മൈതാനത്ത് അയാൾ
ഒറ്റക്കൊരു രാജ്യം,
ലോകം ഉരുണ്ടു, രുണ്ടുചെന്ന്
ആ പാദങ്ങളിൽ സ്വതന്ത്രമാവുന്നു
തങ്ങളുടെ പതാക നിവർത്തുന്നു.
അവർ, സർവസന്നാഹങ്ങളുമായെത്തുന്നു
അയാൾ മഴവില്ലുകളും
പൂക്കളുംകൊണ്ടു പൊരുതുന്നു,
അവർ യുദ്ധങ്ങൾക്കു വേണ്ടി
ജയിച്ചുകൊണ്ടിരിക്കെ
ജയമോ തോൽവിയോ അയാളെ
കീഴടക്കുന്നില്ല,
യുദ്ധത്തെ ഓർക്കുകപോലും
ചെയ്യുന്നില്ല,
കാലുകളിൽ നിന്നും വെള്ളരിപ്രാവുകളെ
പറത്തിവിട്ട് മൈതാനത്ത് അയാൾ
ഒറ്റയ്‌ക്കൊരു ലോകം.
മൈതാനത്ത് അയാൾ
ഒരു മാന്ത്രികൻ,
കാലിൽനിന്നു വെളുത്ത കുതിരയെ
അഴിച്ചുവിടുന്നു,
ഓരോ കുതിപ്പിലും കുതിര ഇരട്ടിക്കുന്നു
പത്ത് വെള്ളക്കുതിരകളെപ്പൂട്ടിയ
തേരിലിരുന്ന്
മൈതാനം സ്വപ്നസഞ്ചാരം നടത്തുന്നു,
അവയുടെ വശ്യതയിൽ, വഴക്കങ്ങളിൽ
വൻകരകളും ഭൂഖണ്ഡങ്ങളും
സ്വയം മറക്കുന്നു,
കുതിരകൾക്കുമേൽ കുമിയുന്ന
പന്തയ നാണയങ്ങളത്രയും
വെള്ളയും നീലയും കലർന്ന
പൂക്കളായ് മാറുന്നു,
ഭൂഗോളത്തെ എട്ടിഞ്ച് വ്യാസമുള്ള
ഒരു തുകൽപന്താക്കിമാറ്റി
കാറ്റിന്റെ കുസൃതിക്കയ്യിൽ
കൊടുത്തയക്കുന്നു,
നേർത്ത തുളകളുള്ള ആകാശച്ചെരുവിൽ
സൂര്യൻ ഞൊടിയിട അലകളുയർത്തുന്നു.
ആ മാന്ത്രികന്റെ
രഹസ്യങ്ങളെ തേടിപ്പോയവരാരും
ഇന്നുവരെ തിരിച്ചെത്താതിരിക്കെ
അയാൾക്കൊപ്പം ജനിച്ച
രണ്ടു പൂച്ചകളാണ്
അയാളുടെ കാലുകൾ.
മൈതാനത്ത് അയാളൊരു പെണ്ണ്,
എത്ര ദുർബലമായിരുന്നു
നമ്മുടെ കണ്ണുകളെന്ന്
ഒരു നിലാവ് നൃത്തം ചെയ്തുകൊണ്ടിരിക്കുന്നു.
അനിയന്ത്രിതമായ അതിന്റെ താളങ്ങളിലുലഞ്ഞ്
ഹൃദയം നിലച്ചുപോകുന്നു,
മാറിലെ മാത്സര്യവീര്യങ്ങളിലൊ-
ടുങ്ങുന്നൂ മദഗജങ്ങൾ,
അരക്കെട്ടിലെ അനന്തതയിൽ
പടയോട്ടങ്ങൾ മുഴുക്കെയും,
ഒരിക്കൽ പ്രവേശിച്ചു കഴിഞ്ഞാൽ
തിരിച്ചുവരവിനു വഴികളില്ലാത്ത
നിഗൂഢ മൈതാന, മവൾ,
അവൾക്കുമുന്നിൽ കീഴടങ്ങുന്നതിൽ-
ക്കവിഞ്ഞൊരു വിജയവും
ഉജ്ജ്വലമാക്കിയിട്ടില്ല ഒരാണിനേയും എന്നിരിക്കെ
പ്രിയപ്പെട്ടവളേ,
അവിടുത്തെ പാദങ്ങളിലെന്നെക്കൂടി
സ്വീകരിക്കുക, എക്കാലത്തേക്കും.
മൈതാനത്ത് അയാൾ
ലോകത്തിന്റെ കുശിനിക്കാരൻ,
വിശന്നുവലഞ്ഞ കുട്ടി
അമ്മയിലേക്കെന്ന പോലെ
അപ്പമുണ്ടാക്കാൻ തുടങ്ങുമ്പോൾ
ലോകം അയാൾക്കു ചുറ്റും
നിറഞ്ഞു തൂവുന്നു
അയാൾ അപ്പം ഉണ്ടാക്കുകയല്ല
അപ്പത്തെ സ്വപ്നം കാണുകമാത്രമാണ്,
എത്ര സ്വപ്നം കാണാമെന്നല്ല
എങ്ങനെ മഹത്തായ സ്വപ്നം കാണാമെന്നു
കുശിനിപ്പെടുകയാണയാൾ,
അയാളിൽ നിന്നും
ഒരിക്കൽ ശേഖരിച്ച അപ്പംകൊണ്ട്
ആളുകൾ എല്ലായ്‌പ്പോഴും വിശപ്പടക്കുന്നു.