി
ഓർമയുടെ
തൂവലുകൾ കൊത്തിയെടുക്കാൻ ശ്രമിക്കുന്നു

നഗരമാലിന്യങ്ങളിലേക്ക്
ഒരു മീൻകുഞ്ഞ്
മുഖമൊളിപ്പിക്കുന്നു

സമയം
എന്നെ ഗൗനിക്കാതെ കടന്നുപോകുന്നു

കൊക്കുകൾ
ഇല്ലാത്തൊരു
കുയിൽ
എന്റെ സ്വപ്നം
കൊത്തിച്ചിനക്കുന്നു

എവിടെനിന്നോ
ഒരു കാറ്റ് ഭൂമിയെ വന്ന് നക്കുന്നു

മരണപ്പെട്ടവർ
കൂട്ടത്തോടെ
നൃത്തശാലയിലേക്ക്
നടക്കുന്നു

വെളിച്ചമോ
ഇരുട്ടോ ഇല്ലാത്ത
ഒരു ഭൂമിയിൽ
ഒന്നാം രംഗം തുടങ്ങുന്നു

രണ്ട്​: പൊരുൾ

ന്ത്യരംഗത്തിന്
തൊട്ടുമുമ്പ്
അന്ധരായ
ആയിരം പേരിൽനിന്ന്
ഒറ്റക്കാഴ്ചയിലൂടെ
എന്നെ നോക്കുന്ന മരണപ്പെട്ടവളുടെ
ഒറ്റക്കണ്ണ്.

കാപ്പിച്ചെടിയുടെ
ആത്മാക്കൾ
എന്നെ
ഉറ്റു നോക്കുന്നുണ്ട്.

എനിക്കുള്ളിൽ
പൊട്ടിത്തെറിക്കാറായ
ഞാൻ

എന്റെ
എല്ലുകൾ
നുറുക്കി
തൊലി ചീന്തി
മാംസം
വരഞ്ഞു കീറി
ഉപ്പുപുരട്ടി വച്ചിരിക്കുന്നു

മുടന്തനായ
ഒരു നായ
എന്റെ
സ്വപ്നങ്ങളിലേക്ക് കുതിച്ചുവരുന്നു

എന്റെ
ശ്വാസത്തിൽ നിന്ന്
ഒരു ഓരി പതുങ്ങിയൊളിക്കുന്നു

മൂന്ന്​: ഉത്തമഗീതം

പ്രണയത്തിന്റെ മൂന്നാം രംഗത്തിൽ
നമുക്ക്
കരിമ്പിൻ തോട്ടങ്ങളും മുന്തിരിപ്പാടങ്ങളും ഉപേക്ഷിക്കാം

സ്വർഗ്ഗത്തിൽ നിന്ന് കുഴിച്ചെടുത്ത
നമ്മുടെ
വിത്തുകൾ
അന്ധരായ
കുഞ്ഞുങ്ങളുടെ
വിശപ്പുകളിലേക്ക്
നട്ടു വയ്ക്കാം

പാതി മുങ്ങിയ
തോണിയിൽക്കിടന്നു
നമുക്ക് കാമത്തിന്റെ കവിതകൾ
മടക്കി വെയ്ക്കാം

നരഭോജികൾക്ക് പ്രണയത്തിന്റെ
നെല്ലിക്കകൾ
സമ്മാനിക്കാം

വെളിച്ചത്തെ
ഭയപ്പെടുന്ന അവർക്കിടയിലേക്ക്
നമുക്ക്
നമ്മുടെ
കണ്ണുകളിൽ നിന്ന് നക്ഷത്രങ്ങൾ
കോരിയെടുത്ത്
വിതറാം.

നാല്​: പ്രളയം

പ്രളയത്തിൽ നിന്ന് കണ്ണുകാണാത്ത
ഒരു മീൻ കുഞ്ഞു മാത്രം രക്ഷപ്പെടുന്നു

ഒരേ തോണിയിൽ
എന്നപോലെ
മരിച്ച പക്ഷിയുടെ
തൂവലിൽ
ദൈവവും ചെകുത്താനും
കയറിപ്പോകുന്നു.

അടുത്ത നിമിഷം
ഈ ആകാശം
ഇല്ലാതാകും

മേഘങ്ങൾ
കോർത്തു
പൂട്ടിയിരിക്കുന്നു
ഇരുളും മുമ്പ്
എനിക്കീ വെളിച്ചത്തെ
സൂര്യനിലേക്ക്
ചേർക്കേണ്ടതുണ്ട്

ഒടുവിൽ
നിന്റെ
ചുണ്ടുകളിൽ നിന്ന്
ഞാൻ
നിന്റെ മൗനത്തിലേക്ക്. അരഞ്ഞു ചേരുന്നു.

ജീവിതം
ഒരു വലിയ മരം
പിഴുതെടുത്ത്
തോളിലേറ്റി
നടന്നുപോകുന്നു
​▮


ഡോ. രോഷ്​നി സ്വപ്​ന

കവി, നോവലിസ്​റ്റ്​, വിവർത്തക, ചിത്രകാരി. തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ സ്കൂൾ ഓഫ്​ ലിറ്ററേച്ചർ സ്​റ്റഡീസ്​ ഡയറക്​ടർ. കടൽമീനി​ന്റെ പുറത്തുകയറിക്കുതിക്കുന്ന പെൺകുട്ടി, ചുവപ്പ്​ (കവിതാ സമാഹാരങ്ങൾ), അരൂപികളുടെ നഗരം, ശ്രദ്ധ, കാമി (നോവലുകൾ), കഥകൾ- രോഷ്​നി സ്വപ്​നതുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments