പൊരുത്തക്കേട്

ലോക നഴ്സസ് ദിനം ആഘോഷിക്കുന്ന
തിങ്ങുന്ന മുറിക്കു പുറത്ത്​
തിളക്കമുള്ള പശ്ചാത്തലത്തിൽ
ആരോ ഏച്ചു വെച്ച ഇരു ചിറകുകൾ.

ആർക്കുവേണമെങ്കിലും
പൊരുത്തം നോക്കാവുന്നത്.

ആദ്യം കുറച്ചു പേർ വന്നു,
ചിറകുകൾ തോളോട് ചേരുന്നില്ല.

കുറച്ചുപേർക്ക് ചിറകൊക്കെ വെച്ചിട്ടും
മുഖത്തു തേജസ്സു വരുന്നില്ല.

ഒരു ഫോട്ടോയിലും
അവർ മാലാഖമാരാകുന്നില്ല.

ആ മുറിക്കുള്ളിലെ
ആവേശമാരുതൻ
വീട്ടിലേക്കുള്ള വഴിയിലൊന്നും
വീശുന്നില്ല.

എന്റെ ജനവാതിലിൽ
നടുകുഴിഞ്ഞും
ഇടക്കിടെ
പൊട്ടിവീണും
അമ്മയുടെ
പകുതി കീറിയ സാരിയുടെ
വലിപ്പം മാത്രമുള്ള
വലിച്ചു നീട്ടിക്കെട്ടിയ ആകാശം
ഒരേ സമയം
കെട്ട്യോളും
അമ്മയും
നഴ്സുമായി.

മുമ്മടങ്ങു മാലാഖയായിപ്പോയ
എന്നോട്
നീ ചിറക് കടം ചോദിക്കുമ്പോൾ
ചിരി വരുന്നു.

ജീവിതത്തിന്റെ ആകെ മധുരം
കീറക്കടലാസിൽ പൊതിഞ്ഞു
ഒരു നേരത്തെ
ചായക്ക്‌ തരുന്നു.

മധുരമിടാചായകൾ
എനിക്കെന്നേ ശീലമായിരിക്കുന്നു.

Comments