ഒരു പാലം, അതിന്
വെള്ളത്തിൽ പിറന്ന
കാലുകൾ.
മഴ തിന്നും
വെയിലേറ്റും
തൊട്ട് തൊട്ട് പുഴ.
നിലയ്ക്കാത്ത
ഒഴുക്ക് കാണാനായ് മാത്രം
എന്നും വരുന്ന
ഒരുവളെ
പാലത്തിനറിയാം.
അവളെക്കണ്ടാൽ
പുഴ തെളിയും.
അവളുണ്ടായിരുന്ന
കല്ലിൽത്തട്ടി പാടും,
മടങ്ങുമ്പോൾ കലങ്ങും.
അവളൊന്നും പറയാറില്ല.
പുഴ ചോദിക്കാറുമില്ല.
പാലത്തിനറിയാം
കാലിൽ
അവൾ തൊടുമ്പോഴുള്ള ചൂട്.
നിലാവഴിഞ്ഞ പുലർച്ചെ
പുഴയവളെ
ഗർഭം ധരിക്കുന്നത് കണ്ടാണ്
പാലത്തിൽ
ആദ്യ വിള്ളൽ വീണത്.
പുഴ പിന്നെ തെളിഞ്ഞില്ല.
കടവിൽ
കുളിക്കാനാരും വന്നില്ല.
അലക്കാനാരേയും കണ്ടില്ല.
അവളെ വിളിച്ചൊരു
തേങ്ങൽ പോലും
പാലത്തിൽ നിന്നെത്തിനോക്കിയില്ല.
പുഴ ശാന്തമാകുന്ന
രാത്രികളിൽ
അവളനങ്ങാറുണ്ട്.
പാലമതറിയാറുണ്ട്.
കലങ്ങിയിരിക്കുമ്പോഴും
ഇരുട്ട് വീശുന്നതത്രയും
നല്ലത്.
‘തെളി' നോക്കാൻ
ഒരുമ്പെടില്ലാരും..!
▮