മാസ്കൻ

ഒന്ന്​

വീടു മാറിപ്പോവുന്നേരം
ബാക്കി വെച്ചൊരു മാസ്​ക്​
ഏറെ നാള് ലോകത്തിന്റെ
നാറ്റം മാറ്റിയ മറവ്

എന്നെ ഞാൻ ആവർത്തിച്ച്
ശ്വസിച്ചു നീണ്ടൊരു പോക്ക്
മൂക്കിൽ നിന്നു തിരിഞ്ഞ്
ശ്വാസം, മയ്യത്ത് നിസ്കരിച്ച്

വന്നു വന്നു ചെവിടൽപം
മുന്നിലോട്ടങ്ങാഞ്ഞ്
കണ്ണൊരിത്തിരി കൂടുതൽ
വിരിഞ്ഞു തള്ളിക്കണ്ട്

രണ്ട്​

ഞാനൊരാള് മുഖത്തിന്റെ
വാതിൽ മാറ്റി നടന്നേ
ആകാശം കേറിയിറങ്ങിയ
കൂട്ടരെ കളിപ്പിച്ചേ

നാല് പാടും വെയർത്തു വെരകി
അകറ്റി ഒട്ടിച്ചല്ലേ
തൊട്ടു തൊട്ടു വളർന്നൊ-
രാളൽ താഴ്ത്തി വെച്ചതന്നേ

കാറ്റു കേറാതുള്ളിലന്നു
ചീർത്തു ചത്ത ചിരിയേ
കോട്ടുവായക്കുന്നിലേറി
ദീർഘശ്വാസം വിട്ടേ

മൂന്ന്​

വീടു മാറിപ്പോവുന്നേരം
ബാക്കി വെച്ചൊരു മാസ്കിൽ
ഉണ്ടുരുണ്ടു വളർന്ന പേടി
പൊടിച്ചു പൊങ്ങിയല്ലോ

ഇത്രമാത്രം അടുത്തിരുന്നോ-
രായിരുന്നോ വെയിലേ
അത്രയേറെ അടുപ്പത്തിൽ
ചെമ്പുമായി വരുന്നേ

നിന്നു പോയില്ലൊന്നുമൊന്നും
ഞാനുമങ്ങനയേ
തൂക്കിയിട്ടു മടങ്ങുന്നു
​എന്റെ ജയിൽ പൂവ്.​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വിമീഷ്‌ മണിയൂർ

നോവലിസ്​റ്റ്​, കവി. റേഷൻ കാർഡ്, ആനയുടെ വളർത്തു മൃഗമാണ് പാപ്പാൻ, എന്റെ നാമത്തിൽ ദൈവം, ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി, യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു (കവിത സമാഹാരങ്ങൾ), സാധാരണം (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. കവിതകൾ തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments